മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കര്‍മാരില്‍ ഒരാളായ വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന് കാരണം ബിസിസിഐയുമായുള്ള അഭിപ്രായ ഭിന്നത മൂലമെന്ന് സൂചന. 45 ദിവസത്തില്‍ കുറവുള്ള പരമ്പരകളില്‍ താരങ്ങള്‍ കുടുംബത്തെ കൂടെക്കൂട്ടാന്‍ പാടില്ലെന്ന ബിസിസിഐ പെരുമാറ്റച്ചട്ടത്തിലുള്ള വിയോജിപ്പാണ് വിരാടിനെ വിരമിക്കലിനു പ്രേരിപ്പിച്ചതത്രേ. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയായിരുന്നു ബിസിസിഐ താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയത്.
ഇതനുസരിച്ച് 45 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പരമ്പരകളില്‍ മാത്രമേ താരങ്ങള്‍ക്ക് പങ്കാളിയെയും മക്കളേയും കൂടെ നിര്‍ത്താന്‍ പറ്റൂ. രണ്ടാഴ്ചയില്‍ കൂടുതല്‍ അവരെ കൂടെ നിര്‍ത്തുന്നതിനും വിലക്കുണ്ടായിരുന്നു.
ഏതെങ്കിലും പരമ്പരകളിലോ ചാമ്പ്യന്‍ഷിപ്പുകളിലോ പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ നിയന്ത്രണങ്ങളില്‍ കോഹ്്‌ലി അന്നു തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിസിസിഐ ഇതില്‍ ഇളവുകള്‍ക്ക് തയ്യാറായില്ല. ഇന്ത്യന്‍ ടീമിനൊപ്പമുള്ള എല്ലാ യാത്രകളിലും കോഹ്ലി ഭാര്യയായ അനുഷ്‌ക ശര്‍മ്മയെ ഒപ്പം കൂട്ടാറുണ്ട്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പര രണ്ടുമാസം നീണ്ടുനില്‍ക്കുന്നതാണ്. എന്നാല്‍, ഇത്തരത്തിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍ ഒരു ടീമിന്റെ കെട്ടുറപ്പിന് ആവശ്യമാണെന്നും അതനുസരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്നും പ്രമുഖര്‍ വിലയിരുത്തുന്നു. അതില്‍ പ്രതിഷേധിച്ചാണ് കോഹ്്‌ലി വിരമിച്ചതെങ്കില്‍ അത് വിമര്‍ശിക്കപ്പെടേണ്ടതും അപക്വവുമായിരുന്നെന്നും ഇക്കൂട്ടര്‍ പറയുന്നു. മറ്റെല്ലാ താത്പര്യങ്ങള്‍ക്കുമപ്പുറം രാജ്യതാത്പര്യമാകണം വലുതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: