ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു വഴിത്തിരിവാണ്. തങ്ങളുടെ തിരുമുറ്റത്തു തയ്യാറാക്കിയ സാങ്കേതിക സംവിധാനങ്ങള്‍കൊണ്ടു സ്വന്തം ആകാശത്തെ സംരക്ഷിക്കാന്‍ ഭാരതം പ്രാപ്തി കൈവരിച്ചിരിക്കുന്നു. പാകിസ്ഥാന്‍ വര്‍ഷിച്ച നാലുദിവസത്തെ മിസൈല്‍, ഡ്രോണ്‍, വിമാന മഴയെ സമര്‍ഥമായി ചെറുത്ത ഭാരതം, അക്കാര്യം തെളിയിച്ചു. നഗരങ്ങളേയും സൈനികത്താവളങ്ങളേയും ആയുധ സജ്ജീകരണങ്ങളേയും എയര്‍ ബേസുകളേയും സുരക്ഷിതമായി കാത്ത ആ കരുത്തുറ്റ ശൈലിയാണ് ഏറെ ശ്രദ്ധേയം. ആദ്യ ദിവസം പൊടുന്നനെയുള്ള ആക്രമണത്തോടെ ഭാരതത്തെ ഞെട്ടിക്കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. ദീര്‍ഘദൂര മിസൈലുകളും ഫൈറ്റര്‍ ജെറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് 26 ലക്ഷ്യങ്ങളിലാണ് അവര്‍ ആക്രമിക്കാന്‍ തുനിഞ്ഞത്. ജമ്മു-കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ എയര്‍ ഫോഴ്സ് ബേസുകളായിരുന്നു പ്രധാന ലക്ഷ്യം. ഉദ്ദേശ്യം വ്യക്തമായിരുന്നു. അമൃത്സര്‍, ജമ്മു, ദല്‍ഹി എന്നിവിടങ്ങളില്‍ നാശം വിതച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക. നൊടിയിടകൊണ്ട് എല്ലാം പാളി. എല്ലാം മുന്‍കൂട്ടിക്കണ്ടപോലെ ഇന്ത്യന്‍ വ്യോമാക്രമണ-പ്രതിരോധ സംവിധാനങ്ങളുടെ തകര്‍പ്പന്‍ പ്രകടനമാണ് പിന്നെ കണ്ടത്. പറന്നുവന്ന പാകിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും ചിറകറ്റു നിലംപൊത്തി. വിമാനങ്ങള്‍ ചിലതു വീണു. രക്ഷപ്പെട്ടവ പറന്ന് അകന്നു. ആദ്യ തിരിച്ചടി തകര്‍പ്പനായിരുന്നു.
ഭാരതം തദ്ദേശീയമായി നിര്‍മിച്ച, ഭൂമിയില്‍ നിന്ന് ആകാശത്തേയ്‌ക്കു തൊടുക്കുന്ന, ആകാശ് സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ (എസ്എഎം) ആയിരുന്നു ആ ആക്രമണത്തിലെ താരങ്ങള്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും(ഡിആര്‍ഡിഒ) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും(ബിഇഎല്‍) രൂപകല്‍പന ചെയ്തതാണിവ. പത്താന്‍കോട്ടിന് സമീപം അംബാലയിലെ ആകാശ് ആയുധപ്പുരയില്‍ നിന്നു പറന്നു തീ തുപ്പിയ ഈ മിസൈലുകളുടെ പ്രഹരശേഷി, ആദ്യ 48 മണിക്കൂറിനിടെ പാകിസ്ഥാന്റെ തീപ്പക്ഷികളെ ആകാശത്തുവച്ചുതന്നെ ഭസ്മമാക്കി.
റഡാര്‍ ശൃംഖലയും മിസൈല്‍ പ്രതിരോധവും
മിസൈലുകളുടെ കാര്യത്തില്‍ മാത്രമല്ല ഭാരതത്തിന്റെ വിജയം. ഏകോപിത നീക്കങ്ങളിലൂടെ വിലപ്പെട്ട സമയം കളയാതെ ഭീഷണികളെ എത്ര കാര്യക്ഷമമായി കണ്ടെത്തി പ്രതികരിച്ചു എന്നതാണ് പ്രധാനം. ഇന്ത്യന്‍ വ്യോമ പ്രതിരോധ കമാന്‍ഡിന് സഹായമായി ഡിആര്‍ഡിഒ വികസിപ്പിച്ച രോഹിണി റഡാര്‍, അശ്വിനി എഇഎസ്എ റഡാര്‍, സ്വോര്‍ഡ്ഫിഷ് ദീര്‍ഘദൂര നിരീക്ഷണ റഡാര്‍ എന്നിവ കറതീര്‍ന്ന പ്രകടനം കാഴ്ചവെച്ചു.
ഭാരതത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരിപാടിയുടെ ഭാഗമാണ് സ്വോര്‍ഡ്ഫിഷ് റഡാര്‍. ജയ്പൂരിനെ ലക്ഷ്യമാക്കി പാകിസ്ഥാന്‍ അയച്ച മധ്യദൂര മിസൈലിനെ തകര്‍ക്കാന്‍ സഹായകമായത് ഈ റഡാറിന്റെ പ്രവര്‍ത്തനമാണ്. ഭാരതത്തിന്റെ ഫേസ് ഒന്ന് ബിഎംഡി ഇന്റര്‍സെപ്റ്റര്‍ വഴിയാണ് പാകിസ്ഥാന്റെ ഈ നീക്കം വിഫലമാക്കിയത്. ഡിആര്‍ഡിഒ തന്നെയാണ് ഇതും വികസിപ്പിച്ചത്.
സജീവമായ യുദ്ധസാഹചര്യങ്ങളില്‍ മുമ്പ് പരീക്ഷിക്കാത്ത ഈ ഇന്റര്‍സെപ്റ്റര്‍ സംവിധാനം വളരെ ഉയരത്തില്‍ വച്ചു തന്നെ മിസൈലിനെ വിജയകരമായി നശിപ്പിക്കുകയായിരുന്നു. അങ്ങനെ തദ്ദേശീയമായ സംവിധാനം വഴി ആദ്യമായാണ് ഒരു ബാലിസ്റ്റിക് മിസൈലിനെ ഉയരത്തില്‍ വച്ച് പരാജയപ്പെടുത്തുന്നത്.
മരുഭൂമിയുടെ ഉരുക്ക് ബീം
ജയ്‌സാല്‍മീറിനും ഭട്ടിന്‍ഡക്കും സമീപമുള്ള സങ്കീര്‍ണമായ ഇന്ധന, ആയുധ ഡിപ്പോകള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞത് ഒരുപക്ഷേ ഏറ്റവും അപ്രതീക്ഷിതമായ ഒരു വിജയമായിരുന്നു. രാത്രിയുടെ മറവില്‍ ഭാരതത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ഡസന്‍ കണക്കിന് ക്വാഡ്‌കോപ്റ്ററുകളെ ഇവ കണ്ടെത്തി നശിപ്പിച്ചു. ഭാരതത്തിന്റെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ഡ്രോണ്‍ ഡിറ്റക്ട്, ഡിറ്റര്‍, ഡിസ്‌ട്രോയ് (ഡി4 സംവിധാനം) ഇലക്ട്രോ ഓപ്ടിക്കല്‍ സെന്‍സറുകളുടെയും സോഫ്റ്റ് കില്‍ ജാമിങ് സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ച് വളരെ നിര്‍ണായക പങ്കാണ് പ്രതിരോധത്തിനായി നിര്‍വഹിച്ചത്. സ്ഥിരമായും മൊബൈല്‍ സംവിധാനത്തിലും വിന്യസിച്ച ഡി 4 ഭാരതത്തിലേക്ക് വരുന്ന ഡ്രോണുകളെ മാത്രമല്ല അവയുടെ ജിപിഎസ്, വാര്‍ത്താവിനിമയ സംവിധാനങ്ങളെ കൂടി തകര്‍ക്കുകയായിരുന്നു. ഇതോടെ അവയില്‍ പലതും തകര്‍ന്ന് തരിപ്പണമായി. ബിക്കാനീറിന് പുറത്ത് ഒരായുധ ഡിപ്പോയ്‌ക്ക് നേരെ പറക്കുകയായിരുന്ന 5 ഡ്രോണുകളെ ഇന്ദ്രനേത്ര ലേസര്‍ ബേസ്ഡ് കൗണ്ടര്‍ ഡ്രോണ്‍ സംവിധാനം വഴി നിര്‍വീര്യമാക്കാന്‍ കഴിഞ്ഞു. ഊര്‍ജ്ജത്തിന്റെ ഒരു പ്രത്യേക കേന്ദ്രീകൃത വിന്യാസം വഴിയാണ് ഇത് സാധ്യമായത്. ഇതുവരെ പുറത്തുവിടാത്ത നമ്മുടെ ഒരു ശേഷിയാണിത്.
ദീര്‍ഘദൂരവും ദ്രുത പ്രതികരണവും
രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങള്‍ ആകാശ് മിസൈലുകള്‍ കാത്തുസൂക്ഷിച്ചപ്പോള്‍ അറബിക്കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന നേവിയുടെ യുദ്ധക്കപ്പലുകള്‍ ദീര്‍ഘദൂര ഉപരിതല – വായു മിസൈലുകളെ ആശ്രയിച്ച് പാക് ആക്രമണ നീക്കങ്ങളെ ചെറുത്തു. ഭാരതവും ഇസ്രയേല്‍ ഏറോസ്‌പേസ് ഇന്‍ഡസ്ട്രീസും സംയുക്തമായി വികസിപ്പിച്ച ദീര്‍ഘദൂര മിസൈലുകളാണിവ. പൂര്‍ണമായും തദ്ദേശീയമല്ലെങ്കിലും ഭാരതത്തിന്റെ മേക്ക് ഇന്‍ ഇന്ത്യ പരിപാടി അതിന്റെ പോരാട്ടവീര്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ കാര്യം വിസ്മരിക്കാനാവില്ല.
ഓപ്പറേഷന്‍ സിന്ദൂരിനും മുമ്പ് സൈന്യം വളരെ വിശദമായി പരീക്ഷിച്ച സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ താഴ്ന്നു പറക്കുന്ന പാക് വ്യോമാക്രമണ സംവിധാനങ്ങളില്‍ നിന്ന് രാജ്യത്തിന് സുരക്ഷാകവചം തീര്‍ത്തു.
ക്വിക്ക് റിയാക്ഷന്‍ സര്‍ഫസ് ടു എയര്‍ മിസൈല്‍ സംവിധാനം വഴി ഗംഗാനഗര്‍ സെക്ടറിന് മുകളില്‍ എത്തിയ രണ്ട് പാക് ഗ്ലൈഡ് ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ നമുക്ക് സാധിച്ചു.
സംയുക്ത കമാന്‍ഡ് സംവിധാനങ്ങള്‍
കര, നാവിക, വ്യോമസേനകള്‍ തല്‍സമയ ഏകോപിത പ്രവര്‍ത്തനമാണ് സംയോജിത വ്യോമ കമാന്‍ഡ് കണ്‍ട്രോള്‍ സംവിധാനം വഴി സാധ്യമായത്. തദ്ദേശീയമായി ഭാരത് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് വികസിപ്പിച്ചതാണ് ഈ സംവിധാനം. തുടര്‍ച്ചയായുള്ള നിരീക്ഷണം, ഭീഷണികളുടെ മുന്‍ഗണനാക്രമം, സൈന്യത്തിനുള്ള മുന്നറിയിപ്പുകള്‍ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിന് കീഴില്‍ വിജയകരമായി ഉറപ്പുവരുത്തി.
തദ്ദേശീയ പ്രതിരോധ വ്യവസായ രംഗത്ത് ഭാരതത്തിന് അനിഷേധ്യമായ സ്ഥാനം ഉറപ്പിക്കാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വഴിയൊരുക്കി. ബാലിസ്റ്റിക് മിസൈലുകള്‍ മുതല്‍ ഡ്രോണുകളെ നിര്‍വീര്യമാക്കുന്നതുവരെ ഭാരതം വികസിപ്പിച്ച സംവിധാനങ്ങള്‍ മുന്‍നിരയില്‍ നിന്ന് തന്നെ പ്രവര്‍ത്തിച്ചു. തന്ത്രപരമായ സ്വാശ്രയത്വം ഉറപ്പാക്കാനും വിദേശ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും ഇതുവഴി കഴിഞ്ഞു. എല്‍ആര്‍എസ്എഎം പോലുള്ള ചില സംവിധാനങ്ങള്‍ അന്താരാഷ്‌ട്ര സഹകരണത്തില്‍ ഉള്ളവയാണ്. സ്വതന്ത്രമായി പ്രതിരോധ സംവിധാനങ്ങള്‍ രൂപകല്പന ചെയ്ത് വിന്യസിക്കാനും വിവിധ തലങ്ങളിലുള്ള വ്യോമപ്രതിരോധ ശൃംഖലകള്‍ സ്ഥാപിക്കാനുമുള്ള ഭാരതത്തിന്റെ ശേഷിക്ക് അടിവരയിടുന്നതാണ് ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടികളെല്ലാം തന്നെ.
ഭൗമ രാഷ്‌ട്രീയപരമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും ഓപ്പറേഷന്‍ സിന്ദൂരില്‍ ഭാരതം കാഴ്ചവച്ച പ്രകടനങ്ങള്‍ വളരെ ശക്തമായ സന്ദേശമാണ് നല്‍കുന്നത്. ഇത് ശത്രുക്കള്‍ക്ക് മാത്രമല്ല സഖ്യകക്ഷികള്‍ക്കും പ്രതിരോധ പങ്കാളികള്‍ക്കും കൂടിയുള്ള നമ്മുടെ സന്ദേശമാണ്. തദ്ദേശീയമായി നിര്‍മിച്ച ഉപകരണങ്ങള്‍ കൊണ്ട് തന്നെ രാജ്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്ന ഉറച്ച സന്ദേശം ഓപ്പറേഷന്‍ സിന്ദൂര്‍ മറ്റ് സൗഹൃദ രാഷ്‌ട്രങ്ങള്‍ക്കും നല്‍കുന്നു. പരീക്ഷിച്ചു തെളിയിച്ച ഭാരത യുദ്ധ സംവിധാനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് കൈമാറ്റം ചെയ്യാനുള്ള സന്നദ്ധതകൂടിയാണ് ഈ സന്ദേശത്തിന്റെ കാതല്‍.
(ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ വിദഗ്ധനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: