തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ അസോസിയേഷനുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാര്‍ ഉത്തരവിട്ടു.
കോഴിക്കോട് ബാര്‍ അസോസിയേഷന് എതിരെ അഡ്വ. ടി.കെ. സത്യനാഥന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ ഉത്തരവിട്ടത്. കോഴിക്കോട് ബാര്‍ അസോസിയേഷനില്‍ അഡ്വ. ടി.കെ. സത്യനാഥന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്‌ക്ക് മറുപടി കിട്ടാത്തതിനേത്തുടര്‍ന്നാണ് കമ്മീഷനില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ബാര്‍ അസോസിയേഷനുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന ന്യായം നിരത്തിയാണ് മറുപടി നിഷേധിച്ചതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്.
സര്‍ക്കാര്‍ വക ഭൂമിയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകരഹിതമായിട്ടാണ് ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോഴിക്കോട് കളക്ടര്‍ കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് നല്‍കി .
ഇത് സര്‍ക്കാര്‍ നല്‍കുന്ന പരോക്ഷമായ ധനസഹായത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്നതും അതുകൊണ്ടുതന്നെ ബാര്‍ അസോസിയേഷന്‍ വിവരാവകാശ നിയമം വകുപ്പ് 2(എച്ച്)-ന്റെ പരിധിയില്‍ വരികയും ഒരു പൊതു സ്ഥാപനമായി മാറുകയും ചെയ്യുന്നുവെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
ഹര്‍ജിക്കാരന് സമയബന്ധിതമായി മറുപടി കൊടുക്കാത്തതിനാല്‍ വിവരാവകാശനിയമം വകുപ്പ് 20 (1) അനുസരിച്ച് പിഴ ചുമത്താതിരിക്കാന്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കോഴിക്കോട് ബാര്‍ അസോസിയേഷനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ അസോസിയേഷനുകള്‍ ജുഡീഷ്യല്‍ വകുപ്പിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: