തിരുവനന്തപുരം: കെസിഎ പിങ്ക് ട്വന്റി20 ചലഞ്ചേഴ്‌സ് വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പേള്‍സ് ജേതാക്കളായി. ഫൈനലില്‍ എമറാള്‍ഡിനെ പത്ത് റണ്‍സിന് തോല്‍പിച്ചാണ് പേള്‍സിന്റെ കിരീടനേട്ടം.
ആദ്യം ബാറ്റ് ചെയ്ത പേള്‍സ് 20 ഓവറില്‍ 81 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാള്‍ഡിനെ 17.3 ഓവറില്‍ 71 റണ്‍സില്‍ എല്ലാവരെയും പുറത്താക്കി വിജയം കൊയ്തു.പേള്‍സിന് വേണ്ടി 16 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തുകയും ചെയ്ത മൃദുല വി എസ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ബൗളര്‍മാര്‍ കരുത്തുകാട്ടിയ മത്സരത്തില്‍ പേള്‍സ് ബാറ്റിങ് നിര തുടക്കത്തിലേ പരീക്ഷണം നേരിട്ടു. അതിജീവിച്ചു നിയ നസ്‌നീന്‍(17), മൃദുല വിഎസ്(16) എന്നിവരുടെ പ്രകടനം നിര്‍ണായകമായി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ക്യാപ്റ്റന്‍ നജ്‌ല സിഎംസിയും രണ്ട് വിക്കറ്റെടുത്ത അലീന എംപിയുമാണ് എമറാള്‍ഡിന് ഉജ്ജ്വല പ്രകടനം കാഴ്‌ച്ചവച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാള്‍ഡിന് അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ മാളവിക സാബുവിന്റെ വിക്കറ്റ് നഷ്ടമായി. വൈഷ്ണയും നിത്യയും ചേര്‍ന്ന കൂട്ടുകെട്ട് എമറാള്‍ഡിന് പ്രതീക്ഷ നല്‍കി. എമറാള്‍ഡ് ടോട്ടല്‍ 35ല്‍ നില്‍ക്കെ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് തിരിച്ചടിയായി. വൈഷ്ണ 14ഉം നിത്യ 16ഉം ക്യാപ്റ്റന്‍ നജ്‌ല പൂജ്യത്തിനും പുറത്തായി. തുടര്‍ന്നെത്തിയവരില്‍ 15 റണ്‍സെടുത്ത അനുഷ്‌കയ്‌ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.
മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ക്യാപ്റ്റന്‍ ഷാനിയാണ് പേള്‍സ് ബൗളിങ് നിരയില്‍ തിളങ്ങിയത്. മൃദുല, കീര്‍ത്തി ജെയിംസ്, നിയ നസ്‌നീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
221 റണ്‍സും 15 വിക്കറ്റുകളും നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ എമറാള്‍ഡ് ക്യാപ്റ്റന്‍ നജ്‌ല സിഎംസിയാണ് ടൂര്‍ണ്ണമെന്റിന്റെ താരം. സാഫയറിന്റെ ക്യാപ്റ്റന്‍ അക്ഷയ സദാനന്ദന്‍ ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്ററായും റൂബിയുടെ വിനയ സുരേന്ദ്രന്‍ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
പേള്‍സിന്റെ 14 വയസ്സ് മാത്രം പ്രായമുള്ള കൗമാര താരം ആര്യനന്ദ എന്‍ എസ് ആണ് പ്രോമിസിങ് യങ്സ്റ്റര്‍ പുരസ്‌ക്കാരത്തിന് അര്‍ഹയായത്. 172 റണ്‍സും ഒന്‍പത് വിക്കറ്റും നേടിയ മികവാണ് ആര്യനന്ദയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: