കോഴിക്കോട്: ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞനായിരുന്നു ഡോ. എം.ജി.എസ്. നാരായണനെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. തപസ്യ കലാ-സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രരചന ശാസ്ത്രപഠനത്തിന്റെ നിഷ്‌കര്‍ഷയോടെ നടത്തിയ ചരിത്രകാരനാണ് എംജിഎസ്. അദ്ദേഹത്തിലെ ലാളിത്യമാണ് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. നൈര്‍മ്മല്യവും കാര്‍ക്കശ്യവും ഒരുമിച്ച് ചേര്‍ന്ന വ്യക്തിത്വം. ആശയപരവും സാമൂഹ്യവുമായ വിമര്‍ശനം നടത്തുമ്പോള്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം വലുപ്പച്ചെറുപ്പമില്ലാതെ വ്യക്തികളോട് ഇടപഴകുമ്പോള്‍ നൈര്‍മ്മല്യവും കാത്തുസൂക്ഷിച്ചുവെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
ആര്‍ക്കും ഏത് ചോദ്യത്തിനും ലളിതമായ ഭാഷയില്‍ ഉത്തരം നല്കാന്‍ കഴിയുന്ന ചരിത്രകാരനായിരുന്നു എം.ജി.എസ് എന്ന് അദ്ദേഹത്തിന്റെ ശിഷ്യനും ചരിത്ര ഗവേഷകനുമായ പ്രൊഫ. പി. നാരായണന്‍ അനുസ്മരിച്ചു. അദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച വന്നേരി ഗ്രന്ഥവരി ആണ് എം.ജി.എസിന്റെ ഏറ്റവും വലിയ സംഭാവന. കേരളത്തില്‍ ഗ്രന്ഥവരികളുടെ വിശകലനത്തിനുള്ള ആദ്യ മാതൃകയായിരുന്നു അത്. ചരിത്രമെന്നാല്‍ വേറും രചനയല്ലെന്നും രേഖകളുടെ പിന്‍ബലം അതിന് വേണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു എന്നും പ്രൊഫ. നാരായണന്‍ പറഞ്ഞു.
ചരിത്രത്തോടൊപ്പവും മനുഷ്യര്‍ക്കൊപ്പവും നടന്ന അനുപമമായ വ്യക്തിത്വമായിരുന്നു എം.ജി.എസ്. നാരായണനെന്ന് സാഹിത്യകാരന്‍ യു.കെ. കുമാരന്‍ പറഞ്ഞു. കള്ളം പറയുന്ന ചരിത്രകാരന്മാര്‍ക്കിടയില്‍ സത്യസന്ധമായ ചരിത്രാന്വേഷണം നടത്തി എന്നതാണ് എം.ജി.എസിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന് സ്വന്തമായ ഒരു ചരിത്രരചനാ സമ്പ്രദായമുണ്ടാകണമെന്ന് എം.ജി.എസ്. വാദിച്ചു എന്ന് അദ്ധ്യക്ഷത വഹിച്ച തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് ചൂണ്ടിക്കാട്ടി. ചരിത്രരംഗത്ത് മാത്രമല്ല, സാമൂഹ്യരാഷ്‌ട്രീയസാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉദാത്തമായ ഉപദേശങ്ങള്‍ അദ്ദേഹം നല്കി എന്നും പ്രൊഫ. ഹരിദാസ് പറഞ്ഞു. പ്രൊഫ. കെ.പി. ശശിധരന്‍, എം. ശ്രീഹര്‍ഷന്‍ എന്നിവരും സംസാരിച്ചു.
തപസ്യ സംസ്ഥാന സമിതി അംഗം കാവാലം ശശികുമാര്‍ സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി ദിനേശ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: