ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തി. ആദ്യ ഷോകള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് സിനിമയില്‍ നടന്‍ കാഴ്‌ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചര്‍ച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്കെത്തിക്കുന്നത്.
പതിഞ്ഞ താളത്തില്‍ ആരംഭിച്ച് മികച്ച ഇന്റര്‍വെല്‍ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേര്‍ത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ നിര്‍ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍ സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന്‍ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാര്‍ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാല്‍ തന്നെ സംവിധായകന്‍ അനുരാജ് മനോഹര്‍ ഒരു സംവിധായകന്‍ എന്ന നിലക്ക് കൂടുതല്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിന്‍ ജോസഫ് യഥാര്‍ത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതില്‍ കാണിച്ചിരിക്കുന്ന ബ്രില്ല്യന്‍സി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്‌സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്‌പോണ്‍സ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണര്‍ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്‌സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയില്‍ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീര്‍ മുഹമ്മദ്ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് – അമല്‍ സി ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ്- സോണി മ്യൂസിക് സൗത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: