Main Article

ഭാരതാംബയുടെ അഗ്‌നിപുത്രി

ഉള്ളാള്‍ ജനതയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് റാണി അബ്ബക്ക. അവരുടെ ഓര്‍മ്മയെ മാനിക്കുന്നതിനായി വീര റാണി അബ്ബക്ക ഉത്സവം പ്രതിവര്‍ഷം ഉള്ളാളില്‍ നടക്കുന്നു

Published by

ധിനിവേശത്തിനെതിരെ ജനകീയ പോരാട്ടം നയിച്ച ധീരവനിതയാണ് കര്‍ണാടകയിലെ ഉള്ളാള്‍ നാട്ടുരാജ്യത്തിന്റെ അമര നായികയായിരുന്ന റാണി അബ്ബക്ക ചൗത. കേരളത്തിന്റെ തൊട്ടടുത്ത് മംഗലാപുരത്തിനടുത്തുള്ള ഉള്ളാള്‍ എന്ന തുളുനാട്ടിലെ റാണി. വടക്ക് ഗംഗാവലിപ്പുഴയ്‌ക്കും തെക്ക് ചന്ദ്രഗിരിപ്പുഴയ്‌ക്കും ഇടയില്‍ കേരളത്തിന്റെ തുടര്‍ച്ചയെന്നോണം സുഗന്ധദ്രവ്യങ്ങള്‍ വിളയുന്ന ദേശം. പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട് വഴി എത്തി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവരെ മറക്കാനാവാത്ത പാഠം പഠിപ്പിച്ചു ഈ ഐതിഹാസികയായ യുവറാണി. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഝാന്‍സിയിലെ റാണിയുടെ ചരിത്രം എല്ലാവര്‍ക്കും പരിചിതമാണെങ്കിലും അതിനു മൂന്നു നൂറ്റാണ്ടിനു മുന്‍പ് പറങ്കികളോട് ദീര്‍ഘമായി പോരാടിയ തുളുനാടിന്റെ വീരനായികയായ ഉള്ളാളിലെ അബ്ബക്ക ചൗത റാണിയെ അറിയുന്നവര്‍ വിരളമാണ്.

റാണി അബ്ബക്ക ചൗതയുടെ ജീവിതം സ്ത്രീശക്തിക്ക് അതിരുകളില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഉള്ളാളിന്റെ തീരം പുല്‍കുന്ന അറബിക്കടല്‍ത്തിരകള്‍ക്കുപോലും അബ്ബക്ക മഹാദേവി എന്നറിയപ്പെടുന്ന അബ്ബക്ക റാണിയുടെ കഥ പറയാന്‍ കഴിയും. ആ പ്രദേശത്തെ അവരുടെ വ്യക്തിത്വം അത്രമാത്രം വലുതാണ്. നാടോടി ഇതിഹാസമായ അബ്ബക്കയുടെ കഥ നാടോടി ഗാനങ്ങളിലൂടെയും യക്ഷഗാനത്തിലൂടെയും, ജനപ്രിയ നാടോടി നാടകത്തിലൂടെയും തലമുറതലമുറയായി വിവരിക്കപ്പെടുന്നു. ആത്മാഭിമാനത്തിന്റെയും പോരാട്ട വീര്യത്തിന്റെയും അതിലുപരി മാതൃരാജ്യ സ്‌നേഹത്തിന്റെയും വീരഗാഥകള്‍ എന്തെന്ന് അറിയുന്നതിനായി നമുക്ക് ചരിത്രത്താളുകളിലെ മറവികളിലേക്ക് ഒരു യാത്ര പോകാം.

ഉള്ളാളിന്റെ രാജ്ഞി

അബ്ബക്കയുടെ രാജ്യത്തിന്റെ തലസ്ഥാനമായ ഉള്ളാള്‍ കോട്ട, മംഗലാപുരത്തുനിന്ന് ഏതാനും കിലോമീറ്റര്‍ അകലെ അറബിക്കടലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. രാജ്ഞി നിര്‍മ്മിച്ച മനോഹരമായ ശിവക്ഷേത്രവും രുദ്രപ്പാറ എന്നറിയപ്പെടുന്ന അതുല്യമായ പ്രകൃതിദത്ത പാറയും ഉള്ളതിനാല്‍ ഇവിടം തീര്‍ത്ഥാടന കേന്ദ്രവുമാണ്. ആര്‍ക്കൈവല്‍ രേഖകള്‍, നിരവധി പോര്‍ച്ചുഗീസ് സഞ്ചാരികളുടെ യാത്രാവിവരണങ്ങള്‍, ചരിത്ര വിശകലനം തുടങ്ങിയ സ്രോതസ്സുകള്‍ 1530 നും 1599 നും ഇടയില്‍ പോര്‍ച്ചുഗീസ് സൈന്യത്തിനെതിരെ പോരാടിയ മൂന്ന് അബ്ബക്കമാര്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നു: അമ്മയും രണ്ട് പെണ്‍മക്കളും. ഏറ്റവും ധീരയായവള്‍ രണ്ടാമത്തെ മകളാണെങ്കിലും, നാടോടിക്കഥകള്‍ മൂന്ന് അബ്ബക്കമാരെയും അബ്ബക്ക മഹാദേവി അഥവാ റാണി അബ്ബക്ക എന്നാണ് കണക്കാക്കുന്നത്.

തായ് വഴി സമ്പ്രദായം പിന്തുടര്‍ന്ന രാജവംശമായിരുന്നു ചൗത രാജവംശം. ദക്ഷിണ കന്നടയിലെ മംഗലാപുരത്തിനടുത്തുള്ള തുറമുഖരാജ്യമായിരുന്നു ഉള്ളാള്‍. ഭാരതത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്. കേരളത്തിനും കര്‍ണ്ണാടകയ്‌ക്കും ഇടയിലായി മംഗലാപുരത്തിന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതിചെയ്യുന്നത്. തിരുമലരായ ചൗത ഒന്നാമന്‍ (1160-1179) സ്ഥാപിച്ച ചൗത രാജവംശക്കാര്‍ ജൈനമതവിശ്വാസികളായിരുന്നുവെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളും ബ്യാരികളെന്ന് അറിയപ്പെടുന്ന മുസ്ലീങ്ങളുമായിരുന്നു. തെക്കേ ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്രാജ്യമായ വിജയനഗരസാമ്രാജ്യത്തിലെ ചക്രവര്‍ത്തി തിരുമലരായന്റെ അനന്തരവളായിരുന്നു ജൈനവിഭാഗകാരിയായ അബ്ബക്ക. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഗുജറാത്തില്‍ നിന്ന് തുളുനാട്ടിലേക്ക് ആദ്യം കുടിയേറിയ ജൈന രാജാക്കന്മാരായിരുന്നു ചൗതന്മാര്‍. ഇന്നത്തെ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ല, ഉഡുപ്പി, കേരളത്തിലെ കാസര്‍കോഡ് എന്നിവ ഉള്‍പ്പെടുന്ന പ്രവിശ്യയായിരുന്നു തുളുനാട്.

അമ്മാവനായ തിരുമലരായന്‍ അബ്ബക്കയെ അടുത്ത കിരീടാവകാശിയായി വാഴിക്കുകയും കുട്ടിയായിരുന്നപ്പോള്‍ തന്നെ യുദ്ധതന്ത്രങ്ങളിലും കായിക അഭ്യാസത്തിലും പരിശീലനം നല്‍കുകയും ചെയ്തു. സൈനിക ശാസ്ത്രത്തിലും യുദ്ധത്തിലും, പ്രധാനമായും അമ്പെയ്‌ത്ത്, വാള്‍ പോരാട്ടം എന്നിവയില്‍, അവള്‍ക്ക് തുല്യയായി മറ്റാരും ഉണ്ടായിരുന്നില്ല.
തീരത്ത് പോര്‍ച്ചുഗീസ് സാന്നിധ്യം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് അവള്‍ക്ക് ധാരണയുണ്ടായിരുന്നു, അതിനെ ചെറുക്കാനും തീരുമാനിച്ചു. മരുമക്കത്തായ സമ്പ്രദായം പി
ന്‍തുടര്‍ന്നിരുന്ന ചൗത രാജകുടുംബത്തിലെ രാജാവായ തിരുമലരായന്‍ തന്റെ മരുമകളായ അബ്ബക്കയെ ബൈന്ദൂരിലെ രാജാവായിരുന്ന ലക്ഷ്മപ്പ ബംഗാര അരസയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. ശക്തമായ ഈ രണ്ടു രാജവംശങ്ങള്‍ തമ്മിലുള്ള ബന്ധം പോര്‍ച്ചുഗീസുകാരെ നിരാശരാക്കി.

അല്പകാലം മാത്രമേ അബ്ബക്കയുടെ വിവാഹ ബന്ധം നീണ്ടുള്ളൂ. ലക്ഷ്മപ്പ പോര്‍ച്ചുഗീസുകാരുമായി വിട്ടുവീഴ്ച ചെയ്തതോടെയാണ് ഇവരുടെ വിവാഹ ബന്ധം തകര്‍ന്നത്. ഭര്‍ത്താവ് പോര്‍ച്ചുഗീസുകാര്‍ക്ക് കപ്പം കൊടുക്കുന്നതിനെ ചൊല്ലി അവര്‍ ഭര്‍ത്താവുമായി കലഹിച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഉള്ളാളിലേക്ക് മടങ്ങി. ഉള്ളാളിലെ രാജ്ഞിയായിരുന്ന സഹോദരിയുടെ മരണത്തിനു ശേഷം രാജ്യഭാരമേറ്റു അവര്‍. ലക്ഷ്മപ്പ പിന്നീട് അബ്ബക്കയോടുള്ള പ്രതികാരം തീര്‍ക്കാന്‍ പോര്‍ച്ചുഗീസുകാരുടെ കൂടെ ചേര്‍ന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യമാണ് കാലം. ഉള്ളാള്‍ പിടിച്ചെടുക്കാന്‍ പോര്‍ച്ചുഗീസുകാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അബ്ബക്ക അവരുടെ ഓരോ ആക്രമണത്തെയും തികഞ്ഞ ധൈര്യവും ചാതുര്യവും ഉപയോഗിച്ച് ചെറുത്തു. പോര്‍ച്ചുഗീസുകാര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ നിന്ന കോഴിക്കോട് സാമൂതിരി രാജാവുമായി കൈകോര്‍ത്തുതന്നെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒന്നിച്ചുനിര്‍ത്തി പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടി. അവരുടെ സൈന്യത്തില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഉണ്ടായിരുന്നു, അതില്‍ മോഗവീരന്മാരും ഒരു മത്സ്യത്തൊഴിലാളി സമൂഹവും ഉള്‍പ്പെടുന്നു. തെക്കന്‍ കാനറ തീരത്ത് പോര്‍ച്ചുഗീസുകാരുടെ ആദ്യ ആക്രമണം 1525-ല്‍ ആയിരുന്നു. അവര്‍ മംഗലാപുരം തുറമുഖം നശിപ്പിച്ചപ്പോള്‍ റാണി അബ്ബക്ക ഈ സംഭവത്തെക്കുറിച്ച് ജാഗ്രത പാലിച്ചു. തന്റെ രാജ്യം സംരക്ഷിക്കാന്‍ സ്വയം തയ്യാറെടുത്തു. വാസ്തവത്തില്‍ സാമൂതിരിയേക്കാള്‍ പോര്‍ച്ചുഗീസുകാര്‍ക്ക് കനത്ത ശാരീരിക ആഘാതമേല്പിച്ചത് അബ്ബക്ക റാണിയാണ്. മാത്രമല്ല തന്നില്‍ നിന്ന് പിരിഞ്ഞുപോകാന്‍ ചങ്കൂറ്റം കാണിച്ച അബ്ബക്കയോട് പകരം വീട്ടാന്‍ പോര്‍ച്ചുഗീസുകാര്‍ക്കൊപ്പം ചേര്‍ന്ന ഭര്‍ത്താവിനെതിരെയും പോരാടിയ സ്ത്രീശക്തി.

അടിപതറി പോര്‍ച്ചുഗീസ് സൈന്യവും

കോഴിക്കോട് കൈയ്യടക്കാനാവാതെ ഗോവ കീഴടക്കി പോര്‍ച്ചുഗീസുകാര്‍. ഗോവ കൈവശപ്പെടുത്തിയതിനു ശേഷം കേരള കൊങ്കണ്‍ തീരങ്ങളിലെ തുറമുഖങ്ങള്‍ കൈവശപ്പെടുത്തുവാന്‍ പറങ്കികള്‍ ശ്രമം ആരംഭിച്ചിരുന്നു. 1525ല്‍ മംഗലാപുരം തുറമുഖം അവര്‍ ആക്രമിച്ചു നശിപ്പിച്ചു. ഉള്ളാളിനുമേല്‍ പോര്‍ച്ചുഗീസുകാരുടെ ശ്രദ്ധ പതിഞ്ഞു. അപകടം മണത്തറിഞ്ഞ അബ്ബക്ക സമീപത്തെ പ്രധാന നാട്ടുരാജ്യങ്ങളുമായി സഖ്യത്തിലേര്‍പ്പെട്ടു. കോഴിക്കോട് സാമൂതിരിയും ബിഡനൂരിലെ വെങ്കിടപ്പ നായകയും അവരുടെ സംഖ്യരാജ്യങ്ങളായി. ഉള്ളാളിന്റെ വ്യാപാരത്തില്‍ നോട്ടമുള്ള പോര്‍ച്ചുഗീസുകാര്‍ അബ്ബക്ക റാണിയോട് കപ്പം നല്‍കണം എന്നാവശ്യപ്പെട്ടെങ്കിലും, റാണി അത് നിരസിച്ചു.

പോര്‍ച്ചുഗീസുകാരുടെ ആക്രമണങ്ങള്‍ക്കിടയിലും അക്കബ്ബയുടെ കപ്പലുകള്‍ അറബികളുമായി വ്യാപാരം തുടര്‍ന്നു. വേഗത്തില്‍ ഉള്ളാള്‍ കീഴടക്കാമെന്നു കരുതിയ പറങ്കിപ്പടക്ക് ആദ്യത്തെ ആക്രമണത്തില്‍ തന്നെ വലിയ തിരിച്ചടി റാണിയുടെ പട്ടാളത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നു.ഹിന്ദുക്കളും ബെയറി വിഭാഗക്കാരായ മുസ്ലിങ്ങളും ഉള്‍പ്പെട്ട വന്‍ പടയായിരുന്നു റാണിയുടെ ശക്തി. സാമൂതിരി രാജാവും ബിഡനൂര്‍ രാജാവ് വെങ്കടപ്പയും ബിജാപ്പൂര്‍ സുല്‍ത്താനുമായി ചേര്‍ന്ന് റാണി വലിയ സഖ്യം സ്ഥാപിച്ചു. സാമൂതിരിയുടെ നാവിക മേധാവിയായ കുട്ടി പോക്കര്‍ മരയ്‌ക്കാര്‍ റാണിയുടെ നാവികപ്പടയെയും നയിച്ചു. 1555 ല്‍ അഡ്മിറല്‍ ഡോം ആല്‍വേരോ ഡി സില്‍വേരയുടെയും തുടര്‍ന്ന് ജോവോ പിക്‌സ്റ്റോയുടെയും നേതൃത്വത്തില്‍ കടന്നാക്രമിച്ച പറങ്കിപ്പടയെ റാണി തുരത്തി.

1557ല്‍ പറങ്കികള്‍ മംഗലാപുരം ആക്രമിച്ച് പൂര്‍ണ്ണമായും നശിപ്പിച്ചു. 1558-ല്‍ പോര്‍ച്ചുഗീസ് സൈന്യം മംഗലാപുരത്ത് മറ്റൊരു ക്രൂരത നടത്തി. ചെറുപ്പക്കാരും പ്രായമായവരുമായ നിരവധി പുരുഷന്മാരെയും സ്ത്രീകളെയും കൊന്നു, ഒരു ക്ഷേത്രം കൊള്ളയടിച്ചു, കപ്പലുകള്‍ കത്തിച്ചു, ഒടുവില്‍ നഗരം തന്നെ തീയിട്ടു. 1567ല്‍ വീണ്ടും പോര്‍ച്ചുഗീസ് സൈന്യം ഉള്ളാള്‍ ആക്രമിച്ചു, മരണവും നാശവും വര്‍ഷിച്ചു. മഹാരാജ്ഞി അബ്ബക്ക അതെല്ലാം ചെറുത്തു.

1568ല്‍ പോര്‍ച്ചുഗീസ് വീണ്ടും ഉള്ളാളിനെ ആക്രമിച്ചു അബ്ബക്ക ശക്തമായി ചെറുത്തുനിന്നു. പോര്‍ച്ചുഗീസ് വൈസ്രോയിയായിരുന്ന ആന്റണി നൊറോണ സൈന്യത്തെ ജനറല്‍ ജോവോ പീക്സോട്ടോയുടെ നേതൃത്വത്തില്‍ ഉള്ളാള്‍ കീഴടക്കാനായി അയച്ചു. ആ സൈന്യം ഉള്ളാള്‍ പിടിച്ചെടുത്തെങ്കിലും അബ്ബക്കയെ പിടികൂടാനായില്ല. പറങ്കി സൈന്യം കൊട്ടാരത്തിലെത്തും മുന്‍പെ അവര്‍ രക്ഷപ്പെട്ടു ഒരു മുസ്‌ളിം പള്ളിയില്‍ ഒളിച്ചു. അന്നു രാത്രി 200 വിശ്വസ്ത പട്ടാളക്കാരുമായി അവര്‍ തിരിച്ചടിക്കാനെത്തി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ജോവോ പീക്സോട്ടോയും 70പോര്‍ച്ചുഗീസുകാരും കൊല്ലപ്പെട്ടു. നിരവധി പറങ്കി പട്ടാളക്കാര്‍ തടവിലാക്കപ്പെട്ടു. അബ്ബക്കയുടെ തുടര്‍ ആക്രമണങ്ങളെ നേരിടാനാവാതെ പറങ്കികള്‍ കഷ്ടപ്പെട്ടു. അധിനിവേശക്കാര്‍ അപമാനിതരായി അവരുടെ കപ്പലുകളിലേക്ക് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായി. അബ്ബക്ക റാണിയുടെ 500 ഓളം സൈനികര്‍ പോര്‍ച്ചുഗീസുകാരെ ആക്രമിക്കുകയും അഡ്മിറല്‍ മസ്‌കരന്‍ഹാസിനെ വധിക്കുകയും ചെയ്തു. വിദേശ സൈന്യത്തിന് മംഗലാപുരം കോട്ട വിടേണ്ടിവന്നു.

നാടോടിക്കഥകളിലെ നായിക

1569ല്‍ പറങ്കികള്‍ മംഗലാപുരം കോട്ടയും ബസ്രൂരും(കുന്ദാപൂര്‍)പിടിച്ചെടുത്തു. 1570ല്‍ അബ്ബക്ക സാമൂതിരിയുമായും ബീജാപ്പൂര്‍ സുല്‍ത്താനുമായും സൈനിക സഹകരണ കരാറിലേര്‍പ്പെട്ടു. സാമൂതിരിയുടെ സൈന്യാധിപനായിരുന്ന കുട്ടി പോക്കര്‍ മരയ്‌ക്കാര്‍ അബ്ബക്കയ്‌ക്കു വേണ്ടി മംഗലാപുരം കോട്ട ആക്രമിച്ചു നശിപ്പിച്ചെങ്കിലും തിരികെ പോകും വഴി കൊല്ലപ്പെട്ടു. നിരന്തര യുദ്ധം കൊണ്ട് റാണിയെ ജയിക്കാനാവില്ലെന്ന് കണ്ടെത്തിയ പോര്‍ച്ചുഗീസുകാര്‍ റാണിയുടെ മുന്‍ ഭര്‍ത്താവിനെ ഉയര്‍ന്ന പാരിതോഷികം നല്‍കി വശത്താക്കി. ഇയാളിലൂടെ റാണിയുടെ യുദ്ധതന്ത്രങ്ങള്‍ മനസിലാക്കി. ബിജാപ്പൂര്‍ സുല്‍ത്താന്റെയും കോഴിക്കോട് സാമൂതിരിയുടെയും അകമഴിഞ്ഞ സഹായം റാണിക്ക് ഉണ്ടായിരുന്നെങ്കിലും സ്വന്തം ഭര്‍ത്താവിന്റെ ചതി റാണിയെ തളര്‍ത്തി. യുദ്ധ തന്ത്രങ്ങള്‍ പലതും മനസ്സിലാക്കിയ പറങ്കി പട്ടാളം ഒടുവില്‍ അവരെ പിടികൂടി തടവുകാരിയാക്കി. കാരാഗൃഹത്തിലും പോരാടിയ റാണി അവിടെ വീരമൃത്യു പ്രാപിച്ചു. ആരെയും ഭയക്കാത്ത അഭയറാണി എന്നവര്‍ അറിയപ്പെട്ടു.

ജനകീയ ഭരണാധികാരിയായിരുന്ന അബ്ബക്ക ലളിത ജീവിതമാണ് നയിച്ചത്. ജനങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയായിരുന്ന അബ്ബക്കയുടെ ജീവിതകഥ മിത്തും സത്യവും ഇടകലര്‍ത്തിയാണ് ദക്ഷിണ കര്‍ണ്ണാടകത്തില്‍ പ്രചരിക്കപ്പെട്ടത്. യക്ഷഗാനത്തില്‍ ഇതിവൃത്തമായി ഇവരുടെയും രണ്ടു പെണ്‍മക്കളുടേയും പോരാട്ട കഥ പറയാറുണ്ട്. ചിലയിടങ്ങളില്‍ ഇവര്‍ ആരാധനാമൂര്‍ത്തിയാണ്. തദ്ദേശീയ നാടോടി രൂപങ്ങളില്‍ അബ്ബക്കയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.ഉള്ളാള്‍ ജനതയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് റാണി അബ്ബക്ക. അവരുടെ ഓര്‍മ്മയെ മാനിക്കുന്നതിനായി വീര റാണി അബ്ബക്ക ഉത്സവം പ്രതിവര്‍ഷം ഉള്ളാളില്‍ നടക്കുന്നു. 2023 ല്‍ ഭാരതീയ തപാല്‍ വകുപ്പ് റാണി അബ്ബക്കയുടെ ബഹുമാനാര്‍ത്ഥം ഒരു പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. കൂടാതെ ബന്ത്വാളില്‍ തുളു ബന്ധു മ്യൂസിയം ഉള്‍പ്പെടെയുള്ള മ്യൂസിയങ്ങളും വീര റാണി അബ്ബക്കയുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

(കേരള എന്‍ജിഒ സംഘ് സംസ്ഥാന വനിതാ ജോയിന്റ് കണ്‍വീനറാണ് ലേഖിക)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക