സംസ്‌കാരസമ്പന്നരായ മനുഷ്യരെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് മഹത്തുക്കള്‍ നേരത്തെ നിര്‍വ്വചിച്ചിട്ടുണ്ട്. അക്ഷരം പഠിച്ച് തുടങ്ങുന്നവര്‍ കലാലയ- സര്‍വ്വകലാശാല തലങ്ങളിലെത്തുമ്പോള്‍ ഈ സംസ്‌ക്കരണ പ്രക്രിയയിലൂടെ കടന്നുപോകണമെന്നാണ് വിവക്ഷ. എന്നാല്‍ നമ്മുടെ സര്‍വ്വകലാശാലകളിലും കലാലയങ്ങളിലും നടക്കുന്നത് സംസ്‌കാര സമ്പന്നരായ മനുഷ്യരെ നിര്‍മ്മിക്കുന്ന സര്‍ഗപ്രക്രിയയാണോ? കേരളത്തിലെ വിവിധ ക്യാമ്പസ്സുകളിലെ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ അങ്ങനെയെല്ലന്ന് തീര്‍ത്ത് പറയേണ്ടിവരും.
വിദ്യാഭ്യാസ നിലവാരം ഉയരുന്നതിനനുസരിച്ച് മനുഷ്യന്‍ കൂടുതല്‍ സംസ്‌കാരസമ്പന്നനാവുകയാണ് വേണ്ടത്. എന്നാല്‍ സര്‍വ്വകലാശാലകളിലും കലാലയക്യാമ്പസ്സുകളിലും അശാന്തിയും അരാജകപ്രവണതകളും വിധ്വംസക പ്രവര്‍ത്തനങ്ങളും പടരുകയാണ്. ദേശവിരുദ്ധമായ ആശയപ്രചാരണവും പരിപാടികളും സംഘടിപ്പിക്കുന്നത് ഏതെങ്കിലും ചില വിദ്യാര്‍ത്ഥികളോ സംഘടനകളോ മാത്രമല്ല. വിവിധ പഠനവകുപ്പുകള്‍ തന്നെ ഔദ്യോഗികമായി അതിന് നേതൃത്വം നല്‍കുന്നു.
ഭാരത-പാക് യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരള സര്‍വ്വകലാശാലയിലെ തമിഴ് വിഭാഗത്തില്‍ പാക് അനുകൂല സെമിനാര്‍ സംഘടിപ്പിക്കാനുള്ള ആസൂത്രണങ്ങള്‍ നടന്നതെന്ന വിവരം ഞെട്ടിക്കുന്നതാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയിലാകട്ടെ കശ്മീരിയത്തും ഹൈപ്പര്‍ മെജോറിറ്റേറിയസനിസവും എന്ന വിഷയത്തില്‍ ഇഎംഎസ് ചെയറാണ് മറ്റൊരു സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. സര്‍വ്വകലാശാലയിലെ വിവിധ ചെയറുകളുടെ ഗവേണിംഗ് ബോഡി ചെയര്‍മാനായ വൈസ് ചാന്‍സ്ലര്‍ പോലുമറിയാതെയാണ് സെമിനാര്‍ ആസൂത്രണം ചെയ്യപ്പെട്ടത്.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിയൂണിനുകളെ ഉപയോഗിച്ചും കാലാലയങ്ങളില്‍ ദേശവിരുദ്ധ ചിന്തകള്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇടതെന്നോ വലതെന്നോ ഭേദമില്ലാതെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിന് നേതൃത്വം നല്‍കുന്നു. കാലിക്കറ്റ്, കേരള, എംജി, സര്‍വ്വകലാശാലകളിലെ കലോത്സവങ്ങള്‍ക്ക് നല്‍കുന്ന പേരുമുതല്‍ ദേശവിരുദ്ധ മനോഭാവം മുഴച്ചു നില്‍ക്കുന്നു. കോഴിക്കോട് സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികളെ തീവ്രവാദിയുടെ കവിത പഠിപ്പിക്കാന്‍ ശ്രമം നടത്തിയിട്ട് ഏറെക്കാലം കഴിഞ്ഞിട്ടില്ല. ഇബ്രാഹിം സുലൈമാന്‍ അല്‍റൂബായിഷ് എന്ന തീവ്രവാദിയുടെ കവിതയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഒട്ടനേകം കാമ്പുള്ള കവിതകള്‍ ഇംഗ്ലീഷില്‍ ഉണ്ടായിരിക്കെ അല്‍റൂബായിഷിന്റെ കവിതയുടെ മഹത്വമെന്തെന്ന് വിശദീകരിക്കാന്‍ അക്കാദമിക പണ്ഡിതര്‍ ഏറെ പണിപ്പെടേണ്ടിവന്നു.
ഉത്തരാധുനികമെന്ന് പേരിട്ട് ഭാഷയെയും സംസ്‌ക്കാരത്തെയും സാംസ്‌കാരിക മേഖലകളേയും സാഹിത്യത്തേയും അപനിര്‍മ്മിക്കുന്ന പുതിയ അധിനിവേശമാണ് ക്യാമ്പസ്സുകളെ അരാജകാവസ്ഥയിലേക്ക് നയിക്കുന്നത്. ഉത്തരാധുനിക തീവ്രചിന്തകളും മതമൗലികവാദ ആശയങ്ങളും സമംചേര്‍ത്ത് കേരളത്തിലെ കലാലയ മനസ്സുകളെ വിഷമയമാക്കുകയാണ്. പൊതു ഇടങ്ങളില്‍ നിന്നെല്ലാം തിരിച്ചടി ഏറ്റുവാങ്ങുന്ന ഈ ചിന്താഗതിക്കാര്‍ പുതിയ മേച്ചില്‍ പുറങ്ങളില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിക്കുകയാണ്. സര്‍വ്വകലാശാലകളുടെ ഭരണതലങ്ങളിലും അക്കാദമിക തലങ്ങളിലും പിടിമുറുക്കുന്ന ഇക്കൂട്ടര്‍ക്ക് പിന്തുണയുമായി ഇടത് ഇസ്ലാമിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകളും ചേരുന്നതോടെ ക്യാമ്പസ്സുകള്‍ അക്രമത്തിന്റെയും ദേശവിരുദ്ധതയുടെയും വിളനിലമാകുന്നു.
സമഗ്രമായ ഭൗതികപുരോഗതിയും മാനവിക മൂല്യങ്ങളും ദേശീയ മനോഭാവവും വളര്‍ന്നുവരുന്നതിന് ഉതകുന്നതാകണം കലാലയ ക്യാമ്പസ്സുകള്‍. ജ്ഞാനദാഹികളും ജ്ഞാനതപസ്വികളും ഉണ്ടാകേണ്ട ക്യാമ്പസ്സുകളില്‍ തീവ്രവാദികളും അരാജകവാദികളും ഉണ്ടായിക്കൂടാ. വിദ്യാഭ്യാസം കൊണ്ടുണ്ടാകേണ്ടത് സാക്ഷരതയും തൊഴില്‍ നേടാനുള്ള വൈദഗ്ധ്യവും മാത്രമല്ല. മറിച്ച് വിദ്യാഭ്യാസം യഥാര്‍ത്ഥ മനുഷ്യനെ സൃഷ്ടിക്കുന്നതാകണം. ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് നാളത്തെ കേരളം കരുപിടിപ്പിക്കാനുതകുന്ന തരത്തില്‍ ഭാവിതലമുറയ്‌ക്ക് വളര്‍ന്നുവരാനുള്ള ഇടമായി ക്യാമ്പസ്സുകള്‍ മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: