കോഴിക്കോട് :താമരശ്ശേരി മുഹമ്മദ് ഷഹബാസിനെ വധിച്ച കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതി നിര്‍ദേശം കണക്കിലെടുത്താണ് ഫലം പ്രസിദ്ധീകരിച്ചത്.
പ്രതികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി. കോടതി പറഞ്ഞതിനാലാണ് അനുസരിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ഫലം പ്രസിദ്ധീകരിച്ചത്. കുറ്റവാളികളുടെ എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.ക്രിമിനല്‍ ഗൂഢാലോചനയിലേര്‍പ്പെട്ട കുട്ടികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് സമൂഹത്തിന് സന്ദേശം എന്ന നിലയിലാണ്. അത് മറികടന്ന് ഫലം പ്രസിദ്ധീകരിക്കുന്നത് ആരെ സംരക്ഷിക്കാന്‍ ആണെന്ന് പിതാവ് ബാലാവകാശ കമ്മിഷന് അയച്ച പരാതിയില്‍ ചോദിച്ചിരുന്നു.എന്നാല്‍ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്‌ക്കാന്‍ സാധിക്കുകയെന്ന് കോടതി ആരാഞ്ഞു.കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്ന നിലപാടിലായിരുന്നു കോടതി.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസിന്റെ കൊലപാതകത്തില്‍ സമപ്രായത്തിലുളള ആറു വിദ്യാര്‍ഥികളെയാണ് പൊലീസ് പ്രതിചേര്‍ത്തത്. ഇവര്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. തുടര്‍ന്ന് വെള്ളിമാടുകുന്നുള്ള പ്രത്യേക കേന്ദ്രത്തില്‍ വച്ചാണ് ആറു പേരെയും പരീക്ഷ എഴുതിച്ചത്. ട്യൂഷന്‍ സെന്ററിലെ വാക്കേറ്റത്തിന് നടന്ന സംഘര്‍ഷത്തിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്.നഞ്ചക്ക് ഉപയോഗിച്ചുള്ള അടിയില്‍ തലയ്‌ക്കു പിന്നിലേറ്റ ക്ഷതമായിരുന്നു മരണകാരണം.
ഒരു മാസത്തിലേറെയായി പ്രതികളായ വിദ്യാര്‍ഥികള്‍ ജുവനൈല്‍ ഹോമിലാണ്. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്ന് രക്ഷിതാക്കള്‍ കോടതിയില്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: