Kerala

നമ്മുടെ കൊച്ചു മയ്യഴി വലിയൊരു മയ്യഴിയായി മാറിയിരിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എഴുത്തുകാരൻ എം.മുകുന്ദൻ

ഏതൊരു നാട്ടിൻ്റെയും ചരിത്രത്തിൽ റെയിൽവേ സ്റ്റേഷനുകൾക്ക് വലിയ പങ്കുണ്ട്. ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയി അന്ത്യശാസം വലിച്ചത് റെയിൽ വേസ്റ്റേഷനിൽ കിടന്നുകൊണ്ടാണ്. എസ്. കെ പൊറ്റക്കാട് കക്ഷത്തിലൊരു ബാഗുമായി പതിവായി വന്നിറങ്ങിയിരുന്നത് ഈ കൊച്ചു റെയിൽവേ സ്റ്റേഷനിലാണ്.

Published by

മാഹി: അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി മാഹി റെയിൽവേ സ്റ്റേഷൻ പുതുക്കിപ്പണിതതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എഴുത്തുകാരൻ എം. മുകുന്ദൻ. സ്വപ്നം കാണാത്ത ഒരു റെയിൽവേ സ്റ്റേഷനാണ് നമുക്ക് ലഭിച്ചത്. ഇതുപോലൊരു ആധുനിക റെയിൽവേ സ്റ്റേഷൻ നമുക്ക് നൽകിയതിന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറയണം. എന്റെ പക്ഷത്ത് നിന്നും നന്ദിപറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ കൊച്ചു മയ്യഴി വലിയൊരു മയ്യഴിയായി മാറിയിരിക്കുന്നു. പുതുച്ചേരി സർക്കാർ, ലഫ്റ്റ. ഗവർണർ, പാലക്കാട് ഡിവിഷൻ തുടങ്ങി എല്ലാവരുടെയും ശ്രമഫലമായിട്ടാണ് നമുക്ക് ഇത്തരത്തിലൊരു ആധുനിക റെയിൽവേ സ്റ്റേഷൻ കിട്ടിയത്. ഏതൊരു നാട്ടിന്റെയും ചരിത്രത്തിൽ റെയിൽവേ സ്റ്റേഷനുകൾക്ക് വലിയ പങ്കുണ്ട്. ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയി അന്ത്യശാസം വലിച്ചത് റെയിൽ വേസ്റ്റേഷനിൽ കിടന്നുകൊണ്ടാണ്. എസ്. കെ പൊറ്റക്കാട് കക്ഷത്തിലൊരു ബാഗുമായി പതിവായി വന്നിറങ്ങിയിരുന്നത് ഈ കൊച്ചു റെയിൽവേ സ്റ്റേഷനിലാണ്.

വല്ലപ്പോഴുമൊക്കെ വൈക്കം മുഹമ്മദ് ബഷീറും ഈ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമായിരുന്നു. 40 വർഷം നീണ്ടു നിന്ന എന്റെ പ്രവാസ ജീവിതം തുടങ്ങുന്നത് ഈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. പുകയും ആവിയും തീപ്പൊരിയും പറപ്പിക്കുന്ന ഒരു കൊച്ചു തീവണ്ടിയിലായിരുന്നു എന്റെ യാത്രയെന്നും അദ്ദേഹം ഓർമ്മിച്ചു.

12 കോടിയിലേറെ രൂപ ചെലവിട്ട് നവീകരിച്ച മാഹി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എം. മുകുന്ദൻ. രാജ്യത്തെ നവീകരിച്ച 103 റെയിൽവേ സ്റ്റേഷനുകളാണ് വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. മാഹി റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പുതുച്ചേരി ലഫ്. ഗവർണർ കെ. കൈലാസനാഥൻ മുഖ്യാതിഥിയായിരുന്നു.

പാലക്കാട് ഡിവിഷനിലുള്ള വടകര, മാഹി സ്റ്റേഷനുകളുടെ നവീകരണത്തിനായി മൊത്തം 42.08 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ വടകര റെയിൽവേ സ്റ്റേഷനു വേണ്ടി 29.47 കോടി രൂപയും മാഹി സ്റ്റേഷനുവേണ്ടി 12.61 കോടി രൂപയും വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. യാത്രക്കാരുടെ തിരക്ക് ഉൾക്കൊള്ളുന്നതിനായി രണ്ട് സ്റ്റേഷനുകളിലെയും ബുക്കിംഗ് ഓഫീസും ടിക്കറ്റിംഗ് ഏരിയകളും വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

തിരക്കേറിയ സമയങ്ങളിലെ തിരക്ക് കുറയ്‌ക്കുന്നതിനായി അധിക ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ (എടിവിഎമ്മുകൾ) സ്ഥാപിച്ചിട്ടുണ്ട്. യാത്രാനുഭവം മനോഹരമാക്കാനായി പ്രദേശത്തിന്റെ സാംസ്കാരിക സമ്പന്നതയും കലാപരമായ പൈതൃകവും പ്രതിഫലിപ്പിക്കും വിധം സ്റ്റേഷന്റെ ഉൾഭാഗങ്ങൾ പ്രാദേശിക ചുവർചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. ആധുനിക രൂപകൽപ്പനയിൽ നവീകരിച്ച സ്റ്റേഷനുകൾ ലോകോത്തര സൗകര്യങ്ങൾ, മെച്ചപ്പെട്ട പ്രവേശനക്ഷമത, മെച്ചപ്പെട്ട യാത്രാ സുഖസൗകര്യങ്ങൾ എന്നിവ പ്രദാനം ചെയ്യുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക