ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ സീസണിലെ ബാക്കി മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്നത്തെ മത്സരത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.
പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ ആറ് വേദികളില്‍ മാത്രമേ മത്സരങ്ങളുണ്ടാകൂ. ബെംഗളൂരുവിന് പുറമെ ജയ്പുര്‍, ദല്‍ഹി, ലഖ്‌നൗ, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലായായിരിക്കും ഇനിയുള്ള മത്സരങ്ങള്‍.
കഴിഞ്ഞ എട്ട് മുതലാണ് ഐപിഎല്‍ മത്സരങ്ങല്‍ നിര്‍ത്തിവച്ചത്. ധരംശാലയില്‍ നടന്നുകൊണ്ടിരുന്ന ദല്‍ഹി-കൊല്‍ക്കത്ത മത്സരം പാതിക്കുവച്ച് അവസാനിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ പാക് ഭീകരര്‍ നടത്തിവന്ന വെടിവയ്‌പ്പും ഭാരത സൈന്യത്തിന്റെ തിരിച്ചടിയും രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന നഗരങ്ങളില്‍ തുടരെയുളള ദിവസങ്ങളില്‍ ബ്ലാക്കൗട്ട് പ്രഖ്യാപിക്കേണ്ടിവന്നു. കലുഷിതമായ ഈ സാഹചര്യം കണക്കിലെടുത്താണ് ഐപിഎല്‍ നിര്‍ത്തിവച്ചത്. ഭാരതത്തിന്റെ സുരക്ഷയ്‌ക്ക് വേണ്ടി ധീരമായി പോരാടിയ സൈന്യത്തെ ബിസിസിഐ പ്രശംസിച്ചു. ലീഗ് അങ്ങേയറ്റം സുരക്ഷിതമായി നടത്തുന്നതിന് സൈന്യത്തിന്റെ ഇടപെടല്‍ ഏറെ സഹായിച്ചുവെന്നും ഐപിഎല്‍ സംഘാടകര്‍ കൂടിയായ ബിസിസിഐ പറഞ്ഞു.
ഇന്ന് വീണ്ടും തുടങ്ങുന്ന ഐപിഎലിലെ ഇത്തവണത്തെ ലീഗ് മത്സരങ്ങള്‍ ഈ മാസം 25ന് അവസാനിക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആണ് അവസാന ലീഗ് പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക. മെയ് 29, 30, ജൂണ്‍ ഒന്ന് തീയതികളിലായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍. പുതുക്കിയ ഷെഡ്യൂളില്‍ പ്ലേ ഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും വേദി നിര്‍ണയിച്ചിട്ടില്ല.
പുറത്തായത് മൂന്ന് ടീമുകള്‍
ഐപിഎല്ലില്‍ മിക്ക ടീമുകള്‍ക്കും മൂന്ന് വിതം മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ മാത്രമാണ് പുറത്തായവര്‍. ബാക്കിയുള്ള ഏഴ് ടീമുകള്‍ക്കും പ്ലേഓഫിന് സാധ്യതയുണ്ട്. പട്ടികയിലെ മുന്നിലെത്തുന്ന നാല് ടീമുകളാണ് പ്ലേഓഫില്‍ കടക്കുക.
നിലവില്‍ 16 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് ആണ് മുന്നില്‍. ഇത്ര തന്നെ പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് (റണ്‍നിരക്കില്‍ രണ്ടാമതായി) രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സിന് 15 പോയിന്റുണ്ട്. 14 പോയിന്റോടെ മുംബൈ ഇന്ത്യന്‍സ് ആണ് നിലവില്‍ നാലാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: