ന്യൂദൽഹി : ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ് മിസൈൽ. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ ലക്ഷ്യങ്ങളിലേക്ക് പറക്കാൻ ബ്രഹ്മോസിന് സാധിക്കും.
2022-ൽ ഫിലിപ്പീൻസുമായി ഒപ്പുവച്ച 375 മില്യൺ ഡോളറിന്റെ കരാർ ഉൾപ്പെടെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. സൈന്യത്തിനും നേവിക്കും ഉപയോഗിക്കാനുള്ള ബ്രഹ്മോസ് മിസൈലുകൾ വിയറ്റ്നാം ഇന്ത്യയിൽ നിന്നും വാങ്ങാനൊരുങ്ങുന്നുണ്ട്. തായ്‌ലൻഡ്, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീൽ, ചിലി, അർജൻറീന, വെനസ്വലെ, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ദക്ഷിണാഫ്രിക്ക, ബൾഗേറിയ എന്നി രാജ്യങ്ങളും മിസൈലിനായി പല ഘട്ടത്തിലുള്ള ചർച്ചകളിലാണ്.
ഇന്ത്യയുടെ ഹ്രസ്വദൂര മിസൈലായ ആകാശ് മിസൈൽ ഡിആർഡിഒ വികസിപ്പിച്ചതാണ്. ഭാരത് ഡൈനാമിക് ലിമിറ്റഡാണ് നിർമാണം. പാക്ക് വ്യോമാക്രമണങ്ങളെ തകർത്തതിൽ വലിയ പങ്ക് ആകാശിനുണ്ട്. 25 കിലോമീറ്റർ പരിധിയിലുള്ള നാല് വ്യോമ ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാൻ ആകാശിന് കഴിയും.
എവിടെ നിന്നും പ്രയോഗിക്കാൻ സാധിക്കുമെന്നതാണ് ആകാശിന്റെ ഗുണം. മിസൈലുകൾ, ഡ്രോണുകൾ, വിമാനങ്ങൾ എന്നിവയെ തടയാൻ ഇതിന് സാധിക്കും. അർമേനിയയിലേക്ക് 15 ആകാശ് യൂണിറ്റുകൾ കയറ്റുമതി ചെയ്യുന്നതിനായി ഇന്ത്യ 2022 ൽ കരാറിലെത്തിയിരുന്നു. ബ്രസീലും ഈജിപ്തും ആകാശിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക