Kerala

ഭാരതത്തെ നിസാരമായി കാണാനാവില്ലെന്ന് ലോകരാഷ്‌ട്രങ്ങള്‍ മനസിലാക്കി: ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

Published by

മാവേലിക്കര: പാക് പ്രകോപനങ്ങളെ സധൈര്യം നേരിട്ട് തക്കതായ മറുപടി നല്കിയ ഭാരതത്തിന്റെ ശക്തിയെക്കുറിച്ച് ഒരു സംശയവും വേണ്ടെന്നും നിസ്സാരമായി രാജ്യത്തെ കാണാനാകില്ലെന്ന് ലോക രാഷ്‌ട്രങ്ങള്‍ മനസിലാക്കിയിരിക്കുന്നെന്നും സിറോ മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതാ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്.

സ്വാഭിമാന്‍ സംരക്ഷണ സമിതി മാവേലിക്കരയില്‍ നടത്തിയ ത്രിവര്‍ണ സ്വാഭിമാന ആഘോഷ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ വിഭജിച്ചു ഭരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ മഹാരാജ്യത്തെ വെട്ടിമുറിച്ചു. പിന്നീടു നാം നിരവധി യുദ്ധങ്ങള്‍ നേരിടേണ്ടി വന്നു.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരമ്മയുടെ മക്കളാണ്. എല്ലാ ഭാരതീയരും അഭിമാനത്തോടെ കൂടിയിരിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

2018ല്‍ കശ്മീരില്‍ പാക് വെടിവയ്പില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ സാം ഏബ്രഹാമിന്റെ അമ്മ സാറാമ്മ ഏബ്രഹാം, യുഹാനോന്‍ പുത്തന്‍വീട്ടില്‍ റമ്പാന്‍ എന്നിവര്‍ ദേശീയ പതാക കൈമാറി ത്രിവര്‍ണ സ്വാഭിമാന യാത്ര ഉദ്ഘാടനം ചെയ്തു. സാം ഏബ്രഹാമിന്റെ ഭാര്യ അനു, മകന്‍ ആല്‍വിന്‍ എന്നിവരും പങ്കെടുത്തു.

മാവേലിക്കര പുന്നമൂട് സാം ഏബ്രഹാമിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ത്രിവര്‍ണ സ്വാഭിമാന യാത്ര സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം സമാപിച്ചു. സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍, വിമുക്ത ഭടന്മാര്‍, സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ എന്നിവര്‍ യാത്രയില്‍ പങ്കെടുത്തു.

സ്വാഭിമാന്‍ സംരക്ഷണ സമിതി കണ്‍വീനര്‍ പ്രവീണ്‍ ഇറവങ്കര, ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര, ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, മേഖലാ പ്രസിഡന്റുമാരായ എന്‍. ഹരി, കെ. സോമന്‍, സെക്രട്ടറി ബി. കൃഷ്ണകുമാര്‍, മുന്‍ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, അഡ്വ. കെ.കെ. അനൂപ്, കൃഷ്ണകുമാര്‍ രാംദാസ്, പി.ബി. അഭിലാഷ്, പാലമുറ്റത്ത് വിജയകുമാര്‍, അഡ്വ. അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക