ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായെത്തുന്ന കാര്‍ലോ ആഞ്ചലോട്ടിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍. ലോകത്തെ ഏതൊരു പരിശീലകനും മോഹിക്കുന്ന ടീമാണ് ബ്രസീല്‍ എങ്കിലും ഇപ്പോഴുള്ള മഞ്ഞപ്പട ഗതകാലസ്മരണകളുടെ നിഴല്‍ മാത്രമാണ്. 2026 ലെ ലോകകിരീടം ആണ് ലക്ഷ്യമെങ്കിലും അത് നേടുന്നതിനായി വലിയ മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളുമുണ്ടാകണം. മാത്രവുമല്ല, അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനു മുമ്പ് കേവലം 12 മത്സരങ്ങളിലാണ് ബ്രസീല്‍ കളിക്കുന്നത്. അതായത്, ആഞ്ചലോട്ടിക്കു ലഭിക്കുന്നത് 12 മത്സരങ്ങളെന്നു സാരം. അതുതന്നെ വലിയ വെല്ലുവിളിയാണ്. പ്രതിരോധ പ്രശ്നങ്ങള്‍ പരിഹരിക്കുക, മധ്യനിരയെ ശക്തിപ്പെടുത്തുക, പരിക്കുകളോടെ വലയുന്ന നെയ്മറിനെ അമിതമായി ആശ്രയിക്കാത്ത ഒരു ലൈനപ്പ് സൃഷ്ടിക്കുക എന്നിവയായിരിക്കും പ്രാരംഭ വെല്ലുവിളികള്‍. ആദ്യമായാണ് ബ്രസീലിയന്‍ ടീമിന് ആ രാജ്യത്തിനു പുറത്തുനിന്ന് ഒരു പരിശീലകനെത്തുന്നത്്. റയല്‍ മാഡ്രിഡുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ആഞ്ചലോട്ടിയുടെ വരവ്. ആഞ്ചലോട്ടിയുടെ റയല്‍കരാര്‍ പൂര്‍ത്തീകരണത്തിനായി ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും കാത്തിരിക്കുകയായിരുന്നു.
‘ഫലങ്ങള്‍ക്കപ്പുറം സ്വാധീനം ചെലുത്താന്‍ ആഞ്ചലോട്ടിക്ക് കഴിയും; ടീമുകളെ ഇതിഹാസങ്ങളാക്കി മാറ്റുന്ന തന്ത്രജ്ഞനാണ് അദ്ദേഹം. അതുല്യമായ പാരമ്പര്യമുള്ള ബ്രസീല്‍, വിപ്ലവകരമായ കാഴ്ചപ്പാടുള്ള ആഞ്ചലോട്ടി എന്നിവര്‍ ചരിത്രത്തില്‍ ഇടം നേടുന്ന ഒരു പങ്കാളിത്തം സൃഷ്ടിക്കും,’ സിബിഎഫ് പ്രസിഡന്റ് എഡ്‌നാല്‍ഡോ റോഡ്രിഗസ് പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് അദ്ദേഹം, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ ടീമിന്റെ ചുമതല അദ്ദേഹത്തിനായിരിക്കും.- എഡ്‌നാല്‍ഡോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ബ്രസീലിനെ വീക്ഷിക്കുന്നവര്‍ക്ക് റോഡ്രിഗസിന്റെ ശുഭാപ്തിവിശ്വാസം അതുപടി ഉള്‍ക്കൊള്ളാന്‍ പ്രയാസം.
മുഖ്യ എതിരാളികളായ അര്‍ജന്റീനയോട് 4-1 ന് പരാജയപ്പെട്ടതിന് ശേഷം ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു ടീമില്‍ വിശ്വാസം വളര്‍ത്തുക എന്നതാണ് ആഞ്ചലോട്ടിയുടെ ആദ്യ വെല്ലുവിളി. തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ഡോറിവല്‍ ജൂനിയറിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി, മുന്‍ഗാമികളായ റാമോണ്‍ മെനെസസ്, ഫെര്‍ണാണ്ടോ ഡിനിസ് എന്നിവരും വളരെ മോശം ഫലമാണ് ടീമിനു നല്‍കിയത്. നെയ്മറുടെ പരിക്കും മറ്റ് താരങ്ങളുടെ ഫോമില്ലായ്മയുമൊക്കെ ആ ടീമിനെ തളര്‍ത്തി. അതിനിടെ, മുന്‍ ലോകകപ്പില്‍ കളിച്ച നെയ്മര്‍, കാസെമിറോ എന്നിവരുമായി ആഞ്ചലോട്ടി സംഭാഷണങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്: സാന്റോസില്‍ കളിക്കുന്ന നെയ്മര്‍ സുഖംപ്രാപിച്ചുവരികയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ കാസെമിറോയുമായി ആഞ്ചലോട്ടി നല്ല ബന്ധത്തിലാണ്. മുന്‍ റയല്‍ കളിക്കാരന്‍ കൂടിയാണ് കാസെമിറോ. കാസെമിറോയെ ടീമിലെത്തിക്കാനും ആഞ്ചലോട്ടിക്കു പദ്ധതിയുണ്ട്.
ബ്രസീലിന് വേണ്ടി 75 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ള കാസെമിറോ 2023 മുതല്‍ ദേശീയ ടീമിനൊപ്പമില്ല. കാസെമിറോ തിരിച്ചെത്തിയാല്‍ ബ്രസീല്‍ ടീമിന്റെ മധ്യനിര ശക്തമാകുമെന്നാണ് വിലയിരുത്തലുകള്‍. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ കഴിയുന്ന താരമാണ് കാസെമിറോ.
മധ്യനിരയിലെ കുഴപ്പം
ബ്രസീലിന്റെ മിഡ്ഫീല്‍ഡ് വലിയ പ്രശ്‌നത്തിലാണ്. ഇത് ടീമിലെ നിരവധി മുന്‍നിര സ്ട്രൈക്കര്‍മാരെ നിരാശരാക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ സ്ഥാനം ഏറ്റെടുക്കുന്ന ലൂക്കാസ് പക്വെറ്റ, പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ വാതുവെപ്പ് വിപണികളെ സ്വാധീനിക്കാന്‍ മനഃപൂര്‍വ്വം കാര്‍ഡുകള്‍ സ്വീകരിച്ചുവെന്ന ആരോപണങ്ങള്‍ നേരിടുകയാണ്. റയല്‍ മാഡ്രിഡിന്റെ റോഡ്രിഗോ, ഫുള്‍ഹാമിന്റെ ആന്‍ഡ്രിയാസ് പെരേര, ഫ്‌ലമെംഗോയുടെ ഗെര്‍സണ്‍ എന്നിവരുള്‍പ്പെടെ മധ്യനിരയില്‍ പരീക്ഷിച്ച കളിക്കാര്‍ ഇതുവരെ ആരാധകരെ തൃപ്തരാക്കുന്ന പ്രകടനം കാഴ്ചവച്ചിട്ടില്ല. ഉയര്‍ന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന ക്രിയേറ്റീവ് മിഡ്ഫീല്‍ഡിന്റെ അഭാവം സ്ട്രൈക്കര്‍മാരായ വിനീഷ്യസ് ജൂനിയര്‍, റാഫിന്‍ഹ, മാത്യൂസ് കുന്‍ഹ, എന്‍ഡ്രിക് എന്നിവരുടെ സ്‌കോറിംഗ് ശേഷിയെ പരിമിതപ്പെടുത്തി.
ബ്രസീലിന്റെ പ്രതിരോധ മിഡ്ഫീല്‍ഡും ആന്‍സെലോട്ടിക്ക് ഒരു പ്രശ്നമാകുമെന്ന് പ്രതീക്ഷിക്കുന്നു – അതുകൊണ്ടാണ് മാഡ്രിഡില്‍ നിരവധി കിരീടങ്ങള്‍ നേടിയ പരിചയസമ്പന്നനായ കാസെമിറോയെ വിളിക്കുന്നത്. ന്യൂകാസിലിന്റെ ബ്രൂണോ ഗുയിമറേസും ജോയലിന്റണും മികച്ച കളിക്കാര്‍ തന്നെ.
പ്രതിരോധം ഗതികേടില്‍
2016 നും 2022 നും ഇടയില്‍ പരിശീലകനായ ടിറ്റെയുടെ കീഴില്‍ ആറ് വര്‍ഷം കളിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രസീലിന്റെ പ്രതിരോധ പ്രശ്നങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഖത്തര്‍ ലോകകപ്പിനു ശേഷം ബ്രസീല്‍ 25 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളാണ് വഴങ്ങിയത്്. ടിറ്റെയുടെ കീഴില്‍ 81 മത്സരങ്ങളില്‍ നേടിയതിനേക്കാള്‍ കൂടുതലാണിത്. അതുകൊണ്ടുതന്നെ ബ്രസീലിന്റെ പ്രതിരോധം മെച്ചപ്പെടുത്തുക എന്നത് ആഞ്ചലോട്ടിയുടെ പ്രധാന വെല്ലുവിളിയാണ്. വര്‍ഷങ്ങളായി ടീമിന്റെ പ്രതിരോധത്തില്‍ ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് സ്ഥാനങ്ങളില്‍ കഴിവുള്ളവരുടെ അഭാവം അനുഭവപ്പെടുന്നു. 2022 മുതല്‍ പരീക്ഷിച്ച കളിക്കാരില്‍ ആരും തന്നെ എതിരാളികളെ എങ്ങനെ സമര്‍ഥമായി തടയണമെന്ന് അറിയുന്നവരായിരുന്നില്ല. ഇരു ഡിഫന്‍ഡര്‍മാരും വിങ്ങിലൂടെ കയറി ആക്രമിക്കുക എന്ന 2002 ലോകകപ്പില്‍ ലൂയിസ് ഫിലിപ്പെ സ്‌കോളാരി പുറത്തെടുത്ത തന്ത്രം ആവര്‍ത്തിക്കണമെങ്കില്‍ അതിനുതക്ക ഫോമിലുള്ള കളിക്കാര്‍ വേണം. ഇന്നതില്ല. മാര്‍ക്വിഞ്ഞോസും ഗബ്രിയേല്‍ മഗല്‍ഹേസും ഉള്‍പ്പെടുന്ന നിലവിലെ പ്രതിരോധ ജോടി ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. ആഞ്ചലോട്ടിയുടെ മറ്റൊരു പ്രിയപ്പെട്ട ഡിഫന്‍ഡര്‍ എഡര്‍ മിലിറ്റാവോ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: