ന്യൂദല്‍ഹി: ഒരു കാലാളെ ബലികൊടുത്തുകൊണ്ടുള്ള ഓപ്പണിംഗ് ശൈലിയാണ് ബെന്‍കോ ഗാംബിറ്റ്. ചെക്കോസ്ലൊവാക്യന്‍ ചെസ് ചാമ്പ്യനായ കാറെല്‍ ഒപ്പൊസെന്‍സ്കിയാണ് ഈ ഓപ്പണിംഗിന്റെ ശില്‍പി. ഇവിടെ കറുത്ത കരുക്കള്‍ കൊണ്ട് കളിക്കുന്നവര്‍ക്ക് എതിരാളിയെ വീഴ്ത്താനുള്ള സവിശേഷ ഗെയിം ആണിത്.
പ്രജ്ഞാനന്ദയുടെ ബെന്‍കോ ഗാംബിറ്റ് ആസ്വദിക്കാം:
റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നടന്ന സൂപ്പര്‍ബെറ്റ് ചെസ്സിലെ എട്ടാം ഗെയിമില്‍ യുഎസ് ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോയ്‌ക്ക് മേല്‍ നേടിയ വിജയമാണ് പ്രജ്ഞാനന്ദയെ കിരീടത്തിലേക്ക് അടുപ്പിച്ചത്. വെസ്ലി സോയെ പ്രജ്ഞാനന്ദ തകര്‍ത്തെറിഞ്ഞത് ബെന്‍കോ ഗാംബിറ്റ് എന്ന അസാധാരണ ഓപ്പണിംഗ് ഉപയോഗിച്ചാണ്. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ എതിരാളിക്ക് മേല്‍ വിജയം ആഗ്രഹിച്ചുകൊണ്ട് തന്നെയാണ് ഈ സവിശേഷമായ ഓപ്പണിംഗ് ശൈലി ഉപയോഗിച്ചത്.
ഇവിടെ കറുത്ത കരുക്കളാല്‍ കളിക്കുന്നയാള്‍ ബനോനി ഡിഫന്‍സ് എന്ന ശൈലിയിലാണ് കളിക്കുക. ബി5 എന്ന കളത്തിലെ കാലാളിനെയാണ് ബെന്‍കോ ഗാംബിറ്റില്‍ ബലി കൊടുക്കുക. പ്രജ്ഞാനന്ദയുടെ ബി5 കാലാളിനെ വെട്ടിയെടുത്തത് വഴി ബെന്‍കോ ഗാംബിറ്റ് ആക്സപ്റ്റഡ് എന്ന ലൈന്‍ കളിക്കുകയായിരുന്നു പരിചയസമ്പന്നനായ വെസ്ലി സോ. അത് പ്രജ്ഞാനന്ദയ്‌ക്ക് വഴിത്തിരിവായി.
സുദീര്‍ഘമായ കളിയില്‍ അവസാനഘട്ടത്തിലാണ് ഇതിന്റെ ഗുണം കറുത്ത കരുക്കളാല്‍ കളിക്കുന്ന ആള്‍ക്ക് ലഭിക്കുക. കാലാളെ ബലികൊടുക്കുമ്പോള്‍ തന്നെ ചില ഘടനാപരമായ മുന്‍തൂക്കം ഇയാള്‍ക്ക് ലഭിക്കും. ഇതാണ് പ്രജ്ഞാനന്ദയ്‌ക്ക് ഈ ഗെയിമില്‍ ലഭിച്ചത്. മാത്രമല്ല, വെള്ളക്കരുക്കളാല്‍ കളിക്കുന്ന വെസ്ലി സോയുടെ രാജ്ഞിയുടെ ഭാഗത്ത് വന്‍ ആക്രമണം അഴിച്ചുവിടാനും ഈ ബലികൊടുക്കല്‍ പ്രജ്ഞാനന്ദയ്‌ക്ക് വഴിയൊരുക്കി. അതിവൈദഗ്ധ്യമുള്ള ഒരാള്‍ക്ക് മാത്രമേ ഈ കളിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കൂ.
മറ്റ് പല ഗാംബിറ്റുകളേയും പോലെ പെട്ടെന്ന് മെച്ചം കൊയ്യാവുന്ന കളിയല്ല ഇത്. സാവധാനത്തില്‍ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. ബി ഫയലിലെ കാലാളിനെ ബലികൊടുക്കുക വഴി രണ്ട് തേരുകള്‍ക്ക് (റൂക്കുകള്‍) എ, സി ഫയലുകള്‍ തുറന്നുകിട്ടും. ഇതാണ് ഈ കളിയില്‍ പ്രജ്ഞാനന്ദയ്‌ക്ക് അനുഗ്രഹമായത്. ഒപ്പം കറുത്ത കളങ്ങളിലൂടെ നീങ്ങുന്ന ആനയെ (ബിഷപ്പ്) ജി7ല്‍ എത്തിക്കും. എ8, ബി8 എന്ന കളങ്ങളില്‍ ഇരിയ്‌ക്കുന്ന തേരുകളും ജി7ല്‍ ഇരിയ്‌ക്കുന്ന ആനയും ചേര്‍ന്ന് വെള്ളക്കരുക്കളാല്‍ കളിക്കുന്ന ആളുടെ രാജ് ഞിയുടെ വശത്ത് വന്‍ ആക്രമണം അഴിച്ചുവിടും. അതാണ് പ്രജ്ഞാനന്ദയും ഇവിടെ ചെയ്തത്. ഇതിനെ എതിര്‍ത്തുനില്‍ക്കാന്‍ വെസ്ലി സോയ്‌ക്ക് സാധിച്ചില്ല.
രാജ്ഞിയുടെ ഭാഗത്ത് നല്ലൊരു കരുത്തുറ്റ ഘടന രൂപപ്പെടുത്താന്‍ കറുത്ത കരുക്കളുടെ കളിക്കാരന് സാധിക്കും. ഇത് പ്രജ്ഞാനന്ദയ്‌ക്ക് സാധ്യമായി. ബ്ലാക്കിന്റെ അതിശക്തമായ ക്വീന്‍ സൈഡ് പൊസിഷന്‍ പൊളിക്കാന്‍ വെസ്ലി സോയ്‌ക്ക് കഴിഞ്ഞില്ല. ഇതാണ് ബെന്‍കോ ഗാംബിറ്റിന്റെ മറ്റൊരു സവിശേഷത. .
പ്രതികരിക്കാൻ ഇവിടെ എഴുതുക