പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളും ജനങ്ങളെ തെരുവുനായ്‌ക്കളുടെ (പേപ്പട്ടികളുടെ)മുന്നിലേക്ക് വലിച്ചെറിയുന്ന കാഴ്ചയാണ് അനുദിനം കാണുന്നത്. തെരുവുനായ്‌ക്കളുടെ സൈ്വരവിഹാരം നമ്മുടെ നാടിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. തെരുവ് നായ്‌ക്കളുടെ ആക്രമണവും പേവിഷബാധ കാരണമുള്ള മരണങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നു.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 3,16,793 പേര്‍ക്കാണ് തെരുവ് നായ്‌ക്കളുടെ കടിയേറ്റത്. 2019 ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 2,89,986 തെരുവ് നായ്‌ക്കള്‍ ഉണ്ടെന്നായിരുന്നു കണക്ക്. പിന്നീട് സെന്‍സസ് നടന്നിട്ടില്ല. ഇപ്പോള്‍ നാല് ലക്ഷത്തിലേറെ തെരുവു നായ്‌ക്കള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. 2020-2024 കാലഘട്ടത്തില്‍ സംസ്ഥാനത്ത് 94 പേര്‍ പേവിഷബാധയേറ്റ് മരിച്ചു. 2020ല്‍ 5 പേര്‍ മരിച്ചിടത്ത് 2024 ആയപ്പോഴേക്ക് 26 പേരായി. പ്രതിരോധ കുത്തിവയ്പിന് ശേഷവും വൈറസ് ബാധിച്ചു മൂന്നു കുട്ടികള്‍ മരിച്ചു. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും പേ വിഷബാധയേറ്റ് മരിക്കുന്നു. കേരളത്തിന്റെ ഈ അവസ്ഥ ഭയാനകമാണ്.
2021 മുതല്‍ സംസ്ഥാനത്ത് ഓരോ വര്‍ഷവും നായയുടെ കടിയേറ്റ് ചികിത്സ തേടുന്നവര്‍ രണ്ട് ലക്ഷത്തിലധികമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി അത് മൂന്ന് ലക്ഷം കടന്നു. 2024 ല്‍ 3.16 ലക്ഷം പേരാണ് നായ്‌ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. പാല്‍- പത്രം വിതരണക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍, സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടക്കാര്‍, പ്രഭാത സവാരിക്കാര്‍ അടക്കം നിരവധി പേര്‍ തെരുവ് നായ ആക്രമണത്തിന് ഇരകളാകുന്നു. വയോജനങ്ങളും കുഞ്ഞുങ്ങളുമാണ് ഏറ്റവും അധികം ആക്രമിക്കപ്പെടുന്നത്. നായ്‌ക്കളുടെ കടിയേല്‍ക്കുന്നവരില്‍ 35 ശതമാനത്തോളം കുട്ടികളാണെന്നാണ് വിലയിരുത്തല്‍. മുഖത്തും കൈകളിലുമാണ് കൂടുതലും കടിയേല്‍ക്കുന്നത് എന്നതിനാ
ല്‍ കുട്ടികളില്‍ അപകട സാധ്യത കൂടുതലാണ്. പേപ്പട്ടിയാണ് കടിച്ചതെങ്കില്‍ ഇത്തരം അക്രമങ്ങളില്‍ പേ വിഷം പെട്ടന്ന് തലച്ചോറില്‍ എത്താം.
നായയുടെ കടിയേറ്റ് പേ വിഷ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും മരണം സംഭവിക്കുന്നു എന്നത് നടുക്കം ഉണ്ടാക്കുന്നു. 2021ന് ശേഷം പേ വിഷബാധയ്‌ക്കുള്ള വാക്‌സിന്‍ എടുത്തശേഷം 22 പേര്‍ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ജനങ്ങള്‍ വാക്‌സിന്റെ ഫലക്ഷമതയെ സംശയിക്കുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ദ്ധ സമിതി വാക്‌സിന് പൊതുവായ ഗുണമേന്മ ഉണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍ പ്രഥമ ശുശ്രൂഷയിലോ, ഇമ്യൂണോ ഗ്ലോബുലിന്‍ കുത്തിവയ്‌ക്കുന്നതിലോ, വാക്‌സിന്‍ സൂക്ഷിക്കുന്നതിലോ, കുത്തിവയ്‌ക്കുന്നതിലോ ഉണ്ടാകുന്ന പിഴവുകള്‍, വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാത്തത്, ശരീരം ആന്റി ബോഡി ഉത്പാദിപ്പിക്കാത്ത അവസ്ഥ ( അഞ്ച് വര്‍ഷത്തിനുള്ളില്‍ വാക്‌സിനെടുത്ത എല്ലാവരിലും പ്രതിരോധത്തിനുള്ള ‘പ്രൊട്ടക്റ്റീവ് ആന്റിബോഡി ‘ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനെടുത്തവരില്‍ രാജ്യാന്തര മാനദണ്ഡമനുസരിച്ചുള്ള പ്രതിരോധം രൂപപ്പെടുന്നുണ്ടെന്ന് 2022ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ദ്ധ സമിതിയും കണ്ടെത്തിയിരുന്നു)വാക്‌സിന്റെ ഫലക്ഷമതയിലെ കുറവ്, വാക്‌സിന്‍ സംഭരണ കേന്ദ്രത്തിലോ അതൊരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന താപ വ്യത്യാസം മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ പ്രതിരോധ വാക്‌സിനെടുത്തിട്ടും പേ വിഷബാധയുണ്ടാകാന്‍ ഇടവരുത്തുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളില്‍ ഉണ്ടാകുന്ന ആശങ്ക എത്രയും വേഗം ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ദുരീകരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അപാകതകള്‍ കണ്ടെത്തി പരിഹരിക്കുകയും ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും വേണം.
പ്രഥമ ശുശ്രൂഷയും എത്രയും വേഗം പ്രതിരോധ കുത്തിവയ്‌പെടുക്കുന്നതും പേ വിഷബാധ തടയുന്നതില്‍ അതീവ നിര്‍ണായകമാണ്.
പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിന് മുമ്പ് മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റെങ്കിലും കഴുകി പരമാവധി വൈറസുകളെ നീക്കുന്നത് ഗുണപ്രദമാണ്. മൃഗങ്ങളുടെ കടി, മാന്തല്‍ എന്നിവയിലൂടെ മുറിവുണ്ടായാല്‍ ആ ഭാഗം എത്രയും പെട്ടെന്ന് സോപ്പ് ഉപയോഗിച്ച് കഴുകണം. പൈപ്പില്‍ നിന്ന് വെള്ളം തുറന്നുവിട്ട് കഴുകുന്നതാണ് ഉത്തമം. സോപ്പു ഉപയോഗിച്ച് കഴുകിയാല്‍ 70 ശതമാനം അണുബാധ ഇല്ലാതാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.
1964 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 11-ാംവകുപ്പുപ്രകാരം തെരുവ് നായ്‌ക്കളെ കൊല്ലാന്‍ അനുവാദം ഉണ്ടായിരുന്നു. എന്നാല്‍ 2001ലെ മൃഗ പ്രജനന നിയന്ത്രണ (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ – എബിസി )ചട്ടം നായ്‌ക്കളെ കൊല്ലുന്നത് വിലക്കി. വന്ധ്യംകരണത്തിലൂടെ തെരുവ് നായ്‌ക്കളുടെ എണ്ണം കുറയ്‌ക്കണം എന്നാണ് വ്യവസ്ഥ. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍ 2001 മുതല്‍ എബിസി പ്രോഗ്രാം നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര രൂക്ഷമായ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. 2015-16 മുതലാണ് ഇവിടെ എബിസി നടപ്പാക്കി തുടങ്ങിയത്. 2016മുതല്‍ 2024 വരെയുള്ള എട്ടുവര്‍ഷം സംസ്ഥാനത്ത് വന്ധ്യംകരണം നടത്തിയത് 1.16 ലക്ഷം തെരുവ് നായ്‌ക്കളെ മാത്രമാണ്. എല്ലാ തെരുവ് നായ്‌ക്കളെയും വന്ധീകരിക്കുമെന്നും തദ്ദേശസ്ഥാപനങ്ങളില്‍ ഷെല്‍റ്റര്‍ ഹോമുകള്‍ തുറക്കുമെന്നു മുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. ഷെല്‍റ്റര്‍ ഹോം സംസ്ഥാനത്ത് ഒരിടത്തും ആരംഭിച്ചിട്ടുമില്ല. തെരുവ് നായ്‌ക്കളെ പിടികൂടി പാര്‍പ്പിക്കാന്‍ അഭയ കേന്ദ്രങ്ങള്‍ (ഷെല്‍റ്റര്‍ ഹോം) പ്രായോഗികമല്ലെന്നും ജനങ്ങള്‍ എതിരാണെന്നുമാണ് വകുപ്പ് മന്ത്രി പറയുന്നത്.കോടികള്‍ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും എബിസി ചട്ടം അനുശാസിക്കുന്ന നിയന്ത്രണ നടപടികള്‍ കാര്യക്ഷമമല്ല. 15 എബിസി കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അവയില്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല.
തെരുവില്‍ നായ്‌ക്കളുടെ കടികൊണ്ട് മരിക്കുന്നത് സാധാരണക്കാരുടെ മക്കളാണ്. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അനുമതി ഉണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുന്ന നായ്‌ക്കളെ തൊടാന്‍ പറ്റാത്ത അവസ്ഥയാണ്. നായ പ്രേമവുമായി രംഗത്തിറങ്ങുന്നവരുടെ പിന്നില്‍ വമ്പന്‍ വാക്‌സിന്‍ ലോബികളാണെന്ന് പറയപ്പെടുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയാണ് പ്രശ്‌നമെങ്കില്‍ എന്തുകൊണ്ടാണ് നായ്‌ക്കളുടെ കാര്യത്തില്‍ മാത്രം ഇവര്‍ താല്പര്യമെടുക്കുന്നത്. ഭക്ഷണത്തിനായി എത്രയോ മൃഗങ്ങളെ കൊല്ലുന്നു; കൊന്നു തിന്നുന്നു.
തെരുവില്‍ അല്ല നായ്‌ക്കളെ വളര്‍ത്തേണ്ടത്. ലോകത്ത് ഒരിടത്തും തെരുവില്‍ നായ്‌ക്കളെ വളര്‍ത്തുന്നുമില്ല. ഉത്തരേന്ത്യയിലെ ഗോശാലകള്‍ പോലെ നമുക്ക് ശ്വാനാലയങ്ങള്‍ തുറക്കാം. അത്തരം ഷെല്‍റ്ററുകള്‍ ജനവാസ മേഖലയില്‍ നിന്ന് അകലെയാവണം. മൃഗസ്‌നേഹികള്‍ക്ക് അവിടെചെന്ന് അവരെ പരിലാളിക്കാം, ദത്തെടുക്കാം, അരുമയായ് പോറ്റി വളര്‍ത്താം.
തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണമായിത്തീരുന്ന മാലിന്യത്തിന്റെ ലഭ്യതയാണ് അവയുടെ വ്യാപനത്തിന് ഒരു പ്രധാന കാരണം. വഴിയോരക്കടകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടം വേണ്ടതുപോലെ സംസ്‌കരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. മാലിന്യക്കൂമ്പാരം പെരുകാതിരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമൂഹവും ജാഗ്രത പുലര്‍ത്തണം. വന്ധ്യംകരിച്ചാലും നായ്‌ക്കള്‍ കടിക്കും. എന്നാലും എബിസി പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
(ട്രെയ്‌നറും മെന്ററുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: