ഇസ്ലാമാബാദ്: ചൈന സന്ദർശിക്കാനൊരുങ്ങി പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. തിങ്കളാഴ്ച അദ്ദേഹം ചൈനയിലേക്ക് പോകുമെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അവിടെ ദാർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഇതോടൊപ്പം ഈ ത്രിരാഷ്‌ട്ര യോഗത്തിൽ പങ്കെടുക്കാൻ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും മെയ് 20 ന് ചൈനയിലെത്തും. പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷം ദാറിന്റെ ആദ്യ ചൈന സന്ദർശനമാണിത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ ഉൾപ്പെടെ സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ പ്രാദേശിക വ്യാപാരം, സുരക്ഷാ സഹകരണം, പ്രാദേശിക സ്ഥിരതയ്‌ക്കുള്ള തന്ത്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ ത്രികക്ഷി യോഗം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയ്‌ക്കിടയിലുള്ള ട്രാൻസ്-ഏഷ്യൻ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ സംരംഭങ്ങൾ യോഗത്തിൽ പരിഗണിക്കും. അതിർത്തി കടന്നുള്ള ആക്രമണങ്ങളും അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ത്രികക്ഷി ചർച്ചകൾക്ക് സാധ്യതയുണ്ട്.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ പ്രാദേശിക സമാധാനം നിലനിർത്തുന്നതിനുള്ള സംയുക്ത തന്ത്രങ്ങളും യോഗത്തിൽ പരിഗണിക്കപ്പെട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: