ആറ്റിങ്ങല്‍ : വിനോദസഞ്ചാര മേഖലയില്‍ അനന്ത സാധ്യതകളുള്ള ജലഗതാഗത പദ്ധതിയായ കഠിനംകുളം കായലോരം ടൂറിസം പദ്ധതി പ്രഖ്യാപനങ്ങളിലൊതുങ്ങി.
കഠിനംകുളം മുതല്‍ വക്കം അകത്തുമുറി വരെയെത്തുന്ന ഉള്‍നാടന്‍ ജലഗതാഗത പദ്ധതി രൂപ കല്പന ചെയ്തതാണ്. ആസൂത്രണത്തിലെ പിഴവും, യാത്രാ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കാണാതിരുന്നതും പദ്ധതി അവതാളത്തിലാക്കുകയായിരുന്നു.
ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളുടെ വിനോദസഞ്ചാര രംഗത്ത് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ജല ഗതാഗത പദ്ധതിയായിരുന്നു ഇത്. വിദേശസഞ്ചാരികളെക്കാള്‍ ആഭ്യന്തരസഞ്ചാരികളെ ലക്ഷ്യമിട്ടു കൊണ്ടാണ് പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയത് . കൊല്ലമ്പുഴയില്‍ ബോട്ട് ജട്ടിയും യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ കെട്ടിടവും ഒരുക്കി. മറ്റിടങ്ങളിലൊന്നും കാര്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതുമില്ല പദ്ധതി നടപ്പായാല്‍ പ്രാദേശികമായി വളരെ വികസന സാധ്യതകളുണ്ട്. കഠിനംകുളം, മുതലപ്പൊഴി, പുളിമൂട്ടില്‍ക്കടവ്, അഞ്ചുതെങ്ങ് കോട്ട, കൊല്ലമ്പുഴ കടവ്, കോയിക്കല്‍ കൊട്ടാരം,പൊന്നും തുരുത്ത്, അകത്തുമുറി പാലം എന്നിവിടങ്ങളില്‍ പ്രാദേശികമായ വികസനം പദ്ധതികള്‍ വരുന്നതു കൂടാതെ അനേകം തൊഴില്‍ സാധ്യതകളും തുറന്നിടുമായിരുന്നു.
കഠിനംകുളം കായലില്‍ നിന്നുള്ള യാത്രാ ബോട്ടുകള്‍ക്ക് അഞ്ചുതെങ്ങ് മീരാന്‍കടവ് പാലം കടന്ന് പോകാന്‍ കഴിയില്ല. പത്തുപേരില്‍ താഴെ യാത്രചെയ്യാന്‍ കഴിയുന്ന ചെറിയ ബോട്ടുകള്‍ക്ക് മാത്രമേ ഈ പാലത്തിനടിയിലൂടെ കടന്നുപോകാന്‍ പറ്റൂ. ഈ പ്രതിസന്ധിയാണ് പദ്ധതി നടപ്പിലാക്കാന്‍ പ്രധാന തടസം . ഇത് മുന്‍കൂട്ടികാണാന്‍ അധികൃതര്‍ക്കായില്ല. എന്നാല്‍ അടുത്തിടെ മീരാന്‍കടവിലെ പഴയപാലം പൊളിച്ചുനീക്കി. പുളിമൂട്ടില്‍കടവ് കേന്ദ്രീകരിച്ച് കഠിനംകുളത്തേക്ക് ചെറിയബോട്ടുകളുടെ സര്‍വീസ് ഇടയ്‌ക്ക് ആരംഭിച്ചെങ്കിലും വൈകാതെ അതും നിലച്ചു. കൊല്ലമ്പുഴ പാലത്തിനു സമീപത്തെ കടവില്‍ താത്കാലിക ബോട്ട് ജെട്ടി നിര്‍മിച്ചിരുന്നു. എന്നാല്‍ ഈ ഭാഗത്തെ ആറ്റില്‍ വീണയാളെ തെരയുന്നതിനിടെ കൂടുതലാളുകള്‍ കയറിയതോടെ ഈ ബോട്ടു വെള്ളത്തിലേക്ക് മറിയുകയും ചെയ്തു.
കഠിനംകുളത്തു നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുതലപ്പൊഴിയുടെ വാമനപുരം നദിയിലേക്കും ,അവിടെനിന്ന് പുളിമൂട്ടില്‍ക്കടവ് വഴി ആറ്റിങ്ങല്‍ കലാപം നടന്ന കൊല്ലമ്പുഴ കടവിലേക്കും , അഞ്ചുതെങ്ങ് കായലിലൂടെ അഞ്ചുതെങ്ങ് കോട്ടയും അകത്തുമുറി പൊന്നുംതുരുത്തെന്ന ദ്വീപും ചുറ്റി അകത്തുമുറിയിലെത്തും. അവിടെനിന്ന് ഇതേറൂട്ടില്‍ തിരിച്ചുമുള്ള യാത്ര പ്രയോജനപ്പെടുത്താവുന്നതാണ് . നിലവിലെ കെഎസ്ആര്‍ടി സി ടൂറിസം പദ്ധതിയുമായി കൈകോര്‍ത്ത് ജില്ലയിലെയും സമീപ ജില്ലകളിലെയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും.അധികൃതര്‍ മനസുവെച്ചാല്‍ കായലോര ടൂറിസം പദ്ധതിക്ക് വന്‍ സാദ്ധ്യതകളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: