Kerala

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്‍ലിൻ ദാസ് റിമാന്‍ഡിൽ

Published by

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ജെ.വി.ശ്യാമിലിയെ മര്‍ദിച്ച കേസില്‍ സീനിയറായ അഡ്വ.ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു.  ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. അതേസമയം, ബെയ്‌ലിൻ ദാസ് സമർപ്പിച്ച ജാമ്യഹർജി വിശദമായ വാദം കേട്ടശേഷം വിധി പറയാനായി മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി.

വൻ പൊലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. രാവിലെ 11ഓടെയെയാണ് ബെയ‍്ലിൻ ദാസിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലെത്തിച്ചത്. ശംഖുമുഖം അസി.കമ്മീഷണർ കോടതിയിലെത്തിയിരുന്നു.

തടഞ്ഞുവെക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. മര്‍ദനത്തിന് പിന്നാലെ ഒളിവില്‍പോയ ബെയ്‌ലിന്‍ ദാസിനെ കഴിഞ്ഞ ദിവസം പോലീസ് നാടകീയമായിട്ടാണ്‌ പിടികൂടിയത്.

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് ബെയ്‌ലിന്‍ ദാസ് കരണത്തടിച്ചത്. ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. മോപ് സ്റ്റിക് കൊണ്ട് തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു ശ്യാമിലിയുടെ ആരോപണം.

ബെയ്‌ലിന്റെ അറസ്റ്റ് വൈകിയതില്‍ വിമര്‍ശനവുമായി അഭിഭാഷകയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. അഭിഭാഷകനെ രക്ഷിക്കാന്‍ ശ്രമിച്ച ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അഡ്വ. ബെയ്‌ലിന്‍ ദാസ് നഗരസഭാ തെരെഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 2015ലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അരിവാള്‍ചുറ്റിക നക്ഷത്രം അടയാളത്തില്‍ പൂന്തുറ വാര്‍ഡില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതിയുടെ സിപിഎം ബന്ധമാണ് അറസ്റ്റ് വൈകിയതിനു കാരണമെന്നും ആരോപണമുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by