ന്യൂദല്‍ഹി: ഭാരതത്തിനു നേരെ നടത്തിയ ആക്രമണങ്ങളില്‍ പാകിസ്ഥാന് വീണ്ടും പിന്തുണ അറിയിച്ച് തുര്‍ക്കി. സംഘര്‍ഷങ്ങളില്‍ പാകിസ്ഥാന് പിന്തുണ നല്കുന്നതായും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. പാകിസ്ഥാനെതിരെ ഭാരതം നടത്തിയ പ്രത്യാക്രമണങ്ങളേയും തുര്‍ക്കി അപലപിച്ചു.
പാക് പിന്തുണച്ചതിന് പിന്നാലെ തുര്‍ക്കിക്കും അസര്‍ബൈജാനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത് അതിനിടെയാണ് എര്‍ദോഗന്‍ പിന്തുണ വീണ്ടും ആവര്‍ത്തിച്ചത്. പാകിസ്ഥാന്‍ തുര്‍ക്കിക്ക് അമൂല്യമായ സഹോദരനാണ്. ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ തുടരണം, പാകിസ്ഥാന് എതിരെ കൂടുതല്‍ ആക്രമണങ്ങള്‍ പാടില്ല. സിന്ധു നദീജല തര്‍ക്കം അടക്കം ചര്‍ച്ച ചെയ്യണമെന്നും എര്‍ദോഗന്‍ ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഭാരതത്തില്‍ പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് തുര്‍ക്കിയുടെ സഹായം ലഭിച്ചതായും ഭാരതം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം ഏറ്റവും ശക്തമായ മെയ് എട്ടന് മാത്രം 300 മുതല്‍ 400 വരെ ഡ്രോണുകള്‍ ഭാരതത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി സ്ഥിരീകരിച്ചിരുന്നു. തുര്‍ക്കി സായുധ സേനയ്‌ക്കായി അസിസ്ഗാര്‍ഡ് എന്ന പ്രതിരോധ കമ്പനി വികസിപ്പിച്ചെടുത്ത സോങ്കര്‍ ഡ്രോണുകളും ഇവയില്‍ ഉള്‍പ്പെടും. തുര്‍ക്കി സായുധ സേന 2020 മുതല്‍ ഉപയോഗിക്കുന്ന സോങ്കര്‍, അവരുടെ ആദ്യ ആംഡ് ഡ്രോണ്‍ സംവിധാനമാണ്.
ഭാരത്തില്‍ ആക്രമണം നടത്തുന്നതിനായി തുര്‍ക്കി 350 ഡ്രോണുകള്‍ വിട്ടു നല്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ ഡ്രോണ്‍ ആക്രമണങ്ങളെ ഏകോപിപ്പിക്കുന്നതിനായി തുര്‍ക്കി ഉപദേശകരെ വിട്ടുനല്കിയെന്നും ഭാരതത്തിന്റെ തിരിച്ചടിയില്‍ രണ്ട് തുര്‍ക്കി സൈനികര്‍ കൊലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: