ന്യൂദല്‍ഹി: ഭീകരതയ്‌ക്കെതിരെയുള്ള ഭാരതത്തിന്റെ നടപടികള്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് ജപ്പാന്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാരതത്തിന്റെ നിലപാട് വിശദീകരിക്കാന്‍ ടോക്കിയോയില്‍ എത്തിയ സഞ്ജയ് കുമാര്‍ ഝാ എംപിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ ജപ്പാന്‍ വിദേശകാര്യ മന്ത്രി തകേഷി ഇവായയാണ് നിലപാട് വ്യക്തമാക്കിയത്. ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഭാരതത്തിനും ലോകത്തിനും ജപ്പാന്റെ ഐക്യദാര്‍ഢ്യവും അദ്ദേഹം അറിയിച്ചു.
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയും ലിബറല്‍ ഡെമോ ക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റും ജപ്പാന്‍-ഇന്ത്യ അസോസിയേഷന്‍ ചെയര്‍മാനുമായ യോഷിഹിഡെ സുഗയെയും ജപ്പാനിലെ ദേശീയ സുരക്ഷയെക്കുറിച്ചുള്ള പ്രതിനിധിസഭയുടെ ചെയര്‍മാന്‍ തകാഷി എന്‍ഡോയെയും പ്രതിനിധി സംഘം സന്ദര്‍ശിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും ഭാരതം സ്വീകരിച്ച തുടര്‍നടപടികളെക്കുറിച്ചും സംഘം വിശദീകരിച്ചു. നയതന്ത്ര വിദഗ്ധന്‍ സതോരു നഗാവോ അടക്കമുള്ളവരെയും സന്ദര്‍ശിച്ചു. ടോക്കിയോയിലെ എഡോഗാ വയിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പ്രതിനിധി സംഘം പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: