ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിക്കുകയും പാകിസ്ഥാനെ പിന്തുണയ്‌ക്കുകയും ഭാരതത്തെ ആക്രമിക്കാന്‍ ആയുധങ്ങള്‍ നല്‍കുകയും ചെയ്ത തുര്‍ക്കിക്കും അസര്‍ബൈജാനും ചുട്ട മറുപടി നല്‍കി ഭാരതീയര്‍. ഇവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാര യാത്രകള്‍ ഭാരതീയര്‍ കൂട്ടത്തോടെ ഉപേക്ഷിക്കുകയാണ്.
ഭാരതീയരായ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായിരുന്നു ഈ രാജ്യങ്ങള്‍. എന്നാല്‍ ഇവര്‍ പാകിസ്ഥാനെ പിന്തുണച്ചതോടെ മിക്കവരും ബുക്കിങ് റദ്ദാക്കിത്തുടങ്ങിയതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. പുതിയ ബിക്കിങ്ങുകളുമില്ല. ഈ സാഹചര്യത്തില്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇവിടങ്ങളിലേക്കുള്ള ബുക്കിങ് നിര്‍ത്തിവച്ചു.
അസൈര്‍ബൈജാന് മാത്രം 3,000 കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നാണ് ഏകദേശ കണക്ക്. തുര്‍ക്കിക്കും ഏറെക്കുറെ അതേ നഷ്ടമാണ് ഉണ്ടാവുക. ഈ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ പോലുള്ള എയര്‍ലൈനുകളും പ്രതിസന്ധിയിലായി.
പകരം ഗ്രീസ്, അര്‍മീനിയ എന്നീ രാജ്യങ്ങളിലേക്കാണ് ഭാരതീയര്‍ ഇപ്പോള്‍ പോകുന്നത്. ഗുജറാത്തില്‍ നിന്നുള്ള 800 പേര്‍ അടങ്ങുന്ന സംഘം ഇന്നലെ തുര്‍ക്കി, അസര്‍ബൈജാന്‍ യാത്രകള്‍ റദ്ദാക്കിയതായി ഒരു ടൂറിസം കമ്പനി അധ്യക്ഷ ജ്യോതി മഹല്‍ പറഞ്ഞു.
കാസ്പിയന്‍ കടലോരത്തുള്ള ഇസ്ലാമിക രാജ്യമായ അസര്‍ബൈജാനാകും ഏറ്റവും കൂടുതല്‍ നഷ്ടം. 2023ല്‍ 1,17,302 ഭാരതീയരാണ് അസര്‍ബൈജാന്‍ സന്ദര്‍ശിച്ചത്. 2024ല്‍ ഇത് 2,43,589 ആയി. 108 ശതമാനം വര്‍ധന. 2014ല്‍ വെറും 4,853 പേര്‍ ഭാരതീയര്‍ മാത്രമാണ് അസര്‍ബൈജാനില്‍ പോയത്. അത്രയും വലിയ കുതിച്ചു ചാട്ടമാണ് ഭാരതീയരുടെ സന്ദര്‍ശനത്തിലുണ്ടായത്. കോടികളാണ് അസര്‍ബൈജാനികളുടെ പോക്കറ്റില്‍ എത്തിയത്. അതാണ് ഇല്ലാതാകുന്നത്. ഒരു ഭാരതീയര്‍ അവിടെ ശരാശരി 1.1 ലക്ഷം രൂപ ചെലവാക്കുന്നു എന്നാണ് കണക്ക്.
പല വിനോദസഞ്ചാര ബുക്കിങ് സ്ഥാപനങ്ങളും ഈ രാജ്യങ്ങളിലേക്കുള്ള ബുക്കിങ് നിര്‍ത്തി. ഇക്‌സിഗോ എന്ന സ്ഥാപനം തുര്‍ക്കി, അസര്‍ബൈജാന്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള വിമാന, ഹോട്ടല്‍ ബുക്കിങ് നിര്‍ത്തി. ഈസി മൈ ട്രിപ്പും ബുക്കിങ് നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: