ഇസ്ലാമബാദ്: ലോകത്തിന് മുന്നില്‍ വീണ്ടും പരിഹാസ്യരായി പാകിസ്ഥാന്‍. ഇത്തവണ നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് തയാറാക്കിയ ഒരു പത്രവാര്‍ത്ത പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടിയാണ് പാകിസ്ഥാന്‍ വ്യാജ അവകാശവാദം ഉന്നയിച്ചത്.
പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറാണ് പിഎഎഫ് (പാക് വ്യോമസേന) ആകാശത്തിന്റെ രാജാവ് എന്ന് ദ ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയെന്ന രീതിയില്‍ വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയത്. പിന്നാലെ എഐ ഉപയോഗിച്ച് നിര്‍മിച്ച, ദ ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിന്റേതെന്ന പേരില്‍ ഈ വാര്‍ത്തയും ചിത്രവും പാക് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്രിട്ടീഷ് പത്രമായ ദ ഡെയ്‌ലി ടെലഗ്രാഫ് ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്കിയിട്ടില്ലെന്ന് വ്യക്തമായത്. പത്രത്തിലോ അതിന്റെ വെബ്‌സൈറ്റിലോ അധികൃതര്‍ ഇത്തരമൊരു വാര്‍ത്ത നല്കിയിട്ടില്ല.
എഐ ടൂളുകള്‍ ഉപയോഗിച്ച് പത്രത്തിന്റെ വ്യാജ പതിപ്പുണ്ടാക്കിയതയാണ് മന്ത്രി പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടിയതെന്ന് ഇതോടെ സ്ഥിരീകരിച്ചു. കൂടാതെ ലേഔട്ടിലും ഫോണ്ടിലും പൊരുത്തക്കേടുകളും കണ്ടെത്തി. വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് വിമര്‍ശനമുയര്‍ന്നിട്ടും ഇഷാഖ് ദാറോ പാക് വിദേശകാര്യ മന്ത്രാലയമോ ഇതില്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെയും പാകിസ്ഥാന്‍ ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘര്‍ഷ സാഹചര്യത്തില്‍ അറബിക്കടലില്‍ അന്തര്‍വാഹിനികള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഫ്‌ലീറ്റ് യൂണിറ്റുകളുടെ ദ്രുതഗതിയിലുള്ള വിന്യാസം നടത്തിയെന്ന് പാക് നാവിക സേന അവകാശപ്പെട്ടിരുന്നു. മോര്‍ഫ് ചെയ്ത ചിത്രമുപയോഗിച്ചാണ് വാര്‍ത്താസമ്മേളനത്തില്‍ അവകാശമുന്നയിച്ചത്. എന്നാല്‍ ഈ ചിത്രം 2023 മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന- പാകിസ്ഥാന്‍ സംയുക്ത നാവിക അഭ്യാസത്തിനിടെ എടുത്തിട്ടുള്ളതാണെന്ന് കണ്ടെത്തി. കൂടാതെ, ഭാരതത്തിന്റെ യുദ്ധവിമാനം വെടിവച്ചിട്ടതായി പാക് പ്രതിരോധമന്ത്രി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തെളിവ് ചോദിച്ചപ്പോള്‍ അത് സമൂഹമാധ്യമങ്ങളിലുണ്ടെന്നായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: