തിരുവനന്തപുരം : ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. സുകാന്ത് ഒളിവിലായിട്ട് 2 മാസമായില്ലേ, എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും കോടതി ചോദിച്ചു. ആധുനിക കാലത്ത് ഒരു വ്യക്തിക്കെങ്ങിനെ ഇത്രയധികം കാലം ഒളിവിൽ കഴിയാനാകുമെന്നും കോടതി വ്യക്തമാക്കി.
സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്‌ച്ച വിധി പറയും . ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ട് 2 മാസം കഴിഞ്ഞു. സുകാന്തിനെ സംരക്ഷിക്കുകയാണ് പൊലീസ് എന്നാരോപിച്ചുകൊണ്ട് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സുകാന്തിന്റെ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
സുകാന്തിനൊപ്പം ഇവർ ഒളിവിലായിരുന്നു. അതേസമയം ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി.
മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: