ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ നരേന്ദ്രമോദിയ്‌ക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി. “ആദ്യമേ ഓപ്പറേഷന്‍ സിന്ദൂറിന്റെ വന്‍ വിജയത്തിന് പ്രധാനമന്ത്രി മോദിയ്‌ക്ക് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഉരുക്കുനിശ്ചയവും നമ്മുടെ സൈനികരുടെ അസാധാരണമായ ധീരതയുടെയും ഉദാഹണമാണ് ഓപ്പറേഷന്‍ സിന്ദൂറിലെ ഈ തിളക്കമാര്‍ന്ന വിജയം.” – മുകേഷ് അംബാനി ഇത് പറഞ്ഞപ്പോള്‍ സദസ്സില്‍ നിലയ്‌ക്കാത്ത കരഘോഷമായിരുന്നു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനത്തിന് ആക്കം കൂട്ടാന്‍ ആവശ്യമായ നിക്ഷേപം സംഘടിപ്പിക്കാന്‍ ഒരുക്കിയ റൈസിംഗ് നോര്‍ത്ത് ഈസ്റ്റ് ഉച്ചകോടി 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഓരോ പ്രകോപനത്തിനും മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ സൈനികര്‍ കൃത്യതയോടെയും കരുത്തോടെയും മറുപടി നല്‍കി. ഭീകരതയ്‌ക്ക് മുന്‍പില്‍ ഇന്ത്യ കയ്യുംകെട്ടിനോക്കി നില്‍ക്കില്ലെന്ന് മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഇന്ത്യ കാണിച്ചുകൊടുത്തു. നമ്മുടെ മണ്ണിലോ നമ്മുടെ ജനങ്ങള്‍ക്കോ നേരെ ഉയരുന്ന ആക്രമണളെ ഇനി സഹിക്കാന്‍ പോകുന്നില്ല. നമുക്ക് നേരെ ഉയരുന്ന ഓരോ ഭീഷണിക്കും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു.”- അംബാനി പറഞ്ഞു.
“വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി അടുത്ത അഞ്ച് വര്‍ഷത്തേക്ക് 75000 കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിലയന്‍സ് ആകെ നടത്തിയ നിക്ഷേപം 30,000 കോടി മാത്രമായിരുന്നു. പക്ഷെ ഇനി വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ അതിന്റെ ഇരട്ടിയാണ് നിക്ഷേപിക്കുക. “- അംബാനി പറഞ്ഞു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 4.5 കോടി ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും റിലയന്‍സിന്റെ നിക്ഷേപം. 25 ലക്ഷം പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതികള്‍ എന്നും മുകേഷ് അംബാനി പറഞ്ഞു.
റിലയന്‍സ് ഫൗണ്ടേഷന്‍ ഈ മേഖലയിലെ ആരോഗ്യ കായികമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. ഈ മേഖലയില്‍ 5 ജി സേവനം കൂടുതല്‍ പേരിലേക്ക് എത്തിക്കും. ഇപ്പോള്‍ 50 ലക്ഷത്തോളം വരിക്കാര്‍ ഉണ്ട്. റിലയന്‍സ് റീട്ടെയില്‍ ഈ മേഖലയിലെ കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ ശേഖരിക്കും. എഫ് എംസിജി (അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉല്‍പന്നങ്ങള്‍) ഫാക്ടറി സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: