Varadyam

ഹാ… സുന്ദരം ഹനോയ്

കാലങ്ങളുടെ മാറ്റം അനുസ്യൂതം തുടരുന്ന കണ്ണിയാല്‍ മനോഹരമായി വിളക്കിച്ചേര്‍ത്തതുപോലെയാണ് വിയറ്റ്‌നാമിലെ ഹാനോയുടെ നഗരഘടന. 1000 വര്‍ഷം പഴക്കമുള്ള പഗോഡയോടൊപ്പം, കൊളോണിയല്‍ കാലഘട്ടത്തിലെ ഫ്രഞ്ച് മാളികകളും, വിയറ്റ്‌നാമീസ് വിപ്ലവകാലത്തെ ബോംബ് ഷെല്‍റ്ററുകളും നിലകൊളുന്നു. ഫ്രഞ്ച് നിര്‍മിതികളില്‍ ഏറ്റവും മികവോടെ നില്‍ക്കുന്നത് ഇന്‍ഡോ-ചൈന ഗവര്‍ണര്‍ ജനറലിന്റെ കൊട്ടാരമായിരുന്ന ഇപ്പോഴത്തെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും, പാരീസ് ഓപ്പറയുടെ മാതൃകയില്‍ നിര്‍മിച്ച ഹാനോയ് ഓപ്പറ ഹൗസും ആണ്. നിരവധി മനോഹര കാഴ്ചകളാല്‍ സമ്പന്നമായ ഹാനോയ് നഗരത്തിന്റെ വിശേഷങ്ങളിലൂടെ...

Published by

നീണ്ട യൂറോപ്യന്‍ അനുഭവങ്ങളുള്ള ഞാന്‍ മധുവിധുവിനായി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാം തെരഞ്ഞെടുത്തത് ആകസ്മികമായാണ്. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമായ സഹോദരി അപര്‍ണ ബിനോയിയുടെ നിര്‍ദേശാനുസരണം ഞങ്ങള്‍ വിയറ്റ്‌നാമിലേക്ക് പോകാന്‍ തീരുമാനിച്ചു. കൊച്ചിയില്‍ നിന്ന് ഞാനും ഭാര്യ ഡോ. പൊമിയും യാത്ര ആരംഭിച്ചു. അവിടെ തദ്ദേശീയയായ ഡെയ്‌സിന്‍ ഗ്യുയെന്‍ എന്നൊരു യാത്രാസഹായി ഞങ്ങള്‍ക്കുണ്ട് എന്നത് യാത്രയെ ആസ്വാദ്യകരമാക്കും എന്ന ഉറപ്പുനല്‍കി.

ഒരു മധ്യാഹ്നത്തില്‍ നോയ്ബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഞങ്ങളെ സ്വീകരിക്കാന്‍ മിസ്റ്റര്‍. ഹാ എന്ന യാത്രാസഹായി ഉണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. മേഘാവൃതമായിരുന്നു ഹാനോയ് നഗരം.

ആ രാജ്യത്തെപ്പറ്റി പൊതുധാരണ ഉണ്ടാക്കിയ ശേഷമായിരുന്നു ഞങ്ങളുടെ യാത്ര. പാതകളുടെ വിസ്തൃതിയും അതിന്റെ പരിപാലനവും അത്ഭുതമായി. വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് ക്രമീകരിച്ചിരിക്കുന്നതും വ്യത്യസ്തമായാണ്. വെള്ള ബോര്‍ഡ് സ്വകാര്യ വ്യക്തികള്‍ക്കും, വ്യവസായ ആവശ്യങ്ങള്‍ക്കും നല്‍കുമ്പോള്‍; നീല പ്ലേറ്റ് സര്‍ക്കാര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്ക് ഉപയോഗത്തിനായി നല്‍കുന്നു. സൈന്യത്തിന് ചുവപ്പും, അതിര്‍ത്തി സംരക്ഷണത്തിനും നിര്‍മാണ യൂണിറ്റുകള്‍ക്കും മഞ്ഞ ബോര്‍ഡ് നല്‍കിയിട്ടുണ്ട്. അച്ചടക്കമുള്ള ഡ്രൈവിങ് സംസ്‌കാരമാണ് വിയറ്റ്‌നാമീസ് ജനതയ്‌ക്കുള്ളത്.

ഹാ പറഞ്ഞുതുടങ്ങിയതും ആ അച്ചടക്കത്തെക്കുറിച്ചായിരുന്നു. ആയിരത്തിലേറെ വര്‍ഷത്തെ അധിനിവേശത്തെ പ്രതിരോധിക്കാന്‍ – പൗരാണിക കാലത്തെ ചൈനീസ് സാമ്രാജ്യശക്തികള്‍ മുതല്‍ ശീതയുദ്ധകാലത്തെ അമേരിക്കന്‍ പടക്കോപ്പുകള്‍ വരെ – വിയറ്റ്‌നാമീസ് ജനതയ്‌ക്ക് കരുത്തു പകര്‍ന്നത് നിതാന്തമായ ഈ അച്ചടക്കം തന്നെയെന്ന് അനുമാനിക്കാം. എന്തുതന്നെയായാലും ചരിത്രാതീതകാലം മുതലേ ഇന്നത്തെ ഹാനോയില്‍ മനുഷ്യവാസം ഉണ്ടായിരുന്നു. റെഡ് റിവര്‍ (ഹോംഗ് നദി എന്ന് ചൈനീസിലും, സോങ് കായ് എന്ന് വിയറ്റ്‌നാമീസിലും അറിയപ്പെടുന്നു) നദീതടത്തിലെ പ്രമുഖ നഗരമാണിത്. 1010 ല്‍ ലീ വംശത്തിലെ ആദ്യ രാജാവായ ലീ തായ് തോ ആണ് അന്ന് താങ് ലോങ്ങ് (ഉദിക്കുന്ന ഡ്രാഗണ്‍) എന്നറിയപ്പെട്ട ഈ പ്രദേശത്തെ തലസ്ഥാനമാക്കിയത്. അതിനുമുന്‍പ് ഹൊവ ലുവ് ആയിരുന്നു തലസ്ഥാനം. നീണ്ട എണ്ണൂറ് വര്‍ഷത്തിന് ശേഷം ന്‍ഗ്യുയെന്‍ വംശത്തിന്റെ കാലത്തു ഹ്രസ്വകാലം ഹ്യൂവിലേക്ക് തലസ്ഥാനം മാറ്റി. ഡോങ് കിന്‍ഹ് എന്ന് അക്കാലത്തു അറിയപ്പെട്ട ഈ നഗരത്തെ യൂറോപ്യന്മാര്‍ ടോങ്കിന്‍ എന്ന് വിളിച്ചു. ഫ്രഞ്ചുകാരുടെ ഭരണത്തിന്‍കീഴില്‍ ടോങ്കിന്‍ ഒരു പ്രമുഖ ഭരണകേന്ദ്രമായി വളര്‍ന്നു. ഇരു നദികള്‍ക്കിടയില്‍ എന്ന് അര്‍ഥം വരുന്ന ഹാനോയ് എന്ന് 1831 ല്‍ പുനര്‍നാമകരണം ചെയ്തു. 1902 ല്‍ ഫ്രഞ്ച് ഇന്‍ഡോ ചൈനയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. തെക്കന്‍ ചൈനയോടുള്ള സാമീപ്യവും, ധാതുസമ്പത്തുമാണ് ഈ പ്രദേശം ഭരണസിരാകേന്ദ്രമാക്കിയതിന് പ്രധാന കാരണം. 1940 കളിലെ ജാപ്പനീസ് അധിനിവേശ കാലത്തും, രണ്ടാം ലോകമഹായുദ്ധാനന്തരം ഹോ ചിമിന്നിന്റെ നേതൃത്വത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാം രൂപീകരിച്ചപ്പോഴും ഹാനോയ് തലസ്ഥാനമായി തുടര്‍ന്നു.

വിയറ്റ്‌നാമിന്റെ ചരിത്രം മനസ്സിലൂടെ കടന്നുപോയപ്പോള്‍ പുറത്ത് മഴ പൊടിയുന്നുണ്ടായിരുന്നു. വിചാരിച്ചതിലും വൈകി എത്തിയതിനാല്‍ ഹോട്ടലില്‍ പോയി വിശ്രമിക്കാതെ ഞങ്ങള്‍ നേരെ പോയത് ഹാനോയിലെ ഏറ്റവും പഴയ ബുദ്ധക്ഷേത്രമായ ട്രാന്‍ കോക് പഗോഡയിലേക്കാണ്. 1500 വര്‍ഷത്തില്‍ അധികം പഴക്കമുണ്ട്. വെസ്റ്റ് ലേക്ക് എന്ന ജലാശയത്തിനു തെക്കുകിഴക്കേ ഭാഗത്തുള്ള ചെറിയ ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ട്രാന്‍ കോക് പഗോഡയിലെ ബാവോ താപ് ഗോപുരം

ചാന്ദ്രപുതുവത്സരത്തിന്റെ ആദ്യ മാസത്തിലെ അവസാന ദിവസമായ അന്ന് വലിയ ഭക്തജന പ്രവാഹമായിരുന്നു അവിടെയുണ്ടായിരുന്നത്. ബിസ്‌കറ്റ് പായ്‌ക്കറ്റുകള്‍ മുതല്‍ വെള്ളക്കുപ്പികള്‍ വരെ, സിഗററ്റു മുതല്‍ പഴങ്ങളും പച്ചക്കറികളും വരെ നിരവധി വസ്തുക്കള്‍ ദേവതാസങ്കല്പങ്ങള്‍ക്കു മുന്നില്‍ കാണിക്കയായി സമര്‍പ്പിച്ചിരുന്നു. ബൗദ്ധ പാരമ്പര്യത്തിലും പഴക്കമുള്ള മാതൃ സങ്കല്പങ്ങളെ വിയറ്റ്‌നാമീസ് ജനത ആരാധിച്ചുപോന്നിരുന്നതും ഈ പഗോഡയിലുണ്ട്. മാതൃ-പ്രകൃതി ആരാധനാ രീതികളെ സന്നിവേശിപ്പിച്ച ഈ ആരാധനാക്രമത്തെ യുനെസ്‌കോ പൈതൃകമായി പ്രഖ്യാപിച്ചിട്ടുണ്ട്. പഗോഡയുടെ മുന്നിലായി ഉയര്‍ന്നുനില്‍ക്കുന്ന ബോധി വൃക്ഷം ഇന്‍ഡോ- വിയറ്റ്‌നാമീസ് ബന്ധത്തിന്റെ പ്രതീകമായി നിലനില്‍ക്കുന്നു. ബോധ് ഗയയിലെ ബോധിവൃക്ഷത്തിന്റെ ഒരു തൈ പ്രഥമ ഇന്ത്യന്‍ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് 1959 ലെ സന്ദര്‍ശനത്തില്‍ സമ്മാനിച്ചതാണ്.

ടെംബിള്‍ ഓഫ് ലിറ്ററേച്ചറിലെ ആമ സ്തൂപങ്ങള്‍

ഞാന്‍ ഏറെ കാണാന്‍ ആഗ്രഹിച്ചത് ഹാനോയുടെ മുഖമുദ്രയായ ടെമ്പിള്‍ ഓഫ് ലിറ്ററേച്ചര്‍ ആണ്. 1070ല്‍ ചക്രവര്‍ത്തി ലീ തന്‍ തൊങ്ങിന്റെ കാലത്ത് സ്ഥാപിച്ച ഈ കണ്‍ഫ്യൂഷസ് ക്ഷേത്രത്തിലാണ് വിയറ്റ്‌നാമിന്റെ പ്രഥമ ദേശീയ സര്‍വകലാശാലയും, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭ്യസിപ്പിച്ചിരുന്ന ഇമ്പീരിയല്‍ അക്കാദമിയും ഏതാണ്ട് എട്ടുനൂറ്റാണ്ടുകാലം പ്രവര്‍ത്തിച്ചിരുന്നത്. നിരവധി മുറ്റങ്ങളും, മണ്ഡപങ്ങളും, വിഗ്രഹങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്ന ഇവിടം വിയറ്റ്‌നാമീസ് വിദ്യാഭ്യാസ ചരിത്രത്തിന്റെയും ആ സംസ്‌കാരത്തിന്റെയും തുടര്‍ച്ചയുടെ പ്രതീകം കൂടിയാണ്. ഇവിടുത്തെ ഖയു വാന്‍ ഗോപുരമാണ് ആധുനിക ഹാനോയുടെ ഔദ്യോഗിക മുദ്രയും ഒരു ലക്ഷം ഡോങ് കറന്‍സി നോട്ടിലെ ചിത്രവും. ഡോക്‌ടേഴ്‌സ് സ്റ്റോണ്‍ സ്റ്റീല്‍സ് എന്നറിയപ്പെടുന്ന ആമ സ്തൂപങ്ങള്‍ വളരെ കൗതുകവും, ആദരവും ജനിപ്പിച്ചു. ദൈര്‍ഘ്യത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായ ആമയുടെ രൂപത്തിലാണ് ഈ സ്തൂപങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. 15-18 നൂറ്റാണ്ടുകള്‍ക്കിടയില്‍ 82 ത്രിവര്‍ഷ രാജകീയ പരീക്ഷകളില്‍ വിജയിച്ച 1307 വിദ്യാര്‍ത്ഥികളുടെ പേര്, ജനനസ്ഥലം, പരീക്ഷ നടത്താനുണ്ടായ കാരണം, ചക്രവര്‍ത്തിയുടെ ഗുണഗണങ്ങള്‍, പരീക്ഷ നടത്തിപ്പുകാരെ സംബന്ധിച്ച വിവരങ്ങളടക്കം മുദ്രണം ചെയ്തിട്ടുണ്ട്. കണ്‍ഫ്യൂഷസ്സിനെയും അദ്ദേത്തിന്റെ ശിഷ്യന്മാരെയും ആദരിക്കുന്നതിനു പുറമെ, ശക്തമായ പൂര്‍വികാരാധനയുടെ ഘടകങ്ങളും ഇവിടെ പ്രകടമാണ്. അദ്ധ്യാപക ശ്രേഷ്ഠനായ ചു വാന്‍ ആന്‍ ഇവിടുത്തെ റെക്ടര്‍ ആയിരുന്നു. അദ്ദേഹത്തെ കൂടാതെ ഈ ക്ഷേത്രം സ്ഥാപിച്ച ലീ തന്‍ടോങ്, ഇമ്പീരിയല്‍ അക്കാദമി സ്ഥാപിച്ച ലീ നാന്‍ ടോങ്, ആമസ്തൂപങ്ങള്‍ സ്ഥാപിച്ച ലേ തന്‍ ടോങ് എന്നീ രാജാക്കന്മാരെയും ആരാധിക്കുന്ന ക്രമത്തിലാണ് ഈ മഹത്തായ ചരിത്രശേഷിപ്പ് നിലകൊള്ളുന്നത്.

കറന്‍സി നോട്ടിലെ ഖയു വാന്‍ ഗോപുരം

മഴ പിന്നെയും ചാറിത്തുടങ്ങി. വിയറ്റ്‌നാമിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രത്തിലേക്കാണ് അടുത്ത യാത്ര. ഒറ്റത്തൂണ്‍ പഗോഡ എന്നറിയപ്പെടുന്ന മോഡ് കോട്ട് പഗോഡ 1049 ല്‍ ലീ തായ് തോങ് ചക്രവര്‍ത്തിയാണ് പണികഴിപ്പിച്ചത്. വിശ്വാസപ്രകാരം സന്താനങ്ങളില്ലാതിരുന്ന ചക്രവര്‍ത്തിക്ക് താമരപ്പൂവില്‍ ഉപവിഷ്ടനായ അവലോകിതേശ്വര ബുദ്ധന്‍ ഒരു ആണ്‍കുഞ്ഞിനെ സമ്മാനിച്ചുവെന്ന് സ്വപ്‌നദര്‍ശനം ഉണ്ടായി. രാജകീയ ചടങ്ങുകള്‍ പ്രധാനമായും നടത്തപ്പെട്ടിരുന്നത് ഈ പഗോഡയെ ചുറ്റിപ്പറ്റിയായിരുന്നു.

1958 മുതല്‍ 1969 ല്‍ തന്റെ മരണം വരെ പ്രസിഡന്റ് ഹോ ചി മിന്‍ താമസിച്ചിരുന്ന ലളിതസുന്ദരമായ സ്റ്റില്‍റ്റ് ഹൗസ്. കാലങ്ങളുടെ മാറ്റം അനുസ്യൂതം തുടരുന്ന കണ്ണിയാല്‍ മനോഹരമായി വിളക്കിച്ചേര്‍ത്തതുപോലെയാണ് ഹാനോയുടെ നഗരഘടന. അതിനാല്‍ തന്നെ 1000 വര്‍ഷം പഴക്കമുള്ള പഗോഡയോടൊപ്പം, കൊളോണിയല്‍ കാലഘട്ടത്തിലെ ഫ്രഞ്ച് മാളികകളും, വിയറ്റ്‌നാമീസ് വിപ്ലവകാലത്തെ ബോംബ് ഷെല്‍റ്ററുകളും നിലകൊളുന്നു. ഫ്രഞ്ച് നിര്‍മിതികളില്‍ ഏറ്റവും മികവോടെ നില്‍ക്കുന്നത് ഇന്‍ഡോ-ചൈന ഗവര്‍ണര്‍ ജനറലിന്റെ കൊട്ടാരമായിരുന്ന ഇപ്പോഴത്തെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും, പാരീസ് ഓപ്പറയുടെ മാതൃകയില്‍ നിര്‍മിച്ച ഹാനോയ് ഓപ്പറ ഹൗസും ആണ്.

ഒറ്റത്തൂണ്‍ പഗോഡ

ഒറ്റത്തൂണ്‍ പഗോഡയുടെ വിസ്തൃതമായ അതേ കോമ്പൗണ്ടില്‍ തന്നെയാണ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരം. യൂറോപ്യന്‍ ശില്‍പചാതുരിയില്‍ നിര്‍മിക്കപ്പെട്ട പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ആ മാളികയാണ് ഇന്നും വിയറ്റ്‌നാം പ്രസിഡന്റ് ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കും വിരുന്നിനും മറ്റും ഉപയോഗിക്കുന്നത്. ലളിത ജീവിതത്തില്‍ വിശ്വസിച്ചിരുന്ന പ്രസിഡന്റ് ഹോ ചി മിന്‍ ഇവിടെ താമസിക്കാന്‍ വിസമ്മതിച്ചു. സമീപത്തായി ഒരു പരമ്പരാഗത സ്റ്റില്‍റ്റ് ഹൗസില്‍ വാസമാരംഭിച്ചു. ഒരു രാഷ്‌ട്രത്തലവന്‍ ഇത്രത്തോളം ലളിതമായ സ്ഥലത്തു ജീവിച്ചിരുന്നു എന്നത് ഇന്നത്തെ കാലത്ത് അത്ഭുതമുളവാക്കും. ഇവിടെ നിന്ന് വിളിപ്പാടകലെയാണ് 1945 ല്‍ ഹോ ചി മിന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ബാ ടിന്‍ ചത്വരം. അവിടെത്തന്നെയാണ് ഹോ ചി മിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. റഷ്യയില്‍ ലെനിന്റെ ശവകുടീരത്തിന്റെ മാതൃകയില്‍ നിര്‍മിച്ച ഇവിടെ അങ്കിള്‍ ഹോയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. രാഷ്‌ട്രസ്‌നേഹവും, ഹോ ചി മിന്നിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുമായി നിരവധി ഡിജിറ്റല്‍ ബോര്‍ഡുകളില്‍ വീഡിയോകള്‍ ആ പരിസരത്ത് പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരുന്നു.

ട്രാന്‍ കോക് പഗോഡ

ഹോ ചി മിന്നിന്റെ ശവകുടീരം

നഗരഹൃദയത്തിലെ ഹോവാന്‍ കിയേം തടാകത്തിലേക്കുള്ള നടത്തത്തിലാണ് ഒരു കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചത്. ഹാനോയന്‍ കാഴ്ചകള്‍ കണ്ടുനടന്നപ്പോള്‍ ഉടനീളം ചാറ്റല്‍മഴയുണ്ടായിരുന്നു. കുടയും മഴക്കോട്ടും ഇല്ലെങ്കിലും ഞങ്ങള്‍ ഒട്ടുംതന്നെ നനഞ്ഞിരുന്നില്ല. ഹാനോയ് നഗരജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് ഈ ശുദ്ധജലത്തടാകം. വിശ്വാസപ്രകാരം പതിനഞ്ചാം നൂറ്റാണ്ടില്‍ ചൈനീസ് മിങ് സാമ്രാജ്യത്തിന്റെ അധീശത്വം വിയറ്റ്‌നാമില്‍ അവസാനിപ്പിച്ച ലേ ലോയ് ചക്രവര്‍ത്തി തനിക്ക് ലോങ് വുവോങ് എന്ന ദൈവം സമ്മാനിച്ച അത്ഭുത വാള്‍ ആമ ദൈവമായ ക്യൂ റുവക്ക് തിരികെ നല്‍കിയത് ഈ തടാകത്തിലാണ്. ഈ കഥ ഓര്‍മിപ്പിച്ചുകൊണ്ട് താപ് റുവ എന്ന ആമ ഗോപുരം തടാകത്തിനു നടുവില്‍ സ്ഥിതിചെയ്യുന്നു. ഈ തടാകത്തിന്റെ വടക്കന്‍ തീരത്തിനടുത്ത് ങോക് സണ്‍ ക്ഷേത്രം(Ngoc Son Temple) സ്ഥിതിചെയ്യുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോള്‍ അധിനിവേശത്തെ ചെറുത്തുതോല്‍പ്പിച്ച ട്രാന്‍ ഹുങ് ഡാവോ എന്ന രാജകുമാരന്റെ സ്മരണാര്‍ത്ഥം പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഭീമന്മാരായ ഹോവാന്‍ കിയേം ആമകള്‍ 2016 വരെയെങ്കിലും ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. അവസാനത്തെ രണ്ടു ആമകളുടെയും മൃതദേഹങ്ങള്‍ ഈ ക്ഷേത്രത്തില്‍ത്തന്നെ സംരക്ഷിച്ചിട്ടുണ്ട്. ഇത്രയും പൗരാണികമായ തടാകക്ഷേത്രത്തിനു തൊട്ടടുത്തുള്ള തേ ഹുക് പാലം (The Huc Bridge) കടന്നുകഴിയുമ്പോള്‍, വര്‍ണാഭവും, ദീപാലംകൃതവുമായ ഒരു പാശ്ചാത്യ നഗരമെന്നോണം ഹാനോയ് മാറിയിരിക്കുന്നു. പാട്ടും, നൃത്തവും, ഭക്ഷണശാലകളും, പബ്ബുകളും, രാത്രി മാര്‍ക്കറ്റുകളും ഒക്കെയായി ഹാനോയ് ഒരു ആഘോഷത്തിമിര്‍പ്പിലേക്കു മാറിയിരുന്നു. ദീര്‍ഘമായ ഒരു സഞ്ചാരം നടത്തിയ ചാരിതാര്‍ഥ്യത്തില്‍ മുറിയിലേക്ക് നടക്കുമ്പോള്‍, വീണ്ടും നനയ്‌ക്കാത്ത ചാറ്റല്‍മഴ മനസ്സിലേക്ക് ഓടിയെത്തി. ഏത് പ്രതിബന്ധങ്ങളെയും, അധിനിവേശങ്ങളെയും എതിര്‍ത്ത് തോല്‍പ്പിച്ച വിയറ്റ്‌നാമീസ് പൂര്‍വികരെയാണപ്പോള്‍ ഓര്‍ത്തുപോയത്. കാലചക്രത്തില്‍ നേരിടേണ്ടി വന്ന മൃഗീയ തേരോട്ടങ്ങളും അവര്‍ക്ക് നനയ്‌ക്കാത്ത ചാറ്റല്‍മഴകള്‍ പോലെ തോന്നിയിരിക്കാം. ആയിരം വര്‍ഷത്തെ ഇഴമുറിയാത്ത പോരാട്ടങ്ങളുടെ കഥ പറഞ്ഞു ചുവന്ന നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു.

(ഐഐടി മദ്രാസില്‍ ജല-പാരിസ്ഥിതിക ചരിത്രത്തില്‍ ഗവേഷകനാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by