India

പുൽവാമയിൽ ഭീകരരുടെ അന്തകനായ മേജർ ആശിഷ് ദഹിയയ്‌ക്ക് ശൗര്യ ചക്ര സമ്മാനിച്ചു

2022 ജൂൺ മുതൽ അഞ്ച് ഉയർന്ന അപകടസാധ്യതയുള്ള ഓപ്പറേഷനുകളിലായി നാല് തീവ്രവാദികളെയും മൂന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങളെയും നിർവീര്യമാക്കുന്നതിൽ മേജർ ആശിഷ് ദഹിയ മികച്ച സൈനിക പ്രവർത്തനമാണ് കാഴ്ച വച്ചത്

Published by

ന്യൂദൽഹി : മേജർ ആശിഷ് ദഹിയയ്‌ക്ക് വ്യാഴാഴ്ച രാഷ്‌ട്രപതി ഭവനിൽ വെച്ച് ശൗര്യ ചക്ര സമ്മാനിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിച്ചതായി പ്രഖ്യാപനം നടത്തിയത്. ഇപ്പോൾ രാഷ്‌ട്രപതി അദ്ദേഹത്തെ ആദരിച്ചു.

2022 ജൂൺ മുതൽ അഞ്ച് ഉയർന്ന അപകടസാധ്യതയുള്ള ഓപ്പറേഷനുകളിലായി നാല് തീവ്രവാദികളെയും മൂന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങളെയും നിർവീര്യമാക്കുന്നതിൽ മേജർ ആശിഷ് ദഹിയ മികച്ച സൈനിക പ്രവർത്തനമാണ് കാഴ്ച വച്ചത്.

2024 ജൂൺ 2-ന് പുൽവാമ ജില്ലയിലെ ഒരു ഗ്രാമത്തിൽ മേജർ ദഹിയ ഒരു ഓപ്പറേഷന് നേതൃത്വം നൽകി. ഭീകരർക്കെതിരായ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മേജർ ദഹിയ കൃത്യമായി പ്രതികരിക്കുകയും ഓടിപ്പോയ ഭീകരനെ പരിക്കേൽപ്പിക്കുകയും ചെയ്തു.

കനത്ത വെടിവയ്പിനിടയിൽ തീവ്രവാദി ഒരു ഗ്രനേഡ് എറിഞ്ഞത് അദ്ദേഹത്തിന്റെ ഓപ്പറേഷനിലെ സഹപ്രവർത്തകന് പരിക്കേറ്റു. എന്നാൽ സ്വന്തം ജീവൻ പോലും പരിഗണിക്കാതെ മേജർ ദഹിയ ഉടൻ തന്നെ ഇഴഞ്ഞു നീങ്ങി തന്റെ സഹപ്രവർത്തകനെ രക്ഷപ്പെടുത്തുകയും ചെയ്തു. നിർണ്ണായകമായ ഈ ഓപ്പറേഷന്റെ ധീരമായ ആസൂത്രണത്തിനും നിസ്വാർത്ഥമായ പ്രതിബദ്ധതയ്‌ക്കുമാണ് മേജർ ആശിഷ് ദഹിയയ്‌ക്ക് ശൗര്യ ചക്ര അവാർഡ് സമ്മാനിച്ചത്.

അതേ സമയം ആശിഷ് ദഹിയയുടെ കുടുംബം എപ്പോഴും രാജ്യസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ആർമിയിൽ ലാൻസ് നായിക് ആയിരുന്നു. സഹോദരൻ അനീഷും ആർമിയിൽ മേജറാണ്. ആശിഷിന്റെ ഭാര്യ അനുഷയും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ്. ഹരിയാനയിലെ സോണിപത്ത് സ്വദേശിയാണ് ആശിഷ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക