India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

Published by

സിന്ധ് : സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കോപാകുലരായ പ്രതിഷേധക്കാർ സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രി സിയാ-ഉൽ-ഹസൻ ലഞ്ചറിന്റെ വീടിന് തീയിട്ടതോടെ സ്ഥിതിഗതികൾ വഷളായി.

സുരക്ഷയും പൊതുജനങ്ങളുടെ രോഷവും കൈകാര്യം ചെയ്യാനുള്ള സർക്കാരിന്റെ കഴിവിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ എകെ-47 ഉം മറ്റ് തോക്കുകളും കൈകളിൽ പിടിച്ച് തുറസ്സായ സ്ഥലത്ത് കറങ്ങുന്നതായി കാണിക്കുന്ന നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

സിന്ധു നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ ഒരു കനാൽ നിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. പ്രധാനമായും പഞ്ചാബിലേക്കുള്ള ജലവിതരണം വർദ്ധിപ്പിക്കുന്നതിനായാണിത് . എന്നാൽ സിന്ധിലെ തദ്ദേശവാസികൾ ഈ പദ്ധതി തങ്ങളുടെ കൃഷിയിടങ്ങളെയും ജലസ്രോതസ്സുകളെയും തകർക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇതിനകം തന്നെ ജലക്ഷാമം നേരിടുന്നുണ്ടെന്നും ഈ പദ്ധതി കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും അവർ പറയുന്നു.

നാട്ടുകാർ ദേശീയ പാത ഉപരോധിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം ആരംഭിച്ചത്. പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നയിച്ചു. അക്രമത്തിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോറോയിലെ ആഭ്യന്തര മന്ത്രിയുടെ വീടും പ്രതിഷേധക്കാർ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു.

ആശുപത്രിയിൽ പോലും പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ ആക്രമിച്ചു . പ്രതിഷേധക്കാർ യൂറിയ വളം കൊണ്ടുവന്ന ട്രക്കുകൾ കൊള്ളയടിക്കുകയും പിന്നീട് അവയ്‌ക്ക് തീയിടുകയും ചെയ്തു.പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ബിലാവൽ ഭൂട്ടോ സർദാരി ആക്രമണത്തെ അപലപിച്ചു. അക്രമത്തെ നിയമലംഘനമാണെന്ന് വിശേഷിപ്പിച്ച് കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ലഞ്ചർ മുന്നറിയിപ്പ് നൽകി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by