Idukki

അടിയന്തിര സാഹചര്യത്തിലല്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കുന്നതിന് നിയന്ത്രണം

Published by

തൊടുപുഴ: ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും കാലവര്‍ഷവുമായി ബന്ധപ്പട്ടുള്ള അടിയന്തിരസാഹചര്യം
നേരിടുന്നതിന് തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തന്നെ ഉണ്ടായിരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ റവന്യു ഭരണത്തിലെ സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നീ തസ്തികയിലുള്ള എല്ലാ ജീവനക്കാരും, ജില്ലാ തല ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയും, മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ തങ്ങളുടെ ജില്ലാ ഉദ്യോഗസ്ഥരുടെ അനുമതിയും കൂടാതെ അടിയന്തിര സാഹചര്യങ്ങളിലല്ലാതെ അവധി എടുക്കാന്‍ പാടില്ല.
തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ടും ഞായര്‍ ചൊവ്വ ദിവസങ്ങളില്‍ (25, 27) ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കൂടുതല്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാനുളള സാധ്യത മുന്‍നിര്‍ത്തി ഏതുതരത്തിലുള്ള ദുരന്തസാഹചര്യങ്ങളെയും നേരിടുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുന്നതിനും ആവശ്യമായ ജാഗ്രത പുലര്‍ത്തുന്നതിനും ജില്ലയിലെ ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവിമാര്‍ക്കും ജീവനക്കാര്‍ക്കും ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി നിര്‍ദേശം നല്‍കി.
സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള 2024 ലെ കാലാവര്‍ഷ – തുലാവര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖയിലെ (ഓറഞ്ച് ബുക്ക് 2024) മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിക്കുന്നത്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക