കോട്ട : രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയ്‌ക്കും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ നീരജ് കെ. പവനും വധഭീഷണി. ബുധനാഴ്ച ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ജയ്പൂരിലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണിയും ഉയർന്നിട്ടുണ്ട്. ഈ ഭീഷണികളെ തുടർന്ന് സംസ്ഥാനത്ത് ഉന്നതതല സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
‘ദിവിജ് പ്രഭാകർ’ എന്ന ഇമെയിൽ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇമെയിലിൽ മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥനെയും കൊല്ലുമെന്നും കഷണങ്ങളാക്കി കീറുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്റ്റേഡിയത്തിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുമെന്ന് ഇമെയിലിൽ അവകാശപ്പെട്ടു.
നിരവധി പേർക്ക് ഇമെയിൽ ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരു സർക്കാർ വിലാസവും ഒരു സ്വകാര്യ വ്യക്തിയുടേതും ഉൾപ്പെടുന്നുണ്ട്.
ഇമെയിൽ അന്വേഷിച്ചുവരികയാണെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ കുൻവർ രാഷ്‌ട്രദീപ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലും സ്റ്റേഡിയങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: