മുംബൈ : പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിനെ അടുത്തിടെ ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഈ തീരുമാനം എടുത്തത്. ഈ വാർത്ത പുറത്തുവന്നതിന് ശേഷം ജനറൽ അസിം മുനീറിനെതിരെ സോഷ്യൽ മീഡിയയിൽ വൻതോതിൽ ട്രോളുകൾ ഉയരുകയാണ്. ഇപ്പോഴിതാ മുൻ പാകിസ്ഥാൻ പൗരനും ഇന്ത്യൻ ഗായകനുമായ അദ്‌നാൻ സാമിയും സൈനികനെ പരിഹസിച്ച് രംഗത്തെത്തി.
അസിം മുനീറിനെ ഒരുപാട് കളിയാക്കി അദ്ദേഹം ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. ജനറൽ മുനീറിനെ പരോക്ഷമായി ‘കഴുതകളുടെ രാജാവ്’ എന്ന് വിളിക്കുകയും പരിഹാസം ചൊരിയുകയും ചെയ്തു. ഫീൽഡ് മാർഷലായ ശേഷം പാകിസ്ഥാൻ സർക്കാരിനെ അഭിസംബോധന ചെയ്തുകൊണ്ട് ജനറൽ അസിം മുനീർ നടത്തിയ പ്രസംഗത്തെയും അദ്നാൻ സാമി തന്റെ ട്വീറ്റിൽ പരിഹസിച്ചു.
അദ്ദേഹം അസിമിന്റെ പ്രസംഗത്തെ പരിഹസിച്ച് കൊണ്ട് ഒരു വീഡിയോ പങ്കിടുകയും ചെയ്തു. ആ വീഡിയോയിൽ ഒരു കൂട്ടം കഴുതകളോടായി പ്രസംഗിക്കുന്ന ആളിനെ മുനീറുമായി താരതമ്യം ചെയ്യുകയായിരുന്നു ഗായകൻ.
വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ് ” എന്റെ സുഹൃത്തുക്കളേ, എന്റെ സഹോദരന്മാരേ, നിങ്ങളുടെ സംഘടനയുടെ തലവനായി എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. ഒരു മനുഷ്യനായിരിക്കുമ്പോൾ പോലും, മൃഗങ്ങളെക്കാൾ മോശമായ ജീവിതം നയിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ കഴുതകളുടെയും, മൃഗങ്ങളുടെയും, അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. മനുഷ്യർ എപ്പോഴും നിങ്ങളെ തെറ്റിദ്ധരിച്ചിട്ടുണ്ട്. നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” – എന്നിങ്ങനെയായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.
















