കൊല്ലം: തിരുവനന്തപുരം: രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പോലീസിൽ പരാതി നല്‍കിയത്. ഭാരതീയ നിയമ സംഹിത (ബിഎൻഎസ്) 152-ാം വകുപ്പ് അനുസരിച്ചാണ് കേസ്.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്‌ഐആര്‍. കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ പഹല്‍ഗാം വിഷയം ഉയര്‍ത്തി ഫെയ്‌സ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കി പാകിസ്ഥാനിൽ സംഘര്‍ഷം സൃഷ്ടിച്ചെന്നുമാണ് അഖില്‍ മാരാരുടെ പ്രതികരണം.
സാധാരണക്കാരായ പാകിസ്ഥാനികളെ കൊല ചെയ്തുവെന്നും മറ്റൊരു കരുത്തരായ രാജ്യത്തിന്റെ അടിമകളായി ആത്മാഭിമാനം ഇല്ലാത്തവരായാണ് നമ്മുടെ ഭരണാധികാരികളും സേനയും നിലകൊള്ളുന്നതെന്നും വീഡിയോയില്‍ പറയുന്നു. ഇതിനെതിരെ ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: