കാറ്റലോണിയ: ലാലിഗയില്‍ ഇന്ന് കിരീടധാരണം നടന്നേക്കും. രാത്രി ഒന്നിന് എസ്പാന്യോളിന്റെ മൈതാനത്ത് നടക്കുന്ന പോരാട്ടത്തിനായി ഇറങ്ങുന്ന എഫ്‌സി ബാഴ്‌സിലോണ ജയിച്ചാല്‍ ഇത്തവണത്തെ ലാലിഗ ടൈറ്റില്‍ സ്വന്തം പേരിലാക്കാം. താരതമ്യേന ദുര്‍ബലരാണ് എസ്പാന്യോള്‍ എങ്കിലും സ്വന്തം തട്ടകത്തില്‍ അത്ഭുതം കാട്ടില്ലെന്ന് പറയാതിരിക്കാനാവില്ല.
82 പോയിന്റുമായാണ് ബാഴ്‌സ പോയിന്റ് പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്. തൊട്ടടുത്തുള്ള എതിരാളി റയല്‍ മാഡ്രിഡ് ആണ്. ലാലിഗയില്‍ ഓരോ ടീമിനും സീസണില്‍ ആകെയുള്ളത് 38 മത്സരങ്ങളാണ്. അതില്‍ 36-ാം മത്സരങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബാഴ്‌സയെക്കാള്‍ കൃത്യം ഒരു ദിവസം മുമ്പേ റയല്‍ 36-ാം റൗണ്ട് പോരിനിറങ്ങുന്നുണ്ടാവണം(ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക്). സ്വന്തം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ മയോര്‍ക ആണ് അവരുടെ എതിരാളികള്‍. ആ കളിയില്‍ റയല്‍ പരാജയപ്പെടുകയാണെങ്കില്‍ ബാഴ്‌സയ്‌ക്ക് ഇന്നത്തെ മത്സരം ജയിക്കാതെ, സമനില പോലും വഴങ്ങാതെ, തോറ്റുകൊണ്ട് കിരീടം നേടാനാകും. 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 75 പോയിന്റുള്ള റയലിന് 36-ാം മത്സരത്തില്‍ തോറ്റു കഴിഞ്ഞ് ബാക്കി രണ്ട് മത്സരങ്ങളിലും ജയിക്കുകയാണെങ്കില്‍ പരമാവധി നേടാനാകുന്നത് ആറ് പോയിന്റ്. ആകെ പോയിന്റ് 81 ആയിമാറും. അപ്പോഴും ബാഴ്‌സയുടെ ഇപ്പോഴത്തെ 82ന് ഭീഷണിയില്ല. അങ്ങനെ വന്നാല്‍ ബാഴ്‌സ ഇന്ന് രാത്ര മത്സരത്തിനിറങ്ങും മുമ്പേ കിരീട ജേതാക്കളാകും. മറിച്ച് റയല്‍ ജയിച്ചാല്‍ ബാഴ്‌സയ്‌ക്ക് നിര്‍ബന്ധമായും ജയിക്കേണ്ടിവരും. അല്ലെങ്കില്‍ കിരീട ധാരണത്തിന് ഇനിയും കാത്തിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: