ദില്ലി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാന്‍ മോദി സര്ക്കാരിന്റെ വിദേശ പര്യടന സംഘത്തെ ശശി തരൂർ എംപി നയിക്കും.
ഓപ്പറേഷന്‍ സിന്ദൂറിനെയും വെടിനിര്‍ത്തലിനെയും തുറന്ന് പിന്തുണച്ച ശശി തരൂരിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഓപ്പറേഷന്‍ സിന്ദൂറിനെ ന്യായീകരിച്ച് വാദമുഖങ്ങള്‍ നിരത്തേണ്ട കേന്ദ്രസംഘത്തിന്റെ ചുമതല മോദി ശശി തരൂര്‍ എംപിയെ ഏല്‍പ്പിച്ചത്. ഇത് സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ജയറാം രമേശിന്റെയും ഉറക്കം കെടുത്തും.
കേന്ദ്ര സർക്കാരിന്റെ ഇത് സംബന്ധിച്ച ക്ഷണം തരൂർ സ്വീകരിച്ചു . യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിന്റെ പര്യടനം നടക്കുക.
പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ഈ സംഘം ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കും. പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ ദൗത്യം. കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടും ശശി തരൂര്‍ യുഎസ്, യുകെ സര്‍ക്കാര്‍ പ്രതിനിധികളുടെ മുന്‍പില്‍ അവതരിപ്പിക്കും. ഈ ദൗത്യസംഘത്തിന്റെ ഭാഗമാകുന്നതോടെ തരൂരിനെതിരെ എന്ത് നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊള്ളുക എന്നറിയില്ല. മെയ് 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്റെ യാത്ര തീരുമാനിച്ചിരിക്കുന്നത്.
യുഎന്നിലെ ജനറല്‍ സെക്രട്ടറിയ്‌ക്ക് തൊട്ടുതാഴെയുള്ള പദവി വര്‍ഷങ്ങളോളം വഹിച്ചിട്ടുള്ള ശശി തരൂരിന്റെ ഇക്കാര്യങ്ങളിലുള്ള അനുഭവപരിചയമാണ് മോദി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.
ശത്രുക്കളിലും കഴിവുകള്‍ കണ്ടെത്താനുള്ള മോദിയുടെ മിടുക്ക്
ശത്രുക്കളിലും കഴിവുകള്‍ കണ്ടെത്താനുള്ള മോദിയുടെ മിടുക്ക് ഒരു അപൂര്‍വ്വ നേതാവില്‍ മാത്രം കണ്ടുവരുന്ന കഴിവാണ്. ഈ കഴിവ് തന്നെയാണ് കോണ്‍ഗ്രസിനെ പൊളിച്ചടുക്കി ബിജെപിയെ വളര്‍ത്തുന്നതിന് വഴിമരുന്നിട്ട്. അങ്ങിനെ ബിജെപി നേതാക്കളായി ഉയര്‍ന്നുവന്നവരാണ് അസമിലെ ഹിമന്ത ബിശ്വശര്‍മ്മയും മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയും. കോണ്‍ഗ്രസിന്റെ വക്താവായിരുന്ന മിടുക്കനായ സംവാദകന്‍ ഷെഹ്സാദ് പൂനവാല ഇന്ന് ടിവി ചര്‍ച്ചകളില്‍ ബിജെപിയുടെ മുഖമാണ്. മുന്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി, ഒരു കാലത്ത് കോണ്‍ഗ്രസ് നേതാവായ ജിതിന്‍ പ്രസാദ ഇന്ന് ബിജെപി കേന്ദ്രമന്ത്രിസഭയില്‍ അംഗമാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്ന്, ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് എന്നീ ഇന്ത്യയുടെ പ്രത്യാക്രമണങ്ങളെ 100 ശതമാനവും പിന്തുണയ്‌ക്കുകയായിരുന്നു ശശി തരൂര്‍. അതുപോലെ വെടിനിര്‍ത്തിയ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. വ്യക്തമായ കാര്യകാരണങ്ങള്‍ നിരത്തിയ ശശി തരൂരിന്റെ വാദം കേട്ടപ്പോള്‍ ബിജെപിക്കാര്‍ പോലും അമ്പരന്നു. ശശി തരൂരിന് എന്തെങ്കിലും ഗൂഢ അജണ്ടയുണ്ടോ എന്ന് കോണ്‍ഗ്രസുകാരെപ്പോലെ ബിജെപിക്കാരും സംശയിച്ചു. പിന്നാലെ ശശി തരൂര്‍ മോദിയുടെ പ്രസംഗങ്ങളെ അങ്ങേയറ്റം വാഴ്‌ത്തുകയും ചെയ്തു. ഇപ്പോഴിതാ വിദേശരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ ഇന്ത്യയ്‌ക്ക് അനുകൂലമായി അവതരിപ്പിക്കാനുള്ള ദൗത്യം ശശി തരൂര്‍ ഏറ്റെടുത്തു എന്നത് ശശി തരൂരിന്റെ വഴിമാറി സഞ്ചരിക്കല്‍ തന്നെയാണ്. പക്ഷെ എത്ര ദൂരം ശശി തരൂര്‍ സഞ്ചരിക്കും എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക