കൊച്ചി: സന്നിധാനത്തെ അനധികൃത താമസക്കാരെക്കുറിച്ച് ശബരിമല സ്പെഷല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ശബരിമലയിലെ ചീഫ് പോലീസ് കോ- ഓര്‍ഡിനേറ്ററില്‍ നിന്നും പമ്പയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് തേടി. സന്നിധാനത്ത് താമസിക്കാന്‍ അനുവദിച്ച മുറികളുടെ താക്കോലുമായി ശബരിമലയില്‍ നിന്ന് പോയവരുടെ വിവരങ്ങള്‍ തിങ്കളാഴ്ചയ്‌ക്കകം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി. വി. ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് രണ്ട് ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചു. ദേവസ്വം കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ശബരിമലയിലെ വാര്‍ഷിക ഉത്സവത്തിന്റെയും ‘മേടമാസ പൂജ’യുടെയും നടത്തിപ്പിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ശബരിമല സ്പെഷല്‍ കമ്മിഷണര്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ശബരി ഗസ്റ്റ്ഹൗസിലെ നിലവറ ഭാഗത്തെ ഒരു മുറിയില്‍ അനില്‍കുമാര്‍ എന്ന വ്യക്തി സ്ഥിരമായി താമസിച്ചിരുന്നുവെന്നും, ശിവശക്തി ഡിഎച്ച് 5ലെ ടൈലുകള്‍ പാകിയ ഏക മുറിയും കൈവശം വച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുറിക്കുള്ളില്‍ തേങ്ങ പൊട്ടിച്ചതിനെത്തുടര്‍ന്ന് ചില ടൈലുകള്‍ തകര്‍ന്നതായും, ഈ പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരി വികസന പദ്ധതികളുടെ എക്സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്ന് ഈ വിഷയത്തില്‍ അടുത്ത പോസ്റ്റിങ് തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ചൊവ്വാഴ്ച, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ (ടിഡിബി) സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: