Article

കുറുനരികളുടെ നീട്ടിവിളികള്‍

”സോഷ്യലിസ്റ്റ് നേതാവായ മി. രങ്ക ഈയിടെ കോഴിക്കോട്ട്‌വെച്ചു ചെയ്ത പ്രസംഗത്തിനിടയില്‍ ഇങ്ങനെ പറയുകയുണ്ടായി. ”’പണ്ട് കുറുക്കന്മാര്‍ ഓളിവിളിച്ച മുക്കുകളിലും മൂലകളിലും ഇപ്പോള്‍ ‘ഇങ്ക്വിലാബ് സിന്താബാദ്’ വിളികള്‍ മുഴങ്ങുന്നു: എന്തു വ്യത്യാസം!” എന്ത് വ്യത്യാസം??”(സ) അതായത്, കുറുക്കന്റെ ഓളിയിടലുകളും ടി മുദ്രാവാക്യവും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന്, ‘സ’ എന്ന സഞ്ജയന്റെ വിലയിരുത്തല്‍.

പ്രസിദ്ധ സാംസ്‌കാരിക സാമൂഹ്യ-സാഹിത്യ വിമര്‍ശകനായിരുന്ന സഞ്ജയന്‍ ദീര്‍ഘദര്‍ശിയായിരുന്നു. എം.ആര്‍. നായര്‍ എന്ന സഞ്ജയന്‍ എഴുതുന്നതില്‍ നര്‍മ്മം തുളുമ്പി നിന്നിരുന്നു. അതീവ ഗൗരവവും ഗഹനവുമായ കാര്യങ്ങളും ഏറെ നര്‍മ്മത്തില്‍ ചേര്‍ത്ത് പറയാനുള്ള അസാമാന്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളിയുടെ പൊതുവേയുള്ള നര്‍മ്മപ്രയോഗ-ആസ്വാദന ശീലത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ പിന്തുടര്‍ച്ചക്കാരനായി സഞ്ജയന്‍ ജീവിച്ചു, ഇന്നും ജീവിക്കുന്നു. ആ സഞ്ജയന്റെ ഒരു കുറിപ്പാണ് തുടക്കത്തില്‍ വായിച്ചത്.

എം.ആര്‍. നായര്‍ തൂലികാ നാമമായി ‘സഞ്ജയന്‍’ എന്ന പേര് സ്വീകരിക്കാന്‍ കാരണം, കണ്ണില്ലാത്ത, അന്ധനായ മഹാഭാരത ഇതിഹാസത്തിലെ ഹസ്തിനപുരി രാജാവ് ധൃതരാഷ്‌ട്രര്‍ക്ക്, കുരുക്ഷേത്രയുദ്ധകാലത്ത് കണ്ണായി മാറിയ സഞ്ജയന്റെ ദിവ്യദൃഷ്ടിയെ മനസ്സില്‍ കണ്ടായിരിക്കുമെന്നുറപ്പ്. ആര്‍ഷജ്ഞാന ദീപ്തമായ മനസും മനീഷിയുമായിരുന്നു സഞ്ജയന്റേത്. ഭഗവദ്ഗീതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതാധാരതത്ത്വം; എന്നു പറഞ്ഞാല്‍ ”സര്‍വോപനിഷദോ ഗാവോ ദോഗ്ധാ ഗോപാലനന്ദന പാര്‍ത്ഥോ വത്സ…” എന്നാണല്ലോ ഗീതാവിശേഷണം. മുഴുവന്‍ ഉപനിഷത്തുകളുമാകുന്ന പശുക്കളെ കറന്നെടുത്ത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ കൂട്ടുകാരനായ അര്‍ജ്ജുനന് കുടിക്കാന്‍ കൊടുത്ത പാലമൃതമാണല്ലോ ഗീത.

സഞ്ജയനെ വായിച്ചത്ര ആവേശത്തിലും ആഘോഷത്തിലും ഒരു കാലത്ത് അദ്ദേഹത്തോടൊപ്പം എഴുതിയിരുന്നവരെ ബഹുജനം ഗണിച്ചില്ല എന്നതാണ് സത്യം. അതിന് കാരണം സഞ്ജയന്റെ നര്‍മ്മോക്തിയായിരുന്നു. പക്ഷേ, അതിന് ഒരു ദോഷവശം കൂടിയുണ്ടായി. തുഞ്ചത്തെഴുത്തച്ഛനെയൊക്കെ ഗണിക്കുന്ന പട്ടികയില്‍ നിന്ന് വേറിട്ടു നിര്‍ത്തിയാണല്ലോ മലയാളി ഇന്നും മഹാകവിയായിരുന്ന കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് പറയുന്നതും പരാമര്‍ശിക്കുന്നതും. പലര്‍ക്കും കുഞ്ചന്‍ നര്‍മ്മക്കാരനായ തുള്ളല്‍ക്കാരനാണ്. (ചില അതിമിടുക്കന്മാരുണ്ട്, അവര്‍ ചിലപ്പോള്‍ കുഞ്ചന്‍ നമ്പ്യാരായതുകൊണ്ടാണ്, നമ്പൂതിരി അല്ലാത്തതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞുകളയും. കാരണം അപ്പറയുന്നവര്‍ക്ക് ജാതിയുണ്ട്, മതമുണ്ട്. അപ്പോള്‍ യുക്തിയില്ലാതെ പോകും. ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍ നമ്പൂതിരിയല്ലല്ലോ എന്നതും മറന്ന് അവര്‍ ‘സവര്‍ണ ഫാസിസ മഹാധികാരപ്രമത്തത’ക്കെതിരെ പ്രസംഗിക്കും. അതു നില്‍ക്കട്ടെ) സഞ്ജയന്റെ നര്‍മ്മത്തിനപ്പുറം സര്‍വ്വകാലത്തും പ്രസക്തമായ ചില സഞ്ജയ വീക്ഷണത്തെക്കുറിച്ച് ഓര്‍മ്മിച്ചതു പറയാനാണ് തുടങ്ങിയത്.

1980കളുടെ തുടക്കത്തില്‍ എഴുതിയതാണ് ആ കുറിപ്പ്; അതായത് 45 വര്‍ഷം മുമ്പ്. നാലര ദശകം മുമ്പ്, സഞ്ജയന്‍ കമ്യൂണിസ്റ്റുകളെ കണക്കിന് വിമര്‍ശിച്ച് പരിഹസിച്ചിരുന്നു. (ഇവരെക്കുറിച്ച് പറയുമ്പോള്‍ ഭാഷാ ശാസ്ത്രപരമായി ബഹുവചനം പ്രയോഗിക്കണം. നൂറുവര്‍ഷം പിന്നിടുന്നു ”ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി”ക്ക്, അതാണ് സിപിഐ. അതിന്റെ കൂടെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ബ്രാക്കറ്റില്‍ ചേര്‍ത്തും വാക്കുകള്‍ മറിച്ചും തിരിച്ചും മാറ്റിമാറ്റിച്ചേര്‍ത്തും ഉണ്ടാക്കിയ കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ എണ്ണം ‘കാക്കത്തൊള്ളായിര’മാണ്) എന്നിട്ട് അവരെല്ലാം ഞങ്ങള്‍ റഷ്യന്‍ ചോരയില്‍ പിറന്നതാണ്, ചൈനീസ് ജനിതകമാണ് എന്നൊക്കെ അവകാശപ്പെടുന്നുമുണ്ട്. നൂറുവര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കൊന്നിനും ഭാരതം ഭരിക്കാനായിട്ടില്ല, ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ ശേഷിക്കുന്നത് കേരളം മാത്രമാണ്. സഞ്ജയന്‍ ജന്മനാ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു. തത്ത്വത്തിലും പ്രയോഗത്തിലും അത് ഒരിക്കലും നടപ്പാക്കാന്‍ പറ്റാത്ത, ‘വാതം’ബാധിച്ച സിദ്ധാന്ത’വാദ’മാണെന്നായിരുന്നു സഞ്ജയപക്ഷം. അതെല്ലാം കൃത്യമായി യുക്തിപൂര്‍വം അദ്ദേഹം സ്ഥാപിച്ചിട്ടുമുണ്ട്. ഒക്കെയും പരിഹാസപ്രയോഗങ്ങളുടെ പരമാവധിയിലൂടെയായിരുന്നുവെന്നുമാത്രം.

”സഖാവിന്റെ ബ്ലീച്ച്’ എന്നൊരു സുദീര്‍ഘ നാടകരചനയുണ്ട് അദ്ദേഹത്തിന്റേതായി. അതില്‍ ഒരു കഥാപത്രം പറയുന്നതില്‍നിന്ന് ഒരു ഭാഗം: ”സര്‍, എന്നിട്ടോ നമ്മുടെ ദയ തന്നെ നമുക്ക് ആപത്ത്! തൊഴിലാളികളെ സംഘടിപ്പിക്കാനാണെന്ന് പറഞ്ഞ്, ഒരു കൂട്ടം ഇങ്ക്വിലാബുകാര്‍ ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടല്ലൊ. മര്യാദയ്‌ക്ക് ഒരു തൊഴിലെടുത്ത് നാള്‍ കഴിക്കാന്‍ അവരെക്കൊണ്ടാവില്ല. വല്ലവനും എന്തെങ്കിലും ഒരു കച്ചവടമോ തൊഴിലോ ഏര്‍പ്പെടുത്തി, ഒരുവിധം ന്യായമായി കഴിഞ്ഞുകൂടുന്നുവെന്നു കണ്ടാല്‍ ചത്ത പശുവുള്ള ദിക്കില്‍ കഴുക്കളെത്തുന്നതുപോലെ ഇക്കൂട്ടര്‍ അവിടെയെത്തും. റഷ്യയില്‍ അങ്ങനെയാണ്, അമേരിക്കയില്‍ ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് ഈ വിഡ്ഢികളുടെ തല തിരിച്ചുവിടും. ലക്ഷക്കണക്കിന് ആദായമുണ്ടാക്കുന്ന കമ്പനിയൊക്കെയാണ് അവിടെയെല്ലാമുള്ളത്. കാപ്പിയും ഇഡ്ഡലിയും വിറ്റ് നാലുമുക്കാല്‍ കിട്ടുന്ന നമ്മുടെ കച്ചവടത്തിന്റെ നേരെയാണ് അവര്‍ യൂറോപ്പിലേയും അമേരിക്കയിലെയും സമ്പ്രദായമൊക്കെ വലിച്ചുകൊണ്ടുവരുന്നത്.”

അരനൂറ്റാണ്ടുമുമ്പ്, അരനൂറ്റാണ്ടു വളര്‍ന്ന ഒരു പാര്‍ട്ടിയെ, സംഘടനയെക്കുറിച്ച് എഴുതിയത് ആ സംഘടനയ്‌ക്ക് ഒരു നൂറ്റാണ്ടെത്തുമ്പോള്‍ വായിച്ച് വിശകലനം ചെയ്താല്‍ അത്ഭുതപ്പെടും. അതേ ദൂഷ്യങ്ങളുമായി ആ പാര്‍ട്ടി ഇന്നും തുടരുന്നു. അത്ഭുതം തോന്നുന്നത് രണ്ടുകാരണങ്ങളാലാണ്. ഒന്ന്: ഇന്നും ആ പാര്‍ട്ടിയെ ബാധിച്ച രോഗത്തിന് ശമനമില്ല, രണ്ട്; രോഗം ഇത്രകാലം തുടര്‍ന്നിട്ടും പാര്‍ട്ടിരോഗിക്ക് പൂര്‍ണ മരണമായിട്ടില്ല. അനുഭവിക്കുന്നത് നരക യാതനയാണെന്ന് രോഗി അറിയാത്തതോ ഭാവിക്കാത്തതോ! നിരീക്ഷിക്കുന്നവര്‍ക്ക് ഒന്നുറപ്പാകുന്നുണ്ട്, അടിവേരും ചീഞ്ഞ്, വിത്തിനുപോലുമില്ലാതെയായിരിക്കും അന്ത്യമെന്ന്.

കമ്യൂണിസ്റ്റുവാഗ്ദാനം സര്‍വര്‍ക്കും ക്ഷേമം, തുല്യത, സമൃദ്ധി ആയിരുന്നു. നഷ്ടപ്പെടുവാന്‍ കൈവിലങ്ങുമാത്രം. പുതിയ ലോകം കിട്ടാന്‍ പോകുന്നു. സംഘടിച്ച് സകലതും നേടാം, തുല്യമായി പങ്കിടാം എന്നെല്ലാം ശബ്ദം മുഴക്കി. എന്നിട്ടോ, ‘ക്ഷേമം’ എന്ന വാക്കുപോലും മാറ്റി സര്‍വര്‍ക്കും ‘ക്ഷാമ’മാക്കി. തുല്യത കൊണ്ടുവന്നു സകലരും ‘തുല്യ ദുഃഖിത’രായി. സമൃദ്ധിയുണ്ടാക്കി; പാര്‍ട്ടിയംഗങ്ങള്‍ക്ക്, ബന്ധുക്കള്‍ക്ക്, അവരിലും ചിലര്‍ക്ക് മാത്രം.

ഒരു നൂറ്റാണ്ടു മുമ്പ് പറഞ്ഞിരുന്ന അതേ വര്‍ഗ്ഗ സംഘര്‍ഷ മുദ്രാവാക്യമാണിന്നും അണികള്‍ക്ക് ഏറ്റുവിളിക്കാനുള്ളത്. നേതാക്കള്‍ പക്ഷേ വേറെ വഴിയിലാണ്. ജാതിഭേദം, അതിലെ സവര്‍ണവും അവര്‍ണവും, അതിനെ താളമൊപ്പിച്ച് അണികളെക്കൊണ്ട് പാടിക്കും. നേതാക്കള്‍ക്ക് ഒറ്റ വര്‍ണ്ണം മാത്രം- അല്ലല്ല ചുമപ്പല്ല, സൗവര്‍ണ്ണം; എല്ലാ അര്‍ത്ഥത്തിലും സുവര്‍ണകാലമാണവര്‍ക്ക്. പോലീസ്, നിയമം, നീതിന്യായം, പൊതുമര്യാദ എല്ലാം പാര്‍ട്ടിക്ക് ശത്രുസ്ഥാനത്താണ്. ‘ജനാധിപത്യം’ എന്നാല്‍ പാര്‍ട്ടിയുടെ ആധിപത്യമാണെന്ന് പഴയകാല ചെയ്തികളെക്കുറിച്ച് വെളിപ്പെടുത്തി കുമ്പസരിക്കുന്ന നേതാക്കള്‍ വെളിപ്പെടുത്തുന്നു- പാപം തീര്‍ക്കുന്ന പല വഴികളില്‍ ചിലത്. പോസ്റ്റല്‍ ബാലറ്റ് പാര്‍ട്ടി തിരുത്തിയിട്ടുണ്ടെന്ന് അരനൂറ്റാണ്ടു മുമ്പത്തെ സംഭവം വിവരിച്ച് മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തുമ്പോള്‍ ഇവര്‍ ‘അധികാരം തോക്കിന്‍ കുഴലിലൂടെ’ എന്നു പറഞ്ഞ സായുധ വിപ്ലവക്കാരന്‍, കമ്യൂണിസ്റ്റ് ചരിത്രത്തിലെ അതിക്രൂരന്‍ മാവോ സേ തുങ്ങിന്റെ ജനുസ്സാണെന്ന് സമ്മതിക്കുകയാണല്ലോ. നിയമം ലംഘിച്ച്, കറന്റടിപ്പിച്ച് വന്യമൃഗത്തെ കൊന്നവന് വക്കാലത്തുമായി ചെല്ലുന്ന സിപിഎം എംഎല്‍എ വിശ്വമാനവികതയുടെ കമ്യൂണിസ്റ്റ് പാട്ട് പാടിയാണല്ലോ ഫോറസ്റ്റ് സ്റ്റേഷനില്‍ ഭീഷണിപ്പെടുത്തുന്നത്. ഭീഷണിയിലെ വാക്യം ശ്രദ്ധിക്കണം, ”ഇനിയും മാവോയിസ്റ്റുകള്‍ വരും” എന്നാണ്. ആദ്യം ‘നക്‌സലുകളെ’ അയച്ചത് ആരെന്ന് അന്വേഷിക്കാന്‍ കമ്യൂണിസ്റ്റ് ഭരണകൂടം തയാറാകുമോ? ഇല്ല. കാരണം അവസരത്തിനൊത്ത് ആയുധം മാറിമാറിപ്പിടിക്കുന്നത് ഒരേ കമ്യൂണിസ്റ്റുകളാണ്. അത് സ്വന്തം സഖാവിനെ 51 വെട്ടിക്കൊല്ലാനാണെങ്കിലും എതിര്‍പക്ഷത്തെ ഇല്ലായ്മ ചെയ്യാനായാലും അവര്‍ക്ക് കറുത്ത കടുത്ത മനസ്സാണല്ലോ.

തുടര്‍ച്ചയായി ഭരണം കിട്ടാത്തതാണ് കമ്യൂണിസ്റ്റ് ആശയത്തിലെ ആദര്‍ശ കേരള മോഡല്‍ ഇവിടെ നടപ്പാക്കാനാകാത്തത് എന്നായിരുന്നു ചിലരുടെ പതംപറച്ചില്‍. ആ പൊങ്ങച്ചമങ്ങ് മാറിക്കിട്ടി. തുടര്‍ഭരണമായി; രണ്ടിലെ നാല് ആഘോഷിക്കുമ്പോള്‍ സഞ്ജയന്‍ പറഞ്ഞത് സത്യമാവുകയാണ്. പണ്ട് കുറുനരി ഓളിയിട്ടിരുന്നിടത്തെല്ലാം അതേ ഓളി ഒരു വ്യത്യാസവുമില്ലാതെ ഇങ്ക്വിലാബ് മുദ്രാവാക്യമായി മുഴങ്ങുകയാണ് ഓരോയിടത്തും; വിദ്യാഭ്യാസ മേഖലയില്‍, ആഭ്യന്തര സുരക്ഷയില്‍, സാംസ്‌കാരിക ലോകത്ത്, സാമ്പത്തിക രംഗത്ത്, ആരോഗ്യരംഗത്ത്, വ്യവസായത്തില്‍ എന്നുവേണ്ട ‘സര്‍വ്വത്ര’ എന്ന വാക്കില്‍ എല്ലാമൊതുങ്ങും.

ഓരോ സംഭവങ്ങളുടെ പട്ടിക നിരത്തിയാല്‍ നീണ്ടുപോകും. 1991 ല്‍ പുറത്തിറങ്ങിയ ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് സിനിമയായ ‘സന്ദേശം’ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ അതിരൂക്ഷമാണ്. രാഷ്‌ട്രീയ എതിരാളിയെ അവിഹിത ഗര്‍ഭക്കേസില്‍ കുടുക്കുകയും മരണാനന്തരം ‘ശവ’ത്തെ സ്വന്തം പാര്‍ട്ടിയില്‍ ചേര്‍ക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെയും തന്ത്രമാണ്. മൂന്നര ദശകത്തിനു മുമ്പ് ശ്രീനിവാസന്‍ പറഞ്ഞത് നാലര പതിറ്റാണ്ടിനു മുമ്പ് സഞ്ജയന്‍ പറഞ്ഞതിന്റെ തുടര്‍ച്ചയാണ്. രണ്ടുപേരും കേരളത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവെന്ന് ആ പാര്‍ട്ടി അംഗീകരിച്ച ചരിത്രസ്ഥലമായ ‘പാറപ്പുറത്ത്’ ഉള്‍പ്പെട്ട കണ്ണൂര്‍ ജന്മദേശക്കാരായതും സ്വാഭാവികമായിരിക്കാം. ഇനിയും ഈ പാര്‍ട്ടിക്ക് കൊടിപിടിക്കുന്ന, ‘ഓളിയിടുന്ന’ അണികളുടെ വിചിത്ര മനസ്സ് പ്രത്യേകം പഠിക്കേണ്ടതുതന്നെയാണ്.

പിന്‍കുറിപ്പ്: മിസൈല്‍ വീണ് പരിക്കേറ്റ് കിടപ്പാണ്, ഇനി അല്‍പ്പം ചര്‍ച്ചയാകാമെന്ന് ഭാരതത്തോട് പാകിസ്ഥാന്റെ അപേക്ഷ. കിട്ടാനുള്ളത് കിട്ടിയപ്പോള്‍ ഒരു അടക്കം. പക്ഷേ ‘ചോരയും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ എന്ന് പറഞ്ഞുകഴിഞ്ഞാണല്ലോ ഈ ബോധോദയം. കണ്ണില്‍ ചോരയില്ലാത്തവരെന്നു വിളിച്ചാലും വെള്ളം ഇനി സൗജന്യമല്ല എന്നാണ് തന്ത്രവും നയതന്ത്രവും. പാക് അടവ് ഇനി പണ്ടേപ്പോലെ ഫലിച്ചേക്കില്ല.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക