പത്തനംതിട്ട: ഉന്നം തെറ്റാതെ ലഹരിക്കെതിരെ ത്രോ ചെയ്തു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സ്റ്റാളിലാണ് ലഹരിക്കെതിരേ ബാസ്‌കറ്റ്‌ബോൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യശ്രമത്തിൽ തന്നെ ഡെപ്യൂട്ടി സ്പീക്കർ വിജയം കണ്ടപ്പോൾ കാണികളും ആവേശത്തിലായി. എക്സൈസ് സ്റ്റാളിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ സ്വന്തം കാരിക്കേച്ചർ വരച്ചു കിട്ടിയപ്പോൾ ഡെപ്യൂട്ടി സ്പീക്കറും ഹാപ്പി. എക്സൈസ് വിമുക്തി സ്റ്റാൾ, മൃഗസംരക്ഷണം, വ്യവസായ വാണിജ്യം, കായിക വകുപ്പുകളുടെ സ്റ്റാളുകളും ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു.
ബാസ്‌കറ്റ് ബോള്‍ നെറ്റിലേക്ക് വീഴുന്ന ഓരോ ബോളും ലഹരിക്കെതിരെയുള്ള പ്രതിരോധ സ്വരങ്ങളായി മാറുകയാണ്. ലഹരിയുടെ വഴികളില്‍ നിന്ന് യുവതയെ തിരിച്ചുവിടാനും കളിക്കളങ്ങളിലേക്ക് അവരെ തിരിച്ചുകൊണ്ടുവരണമെന്ന ആശയത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന എക്സൈസ് വകുപ്പിന്റെ സ്റ്റാളില്‍ ആദ്യ ദിനം തന്നെ തിരക്കാണ്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനായി വിവിധ പരിപാടികളാണ് എക്സൈസ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്.
പ്രായഭേദമന്യ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് ക്വിസ് മത്സരവും ഒരുക്കിയിട്ടുണ്ട്. പരാതി സ്വീകരിക്കുന്നതിന് സീക്രട്ട് ബോക്സും ക്രമീകരിച്ചിട്ടുണ്ട്. ദിനംപ്രതിയുള്ള ചോദ്യോത്തര നറുക്കെടുപ്പില്‍ ജേതാവാകുന്നവര്‍ക്ക് സമ്മാനവുമുണ്ട്. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: