Kerala

അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി പീഡനത്തിനിരയായ സംഭവം ; പൊലീസുമായി സഹകരിക്കാതെ കസ്റ്റഡിയിലുള്ള ബന്ധു

കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു.

Published by

എറണാകുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞുകൊന്ന കേസിന്റെ സ്വഭാവം മാറുന്നു. കുട്ടിയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ നല്‍കിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് പുരോഗമിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശാരീരിക പീഡനം നടന്നതായി ഡോക്ടര്‍ സൂചന നല്‍കി. ഇന്നലെ കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രതിസ്ഥാനത്ത് അമ്മ മാത്രമല്ലെന്ന് ബോധ്യപ്പെടുകയാണ്. ഇതോടെ സംഭവത്തില്‍ പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോർട്ട് റിപ്പോർട്ടിന് പിന്നാലെ കുട്ടിയുടെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ,ചോദ്യം ചെയ്യലിൽ പ്രതി പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പോലീസ് പ്രതിയെ ചോദ്യം ചെയ്യുന്നത്. വിശദമായ ഫോറൻസിക് പരിശോധനയ്‌ക്കും പരമാവധി തെളിവ് ശേഖരണത്തിനും ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കാക്കനാട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അമ്മയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് കൂടുതൽ വ്യക്തത വരുത്താനാണ് പോലീസ് നീക്കം.കുട്ടിയുടെ ബന്ധു ആരാണെന്നത് അടക്കമുള്ള വിശദാംശങ്ങൾ ഇന്ന് റൂറൽ എസ്പി എം ഹേമലത മാധ്യമങ്ങളോട് വിശദീകരിക്കും.

ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്‌ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by