കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായി. ബുധനാഴ്ച മാത്രം രണ്ടു തവണ മണ്ണിടിഞ്ഞു.
വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ഥലത്ത് പ്രതിഷേധവുമായി ജനങ്ങളെത്തി. ഇന്നലെ മുതല്‍ മണ്ണിടിയുന്നതാണെന്നും ഇന്ന് രാവിലെയും ഉച്ചയ്‌ക്കുമാണ് മണ്ണിടിഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു.രാത്രി മണ്ണിടിഞ്ഞാല്‍ അപകടസാധ്യത ഏറെയാണ്.സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ദേശീയപാത നിര്‍മ്മാണത്തിന് കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. മണ്ണിടിയുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കനത്ത ആശങ്കയിലാണ്. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്.വെള്ളം പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ വീടുകളിലേക്ക് അടക്കം ചെളി കയറിയ അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.
വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിക്കാതെ റോഡ് ഉപരോധിച്ചതോടെ തളിപ്പറമ്പ് ആര്‍ഡിഒ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. തുടര്‍ന്ന് താല്‍ക്കാലികമായി ഉപരോധം അവസാനിപ്പിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് തകര്‍ന്ന മലപ്പുറം കൂരിയാടിലെ ദേശീയപാത 66ലെ സര്‍വീസ് റോഡ് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധിച്ചു. ഇവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാകും തുടര്‍ നടപടികള്‍. ഇതിനിടെ, മലപ്പുറത്ത് ദേശീയ പാതയില്‍ വീണ്ടും വിള്ളലുണ്ടായി. കൂരിയാട് നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി എടരിക്കോട് മമ്മാലിപ്പടിയിലാണ് വിള്ളല്‍ ഉണ്ടായത്. ഇന്നലെ തലപ്പാറയിലും വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇന്ന് തൃശൂര്‍ -ചാവക്കാട് ദേശീയപാതയില്‍ 50 മീറ്ററിലേറെ വിള്ളല്‍ രൂപപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: