World

സ്വന്തം രാജ്യത്തെ കുട്ടികൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി പാക് സൈന്യം , 4 കുഞ്ഞുങ്ങൾ മരിച്ചു : സംഭവത്തിൽ കരസേനാ മേധാവി മുനീറിനെതിരെ ജനരോഷം

അതേ സമയം ഈ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. രോഷാകുലരായ ആളുകൾ റോഡ് ഉപരോധിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ മിർ അലി കന്റോൺമെന്റിന്റെ ഗേറ്റ് ഉപരോധിച്ചു.

Published by

കുസ്ദാർ : ഇന്ത്യയോട് പരാജയപ്പെട്ടതിൽ പാകിസ്ഥാൻ സൈന്യം ഏറെ രോഷാകുലരാണ്. ഇപ്പോൾ അവരുടെ പരിഭ്രാന്തിയുടെ ഇരകളായി മാറിയത് നാല് പാവം കുട്ടികൾ. പാകിസ്ഥാൻ സൈന്യം സ്വന്തം രാജ്യത്തെ കുട്ടികൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയപ്പോൾ കൊല്ലപ്പെട്ടത് 4 കുഞ്ഞുങ്ങളാണ്.

ഖൈബർ പഖ്തൂൺഖ്വയിലെ വടക്കൻ വസീറിസ്ഥാനിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ഡ്രോൺ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 38 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ സൈന്യം ഡ്രോണുകൾ ഉപയോഗിച്ച് ജനവാസ മേഖലകളെ ലക്ഷ്യമാക്കി ബോംബുകൾ വർഷിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

രാത്രി കുട്ടികളും സ്ത്രീകളും ഉറങ്ങിക്കിടക്കുമ്പോളാണ് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയത്. അതേ സമയം ഈ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. രോഷാകുലരായ ആളുകൾ റോഡ് ഉപരോധിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ മിർ അലി കന്റോൺമെന്റിന്റെ ഗേറ്റ് ഉപരോധിച്ചു.

അതേസമയം, പെഷവാറിൽ വിദ്യാർത്ഥികൾ പാകിസ്ഥാൻ സർക്കാരിനും സൈന്യത്തിനുമെതിരെ പ്രതിഷേധിച്ചു. എന്നാൽ നിരപരാധികളായ കുട്ടികളെ കൊല്ലുന്നത് സംബന്ധിച്ച് അസിം മുനീറിന്റെ സൈന്യത്തിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. പാകിസ്ഥാൻ സർക്കാരും മൗനം പാലിക്കുന്നു. കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഒന്നും പറയാതെ അദ്ദേഹം പോകുകയായിരുന്നു.

ഈ സംഭവത്തോടെ പാകിസ്ഥാൻ സൈന്യത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുകയാണ്. അസിം മുനീറിന്റെ സൈനികരുടെ ഭീരുത്വപരമായ പ്രവൃത്തിയിൽ ജനങ്ങൾക്കിടയിൽ കടുത്ത രോഷമുണ്ട്.

അതേ സമയം പാകിസ്ഥാനിലെ പ്രശ്നബാധിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കുസ്ദാർ ജില്ലയിൽ ബുധനാഴ്ച വൻ ബോംബ് സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്. ചാവേർ ആക്രമണമാണെന്നാണ് റിപ്പോർട്ട്. ഒരു സ്കൂൾ ബസ് ലക്ഷ്യമിട്ട് നടന്ന ബോംബ് സ്ഫോടനത്തിലും നാല് കുട്ടികൾ മരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക