ധാക്ക: ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യഉപദേശകന്‍ മുഹമ്മദ് യൂനസ് രാജിവെയ്‌ക്കുമെന്ന് ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. സൈന്യത്തോട് കൂടിയാലോചിക്കാതെ പല തീരുമാനങ്ങള്‍ എടുക്കുന്നതിനെതിരെയും പൊതു തെരഞ്ഞെടുപ്പ് നടത്താത്തതിന്റെ പേരിലും ബംഗ്ലാദേശ് സൈന്യം മുഹമ്മദ് യൂനസിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വേണ്ടി ഏറ്റവുമൊടുവില്‍ യുഎസ് പ്രസിഡന്‍റ് ട്രംപിനെ സന്തോഷിപ്പിക്കാന്‍ അമേരിക്കയുടെ ആവശ്യമായ രാഖിനെ ഇടനാഴി തുറക്കാമെന്ന് പ്രഖ്യാപിച്ചതിന്റെ പേരിലും സൈന്യം മുഹമ്മദ് യൂനസിന്റെ തൊലി ഉരിയുന്ന തരത്തില്‍ ചീത്ത വിളിച്ചിരുന്നു. ഇതെല്ലാം ചേര്‍ന്നുള്ള മാനസികസമ്മര്‍ദ്ദമാണ് രാജിവെയ്‌ക്കുമെന്ന് പ്രഖ്യാപിക്കാന്‍ മുഹമ്മദ് യൂനസിനെ പ്രേരിപ്പിക്കുന്നത്.
നല്ല രീതിയില്‍ ഭരണം മുന്നോട്ട് കൊണ്ടുപോവുകയായിരുന്ന പ്രധാനമന്ത്രി ഷേഖ് ഹസീനയെ മതത്തിന്റെ പേരില്‍ ജമാ അത്തെ ഇസ്ലാമി സ്ഥാനഭ്രഷ്ടയാക്കുകയായിരുന്നു. ഈ കലാപത്തിന് ആക്കം കൂട്ടിയ നേതാവാണ് മുഹമ്മദ് യൂനസ്. നോബല്‍ സമ്മാനം നല്‍കിയും മൈക്രോ ഫിനാന്‍സ് രംഗത്തെ കുലപതിയെന്ന കീര്‍ത്തി ചക്രം നല്‍കിയും ഡീപ് സ്റ്റേറ്റ് തന്നെ വളര്‍ത്തിയ നേതാവാണ് മുഹമ്മദ് യൂനസ്. ഡീപ് സ്റ്റേറ്റ് ശക്തികളുടെ നിര്‍ദേശപ്രകാരം മുഹമ്മദ് യൂനസ് ഷേഖ് ഹസീനയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികളുടെ കലാപത്തിന് വീര്യം പകര്‍ന്നിരുന്നു. പിന്നീട് മോദി അഭയം വാഗ്ദാനം ചെയ്തതോടെ ഷേഖ് ഹസീന ഇന്ത്യയിലേക്ക് പറന്നതോടെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ പ്രതിനിധിയായ മുഹമ്മദ് യൂനസ് പിന്‍വാതിലിലൂടെ ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിന്റെ മുഖ്യ ഉപദേശകനായി രംഗത്തെത്തുകയായിരുന്നു. ആദ്യ നാളുകളില്‍ എല്ലാവരും മുഹമ്മദ് യൂനസിനെ പിന്തുണച്ചിരുന്നു. ജമാ അത്തെ ഇസ്ലാമി, ബംഗ്ലാദേശ് സൈന്യം, മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി, തീവ്ര ഇസ്ലാമിക ശക്തികള്‍ എന്നിവരുടെ കണ്ണിലുണ്ണിയായി മുഹമ്മദ് യൂനസ്. പക്ഷെ പത്ത് മാസത്തെ ഇടക്കാല ഭരണത്തിനുള്ളില്‍ എല്ലാവരും മുഹമ്മദ് യൂനസിനെ വെറുത്തു. വാഗ്ദാനം ചെയ്ത ഒരു കാര്യങ്ങളും അദ്ദേഹത്തിന് യാഥാര്‍ത്ഥ്യമാക്കാന്‍ ആയില്ല. ബംഗ്ലാദേശാകട്ടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തി. ഇതിന് പിന്നാലൊണ് ബംഗ്ലാദേശിന്റെ ദേശീയ സുരക്ഷയ്‌ക്ക് ഹാനികരമാവുന്ന രാഖിനെ ഇടനാഴി തുറക്കാമെന്ന് യുഎസിന് വാക്കുകൊടുത്തത്. മ്യാന്‍മറിലെ പ്രദേശമാണ് രാഖിനെ. അവിടെ രോഹിംഗ്യകളും അവിടുത്തെ സൈനിക ശക്തിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. അതിനിടെ കിഴക്കന്‍ ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ രാഖിനെ ഇടനാഴി തുറന്നാല്‍ രോഹിംഗ്യകള്‍ മുഴുവന്‍ ബംഗ്ലാദേശിലേക്ക് കൂട്ടത്തോടെ ചേക്കേറുമെന്ന് ബംഗ്ലാദേശ് സൈന്യം ഭയപ്പെടുന്നു. ജമാ അത്തെ ഇസ്ലാമിക്കോ, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്കോ ഒന്നും ഈ നിര്‍ദേശം അംഗീകരിക്കാനാവില്ല. കാരണം ബംഗ്ലാദേശിന്റെ രാജ്യ സുരക്ഷയ്‌ക്ക് തന്നെ ഇത് അപകടമാണെന്ന് കരുതുന്നു.
എന്തായാലും പിന്‍വാതിലിലൂടെ അധികാരത്തില്‍ കയറിയ മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. സൈന്യം തന്നെ ബംഗ്ലാദേശിലെ അധികാരം പിടിച്ചെടുത്തേക്കുമോ എന്നും ആശങ്ക ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: