ന്യൂദൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായതിന് പിന്നാലെ ഇപ്പോൾ പാകിസ്ഥാനി പത്രപ്രവർത്തകയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഹിര ബടൂൾ അവരെ പിന്തുണച്ച് രംഗത്തെത്തി. ജ്യോതിയുടെ അറസ്റ്റിൽ ഹീര പ്രതിഷേധിച്ചു. പക്ഷേ യൂട്യൂബർ ആരാണെന്ന് അവർ പറഞ്ഞില്ല. ജ്യോതിയുടെ പേര് പറയാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിലാണ് അവർ പ്രതിഷേധം രേഖപ്പെടുത്തിയത്.
‘ഇന്ത്യ ഇപ്പോൾ സ്വന്തം ജനങ്ങളെ ലക്ഷ്യം വയ്‌ക്കാൻ തുടങ്ങിയിരിക്കുന്നു, ഇന്ത്യ ഈ അനാവശ്യ നടപടി അവസാനിപ്പിക്കണം’ – ഹിര തന്റെ പോസ്റ്റിൽ കുറിച്ചു.
‘ട്രാവൽ വിത്ത് സോ’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തയായ ജ്യോതി മൽഹോത്ര 2023-ൽ പാകിസ്ഥാൻ സന്ദർശന വേളയിലാണ് ഹീര ബടൂളിനെ കണ്ടുമുട്ടിയത്. ഇരുവരും പരസ്പരം സഹോദരിമാർ എന്ന് വിളിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിട്ടിരുന്നു. അട്ടാരി-വാഗ അതിർത്തി, ലാഹോറിലെ അനാർക്കലി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജ്യോതിയെ ഒരുമിച്ച് കാണുന്ന ചില വ്ലോഗുകളിലും ഹിര പ്രത്യക്ഷപ്പെട്ടു. ഹിര ബടൂൾ ഉൾപ്പെടെയുള്ള സ്വാധീനമുള്ള വ്യക്തികളാണ് ജ്യോതിയുടെ പാകിസ്ഥാനുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വൈറലാക്കിയതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
അതേ സമയം കഴിഞ്ഞയാഴ്ച ന്യൂ അഗ്രസെൻ കോളനിയിൽ നിന്നാണ് ഹിസാർ പോലീസ് 34 കാരിയായ ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചുവെന്നും ഇന്ത്യാ വിരുദ്ധ ആഖ്യാനം പ്രചരിപ്പിച്ചുവെന്നുമാണ് ഇവർക്കെതിരെയുള്ള കുറ്റം.
ചാരവൃത്തി ആരോപിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ മെയ് 13 ന് രാജ്യത്ത് നിന്ന് പുറത്താക്കിയ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ജീവനക്കാരനായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി 2023 മുതൽ ജ്യോതി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക