തിരുവനന്തപുരം: ഇല്ലാത്ത മോഷണത്തിന്റെ പേരിൽ ദളിത് സ്ത്രീയ്‌ക്ക് നേരെ പോലീസിന്റെ ക്രൂരത. ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുപത് മണിക്കൂറുകളോളം തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ദളിത് യുവതിയായ ബിന്ദു. വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞു.
പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കിയില്ലെന്നും നിസ്സംഗതയോടെയാണ് പി.ശശി പെരുമാറിയതെന്നും ബിന്ദു പറഞ്ഞു. മാല മോഷ്ടിച്ചില്ലെന്ന് പോലീസുകാരുടെ കാലു പിടിച്ച് പറഞ്ഞിട്ടും പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്.
കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്‌ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. തന്നെ കസ്റ്റഡിയിലെടുത്ത കാര്യം പോലീസ് വീട്ടിലറിയിച്ചില്ല. വീട്ടിലേക്ക് വിളിക്കണമെന്ന ആവശ്യവും പോലീസുകാർ അനുവദിച്ചില്ലെന്നും ബിന്ദു പറയുന്നു. പിന്നീട് മാല വീണ്ടെടുക്കാൻ ബിന്ദുവുമായി പോലീസ് വീട്ടിലേയ്‌ക്കെത്തിയപ്പോള്‍ മാത്രമാണ് കസ്റ്റഡിയിലാണെന്ന
കാര്യം വീട്ടുകാർ അറിയുന്നത്.
എസ് ഐ പ്രസാദ്, പ്രസന്നൻ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്. പരാതി ഉണ്ടെങ്കിൽ പോലീസ് പിടിച്ചോളുമെന്നായിരുന്നു പി.ശശി യുവതിയോട് പറഞ്ഞത്. തുടർന്ന് കോടതിയിൽ പോകാൻ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താൻ പോയത് എന്നും കാര്യങ്ങൾ വിശദമായി കേൾക്കാൻ പോലും അവിടെനിന്ന് തയാറായില്ലെന്നും ബിന്ദു പറയുന്നു.
തന്നെ കാണാനെത്തിയ ഭർത്താവിനെ പ്രസന്നൻ മോശം വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചു. ഇടയ്‌ക്കിടെ മാല എവിടെയെന്ന് ചോദിച്ചുകൊണ്ടേയിരിക്കും. മാനസികമായി തളർത്തിക്കളയുന്നതായിരുന്നു പ്രസന്നന്റെ രീതിയെന്നും ബിന്ദു പറഞ്ഞു. ‘മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു പറയുന്നു.
അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: