Kerala

സമാധാനം പുലരുന്ന പുതിയ ലോകം സാധ്യമാകണം: ലെയോ പതിനാലാമന്‍ മാര്‍പാപ്പ, ആഗോള കത്തോലിക്കാ സഭയുടെ മാര്‍പാപ്പയായി സ്ഥാനമേറ്റു

ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാന

Published by

വത്തിക്കാന്‍ സിറ്റി: സമാധാനം പുലരുന്ന പുതിയ ലോകം സാധ്യമാകണമെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ.ആഗോള കത്തോലിക്കാ സഭയുടെ മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്ത ചടങ്ങിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മുക്കുവന്റെ മോതിരവും പാലിയവും സ്വീകരിച്ചുകൊണ്ടാണ് സ്ഥാനമേറ്റത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടന്നത്.

വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്.ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മൂന്നരയോടെ കുര്‍ബാന ചടങ്ങുകള്‍ പൂര്‍ത്തിയായി.

ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാന നടന്നത്. കുര്‍ബാനയ്‌ക്കിടെ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും മാര്‍പാപ്പ ഏറ്റുവാങ്ങി. പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയായാണ് ലെയോ പതിനാലാമന്‍ ചുമതലയേറ്റത്.

ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തുറന്ന വാഹനത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികളെ ആശിര്‍വദിച്ചു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കുര്‍ബാനയ്‌ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തു. സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ലോകനേതാക്കള്‍ വത്തിക്കാനിലെത്തി രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം വത്തിക്കാനിലെത്തിയത്.

 

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by