കാസര്‍ഗോഡ് : മഡിയനില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മാണിക്കോത്ത് അസീസിന്റെ മകന്‍ അഫാസ്, കുടക് സ്വദേശി ആഷിം എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ആഷിമിന്റെ സഹോദരന്‍ അന്‍വര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മഡിയന്‍ പാലക്കി പഴയപള്ളി കുളക്കടവില്‍ ഇരിക്കുകയായിരുന്ന കുട്ടികള്‍ അപകടത്തില്‍ പെടുകയായിരുന്നു. അഞ്ചു കുട്ടികള്‍ അടങ്ങുന്ന സംഘത്തില്‍ ഒരാളുടെ ചെരിപ്പ് കുളത്തില്‍ വീണു. ഇത് എടുക്കാന്‍ ശ്രമിക്കവെ മൂന്ന് പേര്‍ കാല്‍ തെന്നി വീഴുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളാണ് അപകടം പള്ളിയില്‍ ഉണ്ടായിരുന്നവരെ അറിയിച്ചത്. ഉടന്‍ തന്നെ കുട്ടികളെ കരയ്‌ക്ക് എത്തിച്ചെങ്കിലും മാണിക്കോത്ത് അസീസിന്റെ മകന്‍ അഫാസ്, കുടക് സ്വദേശി ഹൈദരുടെ മകന്‍ ആഷിം എന്നിവര്‍ മരിച്ചു.
പള്ളിയില്‍ എത്തുന്നവരുടെ ആവശ്യാര്‍ത്ഥമാണ് പകല്‍ സമയങ്ങളില്‍ കുളത്തിന്റെ ഗേറ്റ് തുറന്ന് ഇടുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: