ബെംഗളൂരു: പാകിസ്ഥാന്റെ ജാവലിന്‍ ത്രോ താരം അര്‍ഷാദ് നദീമുമായുള്ളത് ഒരുമിച്ചു മത്സരിച്ചു എന്ന ബന്ധം മാത്രമെന്ന് ഭാരതത്തിന്റെ ഇരട്ട ഒളിംപിക്‌സ് ജേതാവായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ദോഹയില്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നീരജ് നിലപാട് വ്യക്തമാക്കിയത്.
അതിര്‍ത്തി പ്രശ്‌നം കലുഷമായ ദിനങ്ങളിലൂടെ കടന്നുപോയ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ നീരജിനോട് അര്‍ഷാദുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചത്. ആദ്യമേ ഞാന്‍ പറഞ്ഞുകൊള്ളട്ടെ അര്‍ഷാദുമായി അത്ര വലിയ സൗഹൃദം പുലര്‍ത്തുന്നയാളൊന്നുമല്ല ഞാന്‍. പക്ഷെ എന്നോട് ആരെങ്കിലും ബഹുമാനത്തോടെ സംസാരിച്ചാല്‍, തിരിച്ച് ഞാനും അതേപടി പ്രതികരിക്കും. അതിനപ്പുറം വലിയ വ്യാഖ്യാനങ്ങളൊന്നും അതിന് നല്‍കേണ്ടതില്ലെന്ന് നീരജ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ ഭാരതം തിരിച്ചടി നല്‍കുന്നതിന് മുമ്പേ ആയിരുന്നു നീരജ് തന്റെ പേരില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാലവിന്‍ ത്രോയിലേക്ക് നിലവിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ അര്‍ഷാദ് നദീമിനെ ക്ഷണിച്ചത്. ഇതിനെതിരെ നീരജിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. ഈ മാസം 24നാണ് നീരജ് ചോപ്ര ക്ലാസിക് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ യുദ്ധ സമാന സാഹചര്യം ഉടലെടുത്തതോടെ നീട്ടിവയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അധികം വൈകാതെ പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും നീരജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: