ശ്രീകാര്യം: പരിശീലകന്‍ ഇല്ലാതെ സ്വയം പരിശീലകനായി ലക്ഷ്യം തെറ്റാത്ത ഷൂട്ടിങ്ങില്‍ ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി’
ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ജോലി ചെയ്യുന്ന അമ്മയ്‌ക്കൊപ്പം പാര്‍ക്കില്‍ പോകുമ്പോള്‍ അവിടെ കണ്ട എയര്‍ ഗണ്‍ കയ്യിലെടുത്തു ഉന്നം പിടിച്ചു ഹൃതി വെടിയുതിര്‍ത്തു. ചീറി പാഞ്ഞ പെല്ലെറ്റുകളില്‍ ഒരെണ്ണം പോലും ലക്ഷ്യം തെറ്റിയില്ല. ഇത് കണ്ട വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് ഭാരവാഹികളില്‍ ചിലര്‍ അദ്ഭുദം കൂറി പറഞ്ഞു ഇവനെ ജില്ലാ തല ഷൂട്ടിങ് മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന്. പ്രത്യേകിച്ചൊരു പരിശീലനവുമില്ലാതെ വെള്ളറട വെച്ച് നടന്ന ജില്ലാതല ഷൂട്ടിങ് മത്സരത്തില്‍ ഹൃതിക്ക് സ്വര്‍ണ്ണം നേടി. നേട്ടങ്ങള്‍ ഒന്നൊന്നായി അവന്‍ ഉന്നം തെറ്റാതെ വെടി വെച്ചിട്ടു .
2024 ല്‍നടന്ന സംസ്ഥാന തല മത്സരത്തില്‍ സ്വര്‍ണ്ണവും , ചെന്നൈയില്‍ നടന്ന ദേശീയ തല മത്സരത്തില്‍ വെങ്കലവും 2025ല്‍ സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഈ മിടുക്കന്‍ ഈ മാസം ഗോവയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലുംനേടി. രാജ്യത്ത് നിന്ന് ആകെ 10 പേര്‍ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്‌ട്ര ചാമ്പ്യന്‍ഷിപ്പില്‍ ഹൃതിക്കിന്റെ പേര് ഒന്നാമത്. അന്തര്‍ദേശീയ മത്സരമായപ്പോള്‍ കളി മാറി. അവന്‍ ചിട്ടയായ പരിശീലനം ആരംഭിച്ചു.
കോച്ചും പോലീസ് ഉദ്യോഗസ്ഥനുമായ കൃഷ്ണചന്ദ്രന്റെ ശിക്ഷണത്തില്‍ ജൂണ്‍ 8ന് തായ്‌ലാന്റില്‍ നടക്കുന്ന അന്തര്‍ ദേശീയ മത്സരത്തിന്തയ്യാറെടുക്കുകയാണ് ഹൃതിക്ക്. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഷൂട്ടര്‍മാരെ പിന്നിലാക്കി സ്വര്‍ണ്ണം നേടുകയെന്ന സ്വപ്‌നവുമായി കഠിന പരിശീലനത്തിലാണ് എന്‍ജിനീയറിങ് കോളേജ് ശാസ്താംകോണം ഇഎംഎസ് നഗര്‍ വൃന്ദാവനത്തില്‍ പി എസ് പ്രദീപിന്റെയും ഗായത്രിയുടെയും മകനായ ഈ കൊച്ചു മിടുക്കന്‍. ഹൃതിക്കിന്റെ നിശ്ചയദാര്‍ഢ്യം അവന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായകമാകുമെന്ന് എയര്‍ ഗണ്‍ ആന്റ് റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി തുളസി പറഞ്ഞു.
സിവില്‍ സര്‍വീസ് പരിശീലനകനായ പിതാവ് പ്രദീപിന്റെ ശിക്ഷണത്തില്‍ ഐ പി എസ് നേടണമെന്നതാണ് ഹൃതിക്കിന്റെ അഭിലാഷം അതിന് ഷൂട്ടിംങിലെ മികവ് മുതല്‍ക്കൂട്ടാകുമെന്ന് അവന്‍ ഉറച്ചു വിശ്വസിക്കുന്നു. തായ്‌ലാന്റില്‍ അന്തര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകാനായി തിരക്കിട്ട് ഒരു സ്‌പോണ്‍സറെ തേടുകയാണ്.പൊങ്ങുംമൂട് മേരി നിലയം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഹൃതിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: