India

കർണാടകയിൽ കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ആഹ്ളാദ പ്രകടനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Published by

ബെംഗളൂരു: ഹാവേരിയിൽ 26 വയസ്സുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ആഹ്ലാദപ്രകടനം. കാറുകളും ബൈക്കുകളും അണിനിരന്ന റാലി സംഘടിപ്പിച്ചായിരുന്നു പ്രതികളുടെ വിജയാഘോഷം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹാവേരിയിലെ അക്കി ആളൂര്‍ ടൗണിലാണ് ആഘോഷം അരങ്ങേറിയത്. ഹാവേരി സബ് ജയിലിൽ നിന്ന് മോചിതരായ പ്രതികളെ ഘോഷയാത്രയോടെയാണ് അക്കി ആളൂർ പട്ടണത്തിലേക്ക് കൊണ്ടുപോയത്. മോട്ടോർ സൈക്കിളുകൾ, കാറുകൾ, മുദ്രാവാക്യങ്ങൾ, വിജയ ചിഹ്നങ്ങൾ ഉയർത്തിക്കാട്ടൽ എന്നിവ ഉൾപ്പെടുന്ന ഘോഷയാത്രയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ആഘോഷം പ്രകടനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രതികളുടെ ഇത്തരം പെരുമാറ്റം ജാമ്യ വ്യവസ്ഥകളുടെ ലംഘനമാകാമെന്ന് നിയമവിദഗ്‌ദ്ധർ അഭിപ്രായപ്പെട്ടു.
പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും അവരുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപ്പീൽ നൽകുകയും ചെയ്യുമെന്ന് ഹാവേരി പോലീസ് സൂപ്രണ്ട് അൻഷു കുമാർ ശ്രീവാസ്തവയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഒന്നരവര്‍ഷം മുമ്പ് ഹാവേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന ഏഴ് പ്രതികളാണ് കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയത്. അഫ്താബ് ചന്ദനക്കട്ടി, മദാര്‍ സാബ്, സമിവുള്ള ലാലന്‍വാര്‍, മുഹമ്മദ് സാദിഖ്, ഷൊയ്ബ് മുല്ല, തൗസിപ് ഛോട്ടി, റിയാസ് സാവികേരി എന്നിവരാണ് കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയ പ്രതികള്‍. 2023 ജനുവരി എട്ടിനായിരുന്നു ഇവരടക്കമുള്ള പ്രതികള്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്തത്.

ഹാവേരിയിലെ ഹോട്ടലില്‍ മുറിയെടുത്ത വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട യുവതിയെയും യുവാവിനെയും പ്രതികള്‍ ആദ്യം ആക്രമിക്കുകയായിരുന്നു. ഹോട്ടല്‍മുറിയിലേക്ക് അതിക്രമിച്ചുകയറിയ പ്രതികള്‍ ഇരുവരെയും മര്‍ദിച്ചു. പിന്നാലെ യുവതിയെ സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സദാചാര ഗുണ്ടായിസത്തിനാണ് സംഭവത്തില്‍ പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയതോടെയാണ് ബലാത്സംഗവും പുറത്തറിഞ്ഞത്. ഇതോടെ പ്രതികള്‍ക്കെതിരേ കൂട്ടബലാത്സംഗത്തിനും കേസെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by