സാഗ്രെബ്(ക്രൊയേഷ്യ): ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂത്ത മകന്‍ പോര്‍ച്ചുഗല്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. അണ്ടര്‍ 15 ടീമിന്റെ ജപ്പാനെതിരായ മത്സരത്തിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍ കുട്ടി ഫോര്‍മാറ്റിലെ തന്റെ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിച്ചത്.
ക്രൊയേഷ്യയില്‍ നടന്ന മത്സരത്തില്‍ ജപ്പാനെ പോര്‍ച്ചുഗല്‍ 4-1ന് തോല്‍പ്പിച്ചു. മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് റൊണാള്‍ഡോ ജൂനിയര്‍ കളത്തിലിറങ്ങിയത്. മത്സരം നേരില്‍ കാണാന്‍ താരത്തിന്റെ മുത്തശ്ശിയും ക്രിസ്റ്റിയാനോയുടെ അമ്മയുമായ ഡോലോറസ് അവെയ്‌റോയും ഉണ്ടായിരുന്നു. ക്രിസ്റ്റിയാനോയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചതിന്റെ പേരില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ വനിതയാണ് ഡോലോറസ് അവെയ്‌റോ.
കൗമാര താരത്തിന്റെ കളികാണാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കമുള്ള വിവിധ യൂറോപ്യന്‍ ക്ലബ്ബ് ടീമുകളുടെ പ്രതനിനിധികളും സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. പ്രകടനം വിലയിരുത്തിയ ശേഷം ടീമിലേക്ക് നോട്ടമിടാന്‍ ക്ലബ്ബ് അധികൃതര്‍ പലപ്പോഴും ഇത്തരം വീക്ഷണങ്ങള്‍ക്കായി എത്താറുണ്ട്.
മകന്റെ അരങ്ങേറ്റത്തില്‍ പ്രതികരണവുമായി ക്രിസ്റ്റ്യാനോയും രംഗത്തെത്തി. പോര്‍ചുഗലിനുവേണ്ടി ആദ്യമായി കളിക്കാനിറങ്ങിയതില്‍ ഞാന്‍ അഭിനന്ദിക്കുന്നു. നിന്നെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു.-ക്രിസ്റ്റ്യാനോ സമൂഹമാധ്യമത്തില്‍ കുറിച്ചു.
റൊണാള്‍ഡോ ക്യാപ്റ്റനായിരിക്കെ പോര്‍ച്ചുഗല്‍ രണ്ട് പ്രധാന കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2016ലെ യൂറോ കിരീടവും 2019ലെ യുവേഫ നേഷന്‍സ് ലീഗ് കിരീടവുമാണത്. നിലവില്‍ സൗദി ക്ലബ്ബ് അല്‍-നാസ്സറിന് വേണ്ടി കളിക്കുന്ന ആദ്ദേഹം ദേശീയ ടീമില്‍ തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: