India

റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍ ഓഹരിയില്‍ തിങ്കളാഴ്ച ഏഴ് ശതമാനം കുതിപ്പ്; കാരണം 115 കോടിയുടെ റെയില്‍വേ ഓര്‍ഡര്‍

റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എലിന്‍റെ (റെയില്‍ വികാസ് നിഗം ലിമിറ്റഡിന്‍റെ (RVNL-Rail Vikas Nigam Limited) ഓഹരിവില തിങ്കളാഴ്ച ഏഴ് ശതമാനം കുതിച്ചു. സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്നും 115 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതാണ് പുതിയ കുതിപ്പിന് കാരണം. മെയ് 21 ബുധനാഴ്ച ആര്‍വിഎന്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കും. ഇതില്‍ കമ്പനിയുടെ മെയ് ത്രൈമാസ ഫലം പ്രഖ്യാപിക്കും.

Published by

മുംബൈ: റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എലിന്റെ (റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ (RVNL-Rail Vikas Nigam Limited) ഓഹരിവില തിങ്കളാഴ്ച ഏഴ് ശതമാനം കുതിച്ചു. സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്നും 115 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതാണ് പുതിയ കുതിപ്പിന് കാരണം. മെയ് 21 ബുധനാഴ്ച ആര്‍വിഎന്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കും. ഇതില്‍ കമ്പനിയുടെ മെയ് ത്രൈമാസ ഫലം പ്രഖ്യാപിക്കും. അന്ന് തന്നെ ചിലപ്പോള്‍ ഓഹരിയുടമകള്‍ക്കുള്ള ലാഭവിഹിതവും പ്രഖ്യാപിച്ചേക്കും.

പത്ത് ദിവസത്തില്‍ ഓഹരിവിലയില്‍ 108 രൂപയുടെ വര്‍ധന

കഴിഞ്ഞ കുറച്ച് നാളുകളായി റെയില്‍വേയില്‍ നിന്നും ദേശീയ ഹൈവേ അതോറിറ്റിയില്‍ നിന്നും ടെലികോമില്‍ നിന്നും കോടികളുടെ നിര്‍മ്മാണ ഓര്‍ഡറുകള്‍ ആര്‍വിഎന്‍എല്‍ നേടിയിരുന്നു. ഇതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ആര്‍വിഎന്‍എല്‍ ഓഹരികള്‍ വന്‍കുതിപ്പിലാണ്. മെയ് 9ന് വെറും 323 രൂപയില്‍ നിന്നിരുന്ന ഓഹരി വില മെയ് 19 ആകുമ്പോഴേക്കും 431 രൂപയില്‍ എത്തി. പത്ത് ദിവസത്തില്‍ ആര്‍വിഎന്‍എല്‍ ഓഹരി കുതിച്ചത് 108 രൂപയോളം. ആയിരം ഓഹരി കയ്യിലുള്ള നിക്ഷേപകന് ഒരു ലക്ഷം രൂപയില്‍ അധികം ലാഭം കിട്ടുമായിരുന്നു. പതിനായിരം ഓഹരികള്‍ കൈവശം ഉള്ള നിക്ഷേപകന് പത്ത് ദിവസത്തില്‍ ലഭിക്കുമായിരുന്നത് 10 ലക്ഷം രൂപയുടെ ലാഭം.

2025 ജനവരി 31ന് ശേഷം ആര്‍വിഎന്‍എല്‍ ഓഹരി വന്‍തകര്‍ച്ചയിലായിരുന്നു. 476 രൂപയില്‍ നിന്നിരുന്ന ഓഹരിവില മെയ് 9ന് 323 രൂപ വരെ താഴ്ന്നിരുന്നു. ഡോളര്‍ ശക്തിപ്പെട്ടതും ട്രംപ് യുഎസ് പ്രസിഡന്‍റായി തിരിച്ചുവന്നതും ആയിരുന്നു ഈ തകര്‍ച്ചയ്‌ക്ക് പ്രധാന കാരണം. അതിന് ശേഷം ആര്‍വിഎന്‍എല്ലിന് കോടികളുടെ ഓര്‍ഡറുകള്‍ ലഭിച്ചതാണ് ഓഹരിയുടെ തിരിച്ച് വരവിന് കാരണം.

സ്മാള്‍ മോഡുലാര്‍ റിയാക്ടേഴ്സ് (എസ് എംആര്‍) മേഖലയിലേക്ക്  കടക്കാന്‍ ആര്‍വിഎന്‍എല്‍

സ്മാള്‍ മോഡുലാര്‍ റിയാക്ടേഴ്സ് (എസ് എംആര്‍) മേഖലയിലേക്ക് കൂടി കടക്കാന്‍ ശ്രമിക്കുകയാണ് ആര്‍വിഎന്‍എല്‍. ഊര്‍ജ്ജ ഉല്‍പാദത്തിനുള്ള ആണവ ഫിഷന്‍ റിയാക്ടറുകളാണ് ഇവ. 300 മെഗാ വാട്ട് വൈദ്യുതോര്‍ജ്ജം വരെ ഉല്‍പാദിപ്പിക്കാന്‍ ഇവയ്‌ക്ക് കഴിവുണ്ട്. ബിസിനസ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഊര്‍ജ്ജ രംഗത്തേക്കുള്ള ചുവടുവെയ്പിന്റെ ഭാഗമായാണിത്.

 

ഓര്‍ഡറുകള്‍ക്ക് പിന്നാലെ ഓര്‍ഡറുകള്‍

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും 554 കോടിയുടെ ഹൈവേ പദ്ധതി ആര്‍വിഎന്‍എല്‍ നേടിയിരുന്നു. ദക്ഷിണറെയില്‍വേയില്‍ നിന്നും 143 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയിരുന്നു. ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞ തുകയ്‌ക്ക് ആര്‍വിഎന്‍എല്‍ ഓര്‍ഡര്‍ നേടിയിരുന്നു. ഈസ്റ്റേണ്‍ റെയില്‍വേയുടെ 837 കോടി രൂപയുടെ പദ്ധതിയും ആര്‍വിഎന്‍എല്‍ സ്വന്തമാക്കി. മഹാരാഷ്‌ട്രയില്‍ നിന്നും 270 കോടി രൂപയും സെന്‍ട്രല്‍, സൗത്ത് വെസ്റ്റേണ്‍, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഡിവിഷനുകളില്‍ നിന്നും 695 കോടി രൂപയുടെയും ബിസിനസ് നേടിയിരുന്നു.

ആര്‍വിഎന്‍എല്‍ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. പുതിയ റെയില്‍വേ ലൈനുകള്‍ ഉണ്ടാക്കുക, റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കുക, മെട്രോ റെയില്‍ സ്ഥാപിക്കുക, ഹൈസ്പീഡ് റെയില്‍വേ നിര്‍മ്മിക്കുക, റോഡ് നിര്‍മ്മാണം, കെട്ടിടനിര്‍മ്മാണം പോലുള്ള അടിസ്ഥാനസൗകര്യവികസനം എന്നിവയാണ് ആര്‍വിഎന്‍എല്ലിന്റെ പ്രധാന ജോലികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക